കൊച്ചിക്കു ദാഹിക്കുന്നു നടപടിയുണ്ടാകണം
എറണാകുളം ജില്ലയാകെ കുടിവെള്ള ക്ഷാമമുണ്ടെങ്കിലും പശ്ചിമകൊച്ചിയിലും വൈപ്പിനിലുമുൾപ്പെടെ പലയിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റോ റോ സർവീസും മുസിരിസ് ബിനാലെയും ഉപരോധിക്കാനാണ് ഫോർട്ട് കൊച്ചിയിലെ ജനങ്ങൾ ഒരുങ്ങുന്നത്. സ്ഥിതി ഗുരുതരമാകുകയാണ്.
വേനൽ അതിന്റെ തനിച്ചൂട് കാണിച്ചുതുടങ്ങിയിട്ടുണ്ട്. പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലായതോടെ ജനജീവിതം ദുഃസഹമായി. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാനിർദേശം വരെ പുറപ്പെടുവിച്ചുകഴിഞ്ഞു. ഈ സമയത്ത് കുടിവെള്ളംകൂടി കിട്ടാതായാൽ എന്താവും സ്ഥിതി? സംസ്ഥാനത്തു പലയിടത്തും ജലക്ഷാമം ഉണ്ടെങ്കിലും കൊച്ചിയിലെ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പെരിയാറും മൂവാറ്റുപുഴയാറും ഉൾപ്പെടെ ജലസ്രോതസുകൾ ധാരാളമുണ്ടെങ്കിലും വെള്ളം ശുദ്ധീകരിക്കാതെ കുടിക്കാനാവില്ലല്ലോ. ശുദ്ധജലം കൊടുക്കേണ്ട വാട്ടർ അഥോറിറ്റിയുടെ ജലവിതരണം താറുമാറായതോടെ കൊച്ചിയുടെ തൊണ്ട വരളുന്നു.
എറണാകുളം ജില്ലയാകെ കുടിവെള്ള ക്ഷാമമുണ്ടെങ്കിലും പശ്ചിമകൊച്ചിയിലും വൈപ്പിനിലുമുൾപ്പെടെ പലയിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമകൊച്ചിയിൽ ദുരന്തനിവാരണ നിയമപ്രകാരം സ്വകാര്യ ടാങ്കർ ലോറികൾ പിടിച്ചെടുത്ത് വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്താൻ ജില്ലാ ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റോ റോ സർവീസും മുസിരിസ് ബിനാലെയും ഉപരോധിക്കാനാണ് ഫോർട്ട് കൊച്ചിയിലെ ജനങ്ങൾ ഒരുങ്ങുന്നത്. സ്ഥിതി ഗുരുതരമാകുകയാണ്.
കൊച്ചിയുടെ തെക്കുപടിഞ്ഞാറ് മേഖലകളിൽ കുടിവെള്ള വിതരണത്തിനുള്ള മരട് ജല ശുദ്ധീകരണ ശാലയിലേക്കു വെള്ളം ഒഴുക്കിവിടുന്ന മൂന്നു പന്പുസെറ്റുകളിൽ രണ്ടെണ്ണം തകരാറിലായതോടെ തീരമേഖലയാകെ ദുരിതത്തിലായി. പൈപ്പു വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഈ പ്രദേശങ്ങളിൽ ഏറെയും. ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായി നടക്കുന്നില്ല. ഇതിനിടെ ഭരണകക്ഷി രാഷ്ട്രീയ സ്വാധീനമുള്ള മേഖലകളിലാണ് ടാങ്കറുകൾ കൂടുതലും എത്തുന്നതെന്ന ആരോപണവുമുയർന്നു. പശ്ചിമകൊച്ചി, കുന്പളം, കുന്പളങ്ങി പഞ്ചായത്തുകൾ, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റി മേഖലകൾ, കൊച്ചി കോർപറേഷൻ പരിധിയിലെ വൈറ്റില, തമ്മനം, കടവന്ത്ര, പനമ്പള്ളി നഗർ, തേവര, വ്യവസായ മേഖലയായ കളമശേരി, ഏലൂർ, വൈപ്പിൻ ദ്വീപ് എന്നിവിടങ്ങളിലൊക്കെ ജലക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ചെല്ലാനം മുതൽ ഫോർട്ട് കൊച്ചിവരെ ഒരു ഡസനിലധികം ജലസംഭരണികൾ ഉണ്ടെങ്കിലും പലതും ഉപയോഗശൂന്യമായി. മട്ടാഞ്ചേരിയിൽ ഒരു കോടിയിലധികം മുടക്കി പണിതതും നോക്കുകുത്തിയായി.
