ആടുജീവിതത്തിന് അവാർഡ് കിട്ടാത്തത് വിഎഫ്ക്സ് കാരണമെന്ന് സുദീപ്തോ സെൻ; മറുപടിയുമായി ഇൻഫ്ലുവൻസർ
Tuesday, October 21, 2025 9:56 AM IST
ആടുജീവിതത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടാണ് ദേശീയ അവാർഡ് ലഭിക്കാതെ പോയത് എന്ന സംവിധായകൻ സുദീപ്തോ സെന്നിന്റെ കമന്റിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ലോക സിനിമയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട പല സിനിമകളും വിഎഫ്എക്സ് കാരണമാണ് എന്ന് ഇൻഫ്ലുവൻസർ കാൾ ലാഫ്രെനെയ്സ് ചൂണ്ടിക്കാട്ടി.
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തെ മറികടന്നാണ് സുദീപ്തോ സെന്നിന്റെ ‘ദ് കേരള സ്റ്റോറി’ക്ക് മികച്ച ചിത്രത്തിനും ഛായാഗ്രഹണത്തിനും അവാർഡ് നൽകിയത് എന്ന് രാജ്യവ്യാപകമായി വിമർശനം ഉണ്ട്.
ഇൻസ്റ്റഗ്രാമിലായിരുന്നു സുദീപ്തോ സെന്നിന്റെ കമന്റ്. മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ചോദ്യം ചെയ്ത ഒരു ഉപയോക്താവിനാണ് സുദീപ്തോ സെൻ മറുപടി നൽകിയത്. ‘‘ഛായാഗ്രഹണത്തിന് അവാർഡ് നൽകുന്നത് എന്തു മാനദണ്ഡത്തിലാണ് എന്ന് നിങ്ങൾക്കറിയാമോ? ആടുജീവിതം എനിക്കും ഇഷ്ടപ്പെട്ട സിനിമയാണ്. പക്ഷേ അതിന്റെ ദൃശ്യങ്ങൾ വിഎഫ്എക്സ് ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. ഓൺലൈനിൽ വാദിക്കുന്നതിനുപകരം ജൂറികൾ പറയുന്നത് കേൾക്കൂ.
സാർ, ഇൻസ്റ്റാഗ്രാം നിങ്ങൾക്ക് എന്തും എഴുതാനുള്ള അവസരം നൽകുന്നുണ്ടെങ്കിലും, അത് നിങ്ങൾക്ക് എന്തും എഴുതാനുള്ള അവകാശം നൽകുന്നില്ല. അല്പം മാത്രമുള്ള അറിവ് അപകടമാണെന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. നിങ്ങൾ കേരളത്തിൽ നിന്നുള്ളയാളാണ്. കേരളക്കാരിൽ നിന്ന് കൂടുതൽ വിവേകപൂർണമായ സമീപനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’
ഈ കമന്റിനാണ് ഇൻഫ്ലുവൻസർ കാൾ ലാഫ്രെനെയ്സ് മറുപടി നൽകിയത്. ‘‘അതുകൊണ്ടാണ് ‘ബ്ലേഡ് റണ്ണർ 2049’ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടിയത്. അതുകൊണ്ടാണ് ‘ലൈഫ് ഓഫ് പൈ’, ‘ഗ്രാവിറ്റി’, ‘ഡ്യൂൺ’ എന്നീ സിനിമകൾ ഇതേ അവാർഡ് നേടിയത്. വിഎഫ്എക്സ് ഒരു അയോഗ്യതാ ഘടകമാണെങ്കിൽ ലോക സിനിമയിലെ ഏറ്റവും വലിയ ദൃശ്യ നേട്ടങ്ങളിൽ പകുതിയും നമ്മുടെ സംഭാഷണത്തിൽ പോലും ഉണ്ടാകില്ലായിരുന്നു.
പിന്നെ ഇൻസ്റ്റഗ്രാമിൽ എന്തും എഴുതുന്നവർക്ക് താങ്കൾ ക്ലാസ് എടുക്കുന്നതു കണ്ടു. അത് ശരിയാണ്, ഇൻസ്റ്റഗ്രാം അങ്ങനൊരു സൗകര്യം നൽകുന്നുണ്ട്. അതിനെ ആവിഷ്കാര സ്വാതന്ത്ര്യം എന്നാണ് വിളിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.
സിനിമയോടുള്ള സ്നേഹംകൊണ്ടു പറയുകയാണ് നിങ്ങളുടെ സിനിമ ദ് കേരള സ്റ്റോറിയുമായി ആടുജീവിതത്തെ താരതമ്യം ചെയ്യരുത്''. കാൾ ലാഫ്രെനെയ്സിന്റെ മറുപടി.