കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നു ചിന്തിച്ചാണ് കരഞ്ഞു തുടങ്ങിയത്. കരച്ചിൽ നിലവിളിയും അലമുറയുമായി മാറിയിട്ടും കേൾക്കേണ്ടവർ ചെവി തുറന്നിട്ടുമില്ല, എന്തെങ്കിലും കേട്ടതായി ഭാവിച്ചിട്ടുമില്ല. അല്ലെങ്കിലും ക്രൈസ്തവ ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുന്പോൾ ചില മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കാഴ്ച വല്ലാതങ്ങു മങ്ങും, കേൾവി കാര്യമായങ്ങു കുറയും.
ന്യൂനപക്ഷമെന്ന നിലയിൽ തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ തരണമെന്ന് പരസ്യമായി ആവശ്യപ്പെടേണ്ടി വരുന്ന നാണംകെട്ട വ്യവസ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ക്രൈസ്തവരെ സംബന്ധിച്ച് ഇതു കേരളത്തിലെ പുതിയ അനുഭവമല്ല എന്നതാണ് പച്ചപ്പരമാർഥം.
ഒരു സമൂഹത്തിൽ ഭൂരിപക്ഷത്തിന്റെ ആധിപത്യം മൂലം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഭരണഘടനാനുസൃതമുള്ള സംവിധാനമാണ് ന്യൂനപക്ഷ പദവിയും ആനുകൂല്യങ്ങളുമൊക്കെ.
എന്നാൽ, സംസ്ഥാനത്തെ പല ന്യൂനപക്ഷക്ഷേമ പദ്ധതികളുടെയും ദിക്കും ദിശയും കാണുമ്പോൾ ന്യൂനപക്ഷത്തിലെ ന്യൂനപക്ഷമായിപ്പോയി എന്നതു കടുത്ത അപരാധമായോയെന്നാണ് ക്രൈസ്തവർ സംശയിക്കുന്നത്. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഏതെങ്കിലും ചില ന്യൂനപക്ഷങ്ങളുടെ മാത്രം ക്ഷേമമായി മാറുന്നത് ഒരു ജനാധിപത്യ രാജ്യത്ത് ഒട്ടും ആശാസ്യകരമല്ല.
ന്യൂനപക്ഷ സേവനങ്ങളുടെ വിതരണത്തിൽ ന്യൂനപക്ഷമായിട്ടുള്ള എല്ലാ വിഭാഗങ്ങളെയും ജനസംഖ്യാനുപാതികമായി പരിഗണിക്കുന്നില്ലെങ്കിൽ ഭൂരിപക്ഷാധിപത്യത്തിന്റെ മറ്റൊരു ഭീകരരൂപമാണ് അതു കാണിക്കുന്നതെന്ന് പറയേണ്ടിവരും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്ന നിലയിൽ കടുത്ത വിവേചനം കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിട്ടത്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ നിയമനം മുതൽ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണത്തിൽ വരെ യാതൊരു മാനദണ്ഡവും മര്യാദയുമില്ലാതെ ചില കേന്ദ്രങ്ങൾ ക്രൈസ്തവരെ തുരത്തി എന്നു പറയുന്നതാവും ശരി.
മറ്റു സമുദായങ്ങളുമായുള്ള ആരോഗ്യകരവും ഊഷ്മളവുമായ ബന്ധത്തിന് ഒരുലച്ചിലും സംഭവിക്കരുതെന്ന ക്രൈസ്തവരുടെ നിർബന്ധബുദ്ധി മൂലം ന്യായമായ അവകാശങ്ങൾ കൺമുന്നിൽ കവർന്നെടുക്കപ്പെടുന്പോഴും കടിച്ചമർത്തി കഴിയുന്ന അവസ്ഥയിലായിരുന്നു കേരളത്തിലെ ക്രൈസ്തവർ.
ക്രൈസ്തവരുടെ ഈ ദൗർബല്യത്തെ തത്പരകക്ഷികൾ പരമാവധി ചൂഷണം ചെയ്തു എന്നതിന്റെ നേർക്കാഴ്ചയായിരുന്നു ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവർ എന്നേയ്ക്കുമായി ഒതുക്കപ്പെട്ടത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ന്യൂനപക്ഷ കമ്മീഷൻ സ്ഥാപിച്ചത്.
സ്ഥാപന ഉത്തരവിൽ പറയുന്നത് ഒരു ന്യൂനപക്ഷ സമുദായ അംഗം ചെയർമാൻ, മറ്റൊരു ന്യൂനപക്ഷ സമുദായക്കാരൻ അംഗം, ഒരു ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരു വനിതാ അംഗം എന്നിങ്ങനെ മൂന്നംഗങ്ങൾ കമ്മീഷനിൽ വേണമെന്നായിരുന്നു.