ജില്ലയിലെ ഏറ്റവും വലിയ ജലശുദ്ധീകരണശാല ആലുവയിലാണ്. ഇവിടെ തടസമുണ്ടായാൽ കൊച്ചി കോർപറേഷനിലും നാലു നഗരസഭകളിലും ഒന്പതു പഞ്ചായത്തുകളിലും കുടിവെള്ളം മുട്ടും. ആലുവ, ചൊവ്വര പന്പ് ഹൗസുകളിൽനിന്നുള്ള വെള്ളമാണ് വൈപ്പിൻകരയിലെത്തുന്നത്. മൂന്നു ലക്ഷത്തിലേറെ ആളുകളുണ്ട് ഇവിടെ. പൈപ്പ് ലൈൻ വഴി വെള്ളം വൈപ്പിനിലെത്തിച്ച് അവിടെ ശുദ്ധീകരിച്ച് അവിടെത്തന്നെ വിതരണം ചെയ്യുന്ന പദ്ധതിയെക്കുറിച്ച് വേനൽക്കാലത്തും തെരഞ്ഞെടുപ്പുകാലത്തും ചർച്ച സജീവമാകുമെങ്കിലും മുന്നോട്ടു പോകില്ല.
പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടണമെങ്കിൽ പിറവം പാഴൂർ പന്പ് ഹൗസിലെ മോട്ടോറുകളുടെ തകരാർ പരിഹരിക്കണം. അടിക്കടി കേടാകുന്ന മോട്ടോറുകളും അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പൈപ്പുകളുമൊക്ക ഈ ജലക്ഷാമത്തിന്റെ കാരണങ്ങളാണ്. പൈപ്പുകളുടെ പൊട്ടലുകൾ മൂലം പാഴാകുന്ന ജലത്തിനു കണക്കില്ല. കാലപ്പഴക്കം മൂലം മോട്ടോറുകളുടെ പന്പിംഗ് ശക്തിയും കുറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള പദ്ധതികളും സൗകര്യങ്ങളും കാര്യക്ഷമമായി നടപ്പാക്കുകയും വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൊച്ചിയുടെ ജല ലഭ്യത വർധിപ്പിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കുകയുമാണ് വേണ്ടത്. 2050ലേക്കുള്ള വിശാല കൊച്ചിയുടെ കുടിവെള്ള ആവശ്യം മുന്നിൽക്കണ്ട് വിഭാവനം ചെയ്ത 285 കോടിയുടെ പദ്ധതിയെക്കുറിച്ചു പറയാൻ തുടങ്ങിയിട്ടു കാലമേറെയായെങ്കിലും നടപ്പാക്കാനുള്ള ലക്ഷണമൊന്നും കാണുന്നില്ല. ആലുവയിൽ വാട്ടർ അഥോറിറ്റിയുടെ സ്ഥലത്ത് ഇപ്പോഴുള്ള പ്ലാന്റിനു പുറമേ മറ്റൊന്നുകൂടി നിർമിക്കുന്നതാണ് പദ്ധതി.
വേനൽ കടുക്കുന്പോഴും മോട്ടോറുകൾ കേടാവുന്പോഴും പൈപ്പ് പൊട്ടുന്പോഴും മാത്രം തട്ടിക്കൂട്ടു പരിഹാരങ്ങൾക്കു മുതിരുന്നതുകൊണ്ട് പ്രശ്നത്തിനു ശാശ്വത പരിഹാരമാകില്ല. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടുകയും ഭാവി മുന്നിൽക്കണ്ടുള്ള പദ്ധതികൾക്ക് ആത്മാർഥമായി ശ്രമിക്കുകയും വേണം. കൊച്ചിയിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ഇനിയുള്ള ദിവസങ്ങൾ വറുതിയുടേതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കേണ്ട സമയമാണ്. ശുദ്ധജലം ഉറപ്പാക്കിയില്ലെങ്കിൽ മാരകമായ സാംക്രമികരോഗങ്ങൾ പടരാനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന ഉപദേശമല്ല സർക്കാരിൽനിന്നു ജനം പ്രതീക്ഷിക്കുന്നത്; ഫലപ്രദമായ നടപടികളാണ്.