പരസ്യ ബോര്‍ഡില്‍ തമിഴ്നാട്ടുകാരി തൂങ്ങി മരിച്ച നിലയില്‍
Friday, February 15, 2013 2:05 AM IST
വടകര: ദേശീയപാതയോരത്തെ പരസ്യ ബോര്‍ഡിന്റെ കമ്പിയില്‍ തമിഴ്നാട്ടുകാരി തൂങ്ങി മരിച്ച നിലയില്‍. സേലം സ്വദേശി മണിയമ്മയെയാണ് (38) പെരുവാട്ടുംതാഴ ബൈപ്പാസ് ജംഗ്ഷനു സമീപത്തെ കൂറ്റന്‍ പരസ്യബോര്‍ഡിനു പിന്നിലെ ഫ്രെയിമില്‍ തുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കാണുന്നത്. മലപ്പുറം സ്വദേശി ഹംസയോടൊപ്പം ആക്രിസാധനങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു പോരുന്ന മണിയമ്മ തൂങ്ങിമരിച്ചെന്നു ഹംസയാണ് ജംഗ്ഷനു സമീപത്തെ കടയില്‍ ചെന്നു പറയുന്നത്. ഇരുവരും പല ദിവസങ്ങളിലും മദ്യപിച്ചു പരസ്പരം തല്ലുകൂടാറുണ്െടന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച സന്ധ്യക്കും ബഹളം വെച്ചിരുന്നു. ഇതിനു ശേഷമാണ് മണിയമ്മയുടെ മൃതദേഹം കാണുന്നത്.

രണ്ടാള്‍ ഉയരത്തിലുള്ള ഇരുമ്പു കമ്പിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. കാലുകള്‍ മറ്റൊരു കമ്പിയില്‍ തങ്ങിയ നിലയിലുമാണ്. സംഭവ സ്ഥലത്ത് നിന്നു ഹംസയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ സാന്നിധ്യത്തില്‍ തന്നെ പോലീസ് മൃതദേഹം താഴെയിറക്കി ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവമറിഞ്ഞു ധാരാളമാളുകള്‍ തടിച്ചുകൂടി.