ഇതു ന്യായമായ ഒരു നിർദേശമായിരുന്നു. കാരണം ഒരു സമുദായത്തിൽനിന്നു ചെയർമാനെ നിയോഗിച്ചാൽ മറ്റൊരു സമുദായക്കാരന് അംഗമായി കമ്മീഷനിൽ ഇടം കിട്ടുമായിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിൽ കെ.ടി. ജലീൽ ന്യൂനപക്ഷക്ഷേമ മന്ത്രിയായിരിക്കേ ഈ നിർദേശത്തിൽ ആരെയും അദ്ഭുതപ്പെടുത്തുന്ന ഒരു ഭേദഗതി കൊണ്ടുവന്നു.
മറ്റൊരു ന്യൂനപക്ഷ സമുദായക്കാരൻ അംഗം എന്നതിലെ ‘മറ്റൊരു’ഭേദഗതി ചെയ്ത് ‘ഒരു’ എന്നാക്കി. ഇതിലെ ദുഷ്ടലാക്ക് തിരിച്ചറിയാതിരുന്ന ക്രൈസ്തവ സമുദായാംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ അന്നു കൈയടിച്ച് ഭേദഗതി പാസാക്കി.
എന്തിനു വേണ്ടിയാണ് തന്ത്രപരമായി ഈ ഭേദഗതി കൊണ്ടുവന്നതെന്ന് തിരിച്ചറിയാൻ അതിനു ശേഷം ന്യൂനപക്ഷ കമ്മീഷനിലെ നിയമനം നോക്കിയാൽ മാത്രം മതിയാകും. ആ ഭേദഗതിക്കു ശേഷം പതിവായി ചെയർമാൻ, അംഗം എന്നീ സ്ഥാനങ്ങൾ പ്രബല ന്യൂനപക്ഷ വിഭാഗം അവരുടെ കുത്തകയാക്കി. പേരിന് ഒരു വനിതാ അംഗത്തെ മറ്റു സമുദായങ്ങൾക്കായും മാറ്റിവച്ചു.
വ്യക്തമായ ലക്ഷ്യങ്ങളോടെയായിരുന്നു ഈ ഭേദഗതിയെന്നു തിരിച്ചറിയുന്പോൾ ആ കമ്മീഷനിൽനിന്ന് എന്തു നന്മയാണ് ക്രൈസ്തവർ അടക്കമുള്ള മറ്റു ന്യൂനപക്ഷങ്ങൾ പ്രതീക്ഷിക്കേണ്ടതെന്ന ചോദ്യവും പ്രസക്തം.
ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ വിവേചനമായിരുന്നു മറ്റൊരു ദുരന്തം. പ്രബല സമുദായത്തിന് 80 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങളായ ക്രൈസ്തവ, സിക്ക്, ജൈന, ബുദ്ധ വിഭാഗങ്ങൾക്കായി 20 ശതമാനവുമാണ് നീക്കിവച്ചിരിക്കുന്നത്.
നഗ്നമായ ഈ വിവേചനം അവസാനിപ്പിക്കാൻ അവസാനം ഹൈക്കോടതിക്കുതന്നെ ഇടപെടേണ്ടിവന്നു. വിവേചനം പൊതുസമൂഹത്തിൽ ചർച്ചയായതോടെയാണ് രണ്ടാം പിണറായി സർക്കാരിൽ ന്യുനപക്ഷ വകുപ്പ് മുഖ്യമന്ത്രിതന്നെ കൈവശം വയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ, സമ്മർദശക്തികൾക്കു മുന്നിൽ പിണറായിസർക്കാർ മൂക്കുംകുത്തി വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഏതാനും മാസം കഴിഞ്ഞപ്പോൾ ഏറ്റെടുത്ത വകുപ്പ് മുഖ്യമന്ത്രി കൈവിട്ടു.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ വായ്പകളുടെ പ്രയോജനമടക്കം ക്രൈസ്തവർക്കു വേണ്ട രീതിയിൽ ലഭിക്കുന്നില്ല. ക്രൈസ്തവ ഭൂരിപക്ഷമേഖലകളിൽ കോർപറേഷൻ ശാഖകളില്ല.
ക്രൈസ്തവ ക്ഷേമത്തിനു വേണ്ടി പ്രഖ്യാപിച്ച ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് ഇനിയും പരണത്ത് വച്ചിരിക്കുകയാണ്. നിർത്തിപ്പോയ പ്രീ മെട്രിക് സ്കോളർഷിപ്പിനു പകരംകൊണ്ടുവന്ന കെടാവിളക്ക് പദ്ധതിയിലും ക്രൈസ്തവ പ്രതീക്ഷകൾ കരിന്തിരി കത്തിയണഞ്ഞു. ഇരവാദം മുഴക്കി ശീലമില്ലാത്തതാണോ ക്രൈസ്തവർ ചെയ്ത തെറ്റ്? സർക്കാർ മറുപടി പറയണം.