പാവപ്പെട്ടവരും ക്രിക്കറ്റ് പ്രേമികളുമായ യുവാക്കളെ അവഹേളിക്കുകയും, ഒപ്പം യുവാക്കൾക്കുവേണ്ടി എന്തോ ചെയ്തെന്ന് അവകാശപ്പെടുന്ന സ്വന്തമാളുകളുടെ ശന്പളം ഇരട്ടിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് ഇതൊന്നും ചിന്താവിഷയമാകുന്നുമില്ല.
പാവപ്പെട്ടവരെ കണ്ടാൽ ഹാലിളകുന്ന മന്ത്രിയുടെ ഏറ്റവും പുതിയ മഹദ്വചനമാണ് “പട്ടിണി കിടക്കുന്നവർ കളി കാണണ്ട’’എന്ന പ്രസ്താവന. തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ടിക്കറ്റിന്റെ വിനോദനികുതി കൂട്ടിയ സംഭവത്തെ ന്യായീകരിക്കവെയാണ്, പട്ടിണി കിടക്കുന്നവർ കളി കാണേണ്ടെന്ന് കഴിഞ്ഞദിവസം കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉപദേശിച്ചത്. വിഴിഞ്ഞത്തു സമരം നടത്തിയ പട്ടിണിപ്പാവങ്ങളെയും അവരുടെ നേതാക്കളെയും ചവിട്ടിക്കൂട്ടാൻ മുന്നിലുണ്ടായിരുന്ന മന്ത്രിയോടു നന്ദികേടു കാണിക്കാൻ പാർട്ടിക്കോ സർക്കാരിനോ സാധിക്കില്ലല്ലോ. അതുകൊണ്ടാവാം മന്ത്രിക്കൊപ്പം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ന്യായീകരണവുമായി രംഗത്തെത്തിയത്. പറഞ്ഞതു കമ്യൂണിസ്റ്റുകളായതുകൊണ്ട് പട്ടിണിപ്പാവങ്ങൾക്കു വേവലാതി വേണ്ട!
കഴിഞ്ഞ വർഷം അഞ്ചു ശതമാനമായിരുന്ന വിനോദനികുതിയാണ് ഇത്തവണ 12 ശതമാനമാക്കിയത്. ജിഎസ്ടി കൂടാതെയാണിത്. ജിഎസ്ടികൂടി ചേരുന്പോൾ നികുതി മാത്രം 30 ശതമാനമാകും. ഇതോടെ ആയിരം രൂപ വിലയുള്ള ടിക്കറ്റിന് 120 രൂപ നികുതിയായി നൽകേണ്ടിവരും. രണ്ടായിരം രൂപയുടെ ടിക്കറ്റിന് 260 രൂപയാണ് അധികമായി നൽകേണ്ടിവരിക. സെപ്റ്റംബറിൽ നടന്ന ട്വന്റി20 മത്സരത്തിൽ 1,500 രൂപയും 2,750 രൂപയുമായിരുന്ന ടിക്കറ്റ് നിരക്ക് ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷൻ 1000, 2000 എന്നിങ്ങനെ കുറച്ചിരുന്നു. എന്നാൽ സർക്കാരാകട്ടെ വിനോദനികുതി കൂട്ടി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറയുന്നതിനനുസരിച്ചു നികുതി കൂട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിനെ പാവങ്ങളുടെ പേരിൽ ആണയിട്ടു വിമർശിക്കുന്നവർക്ക് ഇതിനൊന്നും ഒരുളുപ്പുമില്ല. ഈ നിരക്കുവർധന സാധാരണക്കാർക്ക് ടിക്കറ്റെടുത്തു കളി കാണാൻ ബുദ്ധിമുട്ടാകില്ലേയെന്ന വിമർശനത്തിനാണ് മന്ത്രിയുടെ അഹന്തനിറഞ്ഞ പ്രതികരണം.
“സർക്കാരിന് ലഭിക്കേണ്ട പണം ലഭിക്കണം. കൈയിൽ പണമില്ലാത്തവർ ക്രിക്കറ്റ് കളി കാണേണ്ടെന്നു വച്ചാൽ മതി. വിനോദനികുതി കുറയ്ക്കില്ല. കഴിഞ്ഞ മത്സരത്തിൽ നികുതിയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ ടിക്കറ്റുനിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടുപോയി. ജീവിതത്തിൽ ഇതുവരെ ടിക്കറ്റ് എടുത്ത് കളി കാണാത്തവരാണ് ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നികുതിപ്പണം കായികമേഖലയിൽ തന്നെ സർക്കാർ പ്രയോജനപ്പെടുത്തും.’’ അവഹേളനം വിവാദമായതോടെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് പിന്നീട് മന്ത്രി പറഞ്ഞത്. ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഉയർന്ന നിരക്ക് സാധാരണക്കാർക്കു താങ്ങാനാവുന്നതല്ലെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം നിന്ന നിൽപ്പിൽ സാധാരണക്കാരുടെ വക്താവാകുകയും ചെയ്തു.
