സ്നേഹത്തിന്റെ വിലയറിയാതെ നടന്നകലുന്ന മനുഷ്യർ ദൈവത്തിന്റെയും മനുഷ്യന്റെയും വേദനയാണ്. ഒരത്താഴമേശയിൽനിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവർ രാത്രിയിൽ എവിടേക്കോ ഇറങ്ങിപ്പോയിരിക്കുന്നു. ഒടുവിലത്തെ അത്താഴമേശയാണ് ആദ്യത്തെ ബലിപീഠം.
ജറുസലേമിലെ പഴയ മതിലിനടുത്തുള്ള കെട്ടിടത്തിന്റെ മുകളിലത്തെ മുറിയിലായിരുന്നു ക്രിസ്തുവിന്റെ അന്ത്യ അത്താഴം. അവിടെയുണ്ടായിരുന്ന 13 പേരിൽ ക്രിസ്തു പിന്നീട് അത്താഴമോ പ്രാതലോ കഴിച്ചിട്ടില്ല; ഒരു പക്ഷേ, യൂദാസും. അന്നു രാത്രിയിൽതന്നെ, കൊലയാളികളും ഗൂഢാലോചനക്കാരും യൂദാസിന്റെ പിന്നാലെ ക്രിസ്തുവിനെ തേടി ഗദ്സമേൻ തോട്ടത്തിലേക്കു പുറപ്പെട്ടു.
നിശ്ചയിച്ചുറപ്പിച്ചപ്രകാരം ഒറ്റുകാരൻ ക്രിസ്തുവിനെ ചുംബിക്കുകയും അതിന്റെ പൊള്ളലാറുംമുന്പ് അവർ അവനെ പിടികൂടുകയും ചെയ്തു. ഗദ്സമേൻ തോട്ടത്തിലെ ഒലിവുമരങ്ങൾ വേരുകളിലേക്കു മുഖം പൂഴ്ത്തിയ നേരത്ത് ക്രിസ്തുവിനെ അവർ മലയിറക്കിക്കൊണ്ടുപോയി. 30 വെള്ളിക്കാശിനൊപ്പം അടയിരുന്ന മരണത്തിന്റെ കുരുക്കുമായി യൂദാസും മലയിറങ്ങി; വിളിപ്പാടകലെയുള്ള മറ്റൊരു മരച്ചുവട്ടിലേക്ക്. വർഷം രണ്ടായിരം കഴിഞ്ഞു.
സ്നേഹം വിളന്പുന്ന മുറിയിലേക്കു നാം തിരിച്ചുപോകുന്ന പെസഹായാണിന്ന്. അസഹിഷ്ണുതയുടെയും പലായനത്തിന്റെയും വെറുപ്പിന്റെയും യുദ്ധത്തിന്റെയും തെരുവുകളിൽനിന്ന് സ്നേഹത്തിന്റെയും വിനയത്തിന്റെയും അത്താഴമേശയ്ക്കു ചുറ്റുമിരിക്കാൻ നിർബന്ധിക്കുന്ന ശബ്ദം ക്രിസ്തുവിന്റേതാണ്.
ചരിത്രത്തിൽ സമാനതകളില്ലാത്ത രണ്ടു ചുംബനങ്ങളാണ് പെസഹാരാത്രിയെ അടയാളപ്പെടുത്തിയത്. ഒന്നു ക്രിസ്തുവിന്റേതും മറ്റൊന്നു യൂദാസിന്റേതും. ഒന്നു ക്രിസ്തുവിന്റെ കവിളിലും മറ്റൊന്നു യൂദാസിന്റെ കാലിലുമുണ്ട്. ഉറപ്പായിരുന്ന കുരിശുമരണത്തിന്റെ തലേന്നാണ് ക്രിസ്തു ശിഷ്യന്മാരെ അത്താഴത്തിനു വിളിച്ചത്.