നികുതി വർധിപ്പിക്കുന്നതു സാധാരണക്കാർക്കും ദരിദ്രർക്കുമൊന്നും ഇവിടെ പുത്തരിയല്ല. ക്രിക്കറ്റ് ടിക്കറ്റിന്റെ നികുതി വർധന അതിലൊന്നു മാത്രമാണ്. നികുതിനിരക്കു വർധനയുടെകൂടെ പാവപ്പെട്ടവന്റെ മുഖത്തു നിങ്ങളൊന്നു പ്രഹരിച്ചില്ലേ, ഒരു ബൂർഷ്വാസി മോഡൽ പുച്ഛത്തോടെ. അതു മോശമായിപ്പോയെന്നേ പറഞ്ഞുള്ളൂ. ഇതുതന്നെയായിരുന്നു നിങ്ങൾ വിഴിഞ്ഞത്തും പ്രകടിപ്പിച്ചത്. അവിടെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളോടു നിങ്ങൾ പ്രകടിപ്പിച്ച പുച്ഛം മറക്കാറായിട്ടില്ല. വിഴിഞ്ഞം പുനരധിവാസ പദ്ധതി സമയത്തു നടപ്പാക്കാത്തതിനാൽ പെരുവഴിയിലായ മനുഷ്യരാണ് അവിടെ സമരത്തിനിറങ്ങിയത്. പക്ഷേ, വികസനപ്രവർത്തനങ്ങൾ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്നാണ് വിഴിഞ്ഞം സീ പോർട്ട് കന്പനിയുടെ പരിപാടിയിൽ മന്ത്രി പ്രസംഗിച്ചത്. രാജ്യം ഇത് അനുവദിക്കില്ലെന്നു പറഞ്ഞ് തന്ത്രപരമായി സമരക്കാർക്കെതിരേ ധ്രുവീകരണം നടത്താനും മടിച്ചില്ല. തങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച മന്ത്രിക്കെതിരേ അതേ ശൈലിയിൽ പ്രതികരിക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്കു തെറ്റുപറ്റിയതെന്നും ക്ഷമിക്കണമെന്നും സമരക്കാരുടെ നേതാവ് പറഞ്ഞെങ്കിലും മന്ത്രി വഴങ്ങിയില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടോളാനായിരുന്നു മറുപടി. പ്രകോപനമുണ്ടാക്കി പ്രതികരിപ്പിച്ചു മന്ത്രി കാര്യം കണ്ടു. അതേസമയം, അഹന്തയും ധാർഷ്ട്യവും കൂട്ടിക്കലർത്തി ഇപ്പോൾ നടത്തിയിരിക്കുന്ന പരാമർശത്തിൽ മാപ്പു പറയാനുള്ള മര്യാദപോലും മന്ത്രി കാണിച്ചിട്ടുമില്ല. പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണയുള്ളവർക്ക് അതിന്റെ ആവശ്യമില്ലല്ലോ. കൈയിൽ പണമില്ലാത്ത പാവങ്ങൾക്കാണെങ്കിൽ ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയത്തുമില്ല.
രാജ്യസ്നേഹവും രാജ്യദ്രോഹവും ഏറ്റവും കൂടുതൽ ദുരുപയോഗിക്കപ്പെടുന്ന കാലമാണിത്. ഇതേ വാക്കുകൾ ഉപയോഗിച്ച് ഇരകളാകാനും തരം കിട്ടിയാൽ വേട്ടക്കാരനാകാനുമുള്ള ഈ രാഷ്ട്രീയ മെയ്വഴക്കം മന്ത്രിക്കു ഭൂഷണമായിരിക്കാം. പക്ഷേ, മന്ത്രിയെയും മന്ത്രിയെ ന്യായീകരിക്കുന്നവരെയും അപ്പടി വിഴുങ്ങാൻ മലയാളികളത്രയും നിങ്ങളുടെ ആരാധകരൊന്നുമല്ല. പാവപ്പെട്ടവരും ക്രിക്കറ്റ് പ്രേമികളുമായ യുവാക്കളെ അവഹേളിക്കുകയും, ഒപ്പം യുവാക്കൾക്കുവേണ്ടി എന്തോ ചെയ്തെന്ന് അവകാശപ്പെടുന്ന സ്വന്തമാളുകളുടെ ശന്പളം ഇരട്ടിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് ഇതൊന്നും ചിന്താവിഷയമാകുന്നുമില്ല. കൈയിൽ കാശില്ലാത്തവർ ചിന്തിക്കട്ടെ.