ആംഗ്ലിക്കൻ ബിഷപ്പും ദൈവശാസ്ത്രജ്ഞനുമായിരുന്ന എൻ.ടി. റൈറ്റ് പറയുന്നത്, “തന്റെ മരണത്തെക്കുറിച്ചു ശിഷ്യന്മാരോടു വിശദീകരിക്കാൻ ആഗ്രഹിച്ചപ്പോൾ ക്രിസ്തു തത്വം പറയുന്നതിനുപകരം അവരെ അത്താഴത്തിനു ക്ഷണിക്കുകയായിരുന്നു.’’മൂന്നു വർഷം ശിഷ്യരെ പഠിപ്പിച്ച കാര്യങ്ങൾ അത്താഴത്തിനിടെ ഗുരു ചെയ്തുകാണിച്ചു. യഹൂദരുടെ ആചാരമനുസരിച്ച് ഒരു വീട്ടിലേക്കു കയറുംമുന്പ് ആഗതർ പാദങ്ങൾ കഴുകും. ആതിഥേയൻ അതിനുള്ള വെള്ളം സജ്ജമാക്കിയിട്ടുണ്ടാകും.
സമൂഹത്തിലെ ഉന്നതരെന്നു ഗണിക്കുന്നവരാണെങ്കിൽ കാലുകൾ കഴുകിക്കൊടുക്കും. അതിനായി നിയോഗിച്ചിരുന്നത് അടിമകളെയോ വേലക്കാരെയോ ആയിരുന്നു. പക്ഷേ, തന്റെ ക്ഷണപ്രകാരം അത്താഴത്തിനെത്തിയ ശിഷ്യന്മാരുടെ കാലുകൾ ക്രിസ്തുതന്നെ കഴുകി. വിനയത്തിന്റെ സകല അടയാളങ്ങളും ചേർത്തുവച്ചാണ് അതു ചെയ്തത്.
നിലത്തിറങ്ങി ശിഷ്യരുടെ കാലുകൾ കഴുകിയശേഷം അരയിൽ കെട്ടിയ കച്ചകൊണ്ട് അതു തുടയ്ക്കുകയും പാദങ്ങളിൽ ചുംബിക്കുകയും ചെയ്തു. അതിലൊന്നു യൂദാസിന്റേതായിരുന്നു. പിന്നീട് തന്റെ ശരീരവും രക്തവുമാണെന്നു പറഞ്ഞുകൊണ്ട് അവൻ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യർക്കു കൊടുത്തു. ആദ്യത്തെ കുർബാന. ഇത്രയുമൊക്കെ ചെയ്തിട്ടും ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയാതെ, അവന്റെ ചുംബനത്താൽ മുദ്രവയ്ക്കപ്പെട്ട പാദങ്ങളാൽ യൂദാസ് അക്രമികളുടെ താവളത്തിലേക്കു നടന്നു.
ഖലീൽ ജിബ്രാന്റെ വാക്കുകളിൽ ക്രിസ്തുവിന്റെ വേദന ഘനീഭവിച്ചുകിടക്കുന്നതുപോലെ തോന്നും. “ഒരിക്കൽ നീയെന്നോടു ചോദിക്കും, എന്താണ് കൂടുതൽ വിലപ്പെട്ടത്, എന്റെ ജീവനാണോ നിന്റെ ജീവനാണോ എന്ന്. ഞാൻ പറയും എന്റേതാണെന്ന്. അപ്പോൾ നീ നടന്നുപോകും, നീയാണ് എന്റെ ജീവനെന്നു തിരിച്ചറിയാതെ.’’
സ്നേഹത്തിന്റെ വിലയറിയാതെ നടന്നകലുന്ന മനുഷ്യർ ദൈവത്തിന്റെയും മനുഷ്യന്റെയും വേദനയാണ്. ഒരത്താഴമേശയിൽനിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവർ രാത്രിയിൽ എവിടേക്കോ ഇറങ്ങിപ്പോയിരിക്കുന്നു. ഒടുവിലത്തെ അത്താഴമേശയാണ് ആദ്യത്തെ ബലിപീഠം. പെസഹായുടെ അത്താഴവിരുന്നിൽ പങ്കെടുക്കുക എന്നതിനർഥം ബലിയർപ്പിക്കുക എന്നുകൂടിയാണ്.
ഭവനങ്ങളിലേക്കു മടങ്ങേണ്ട ദിവസമാണിന്ന്. പരസ്പരം പങ്കുവയ്ക്കാനും പാദങ്ങൾ കഴുകാനും ചുംബിക്കാനും കഴിഞ്ഞാൽ തീരാത്തൊരു യുദ്ധവും ഭൂമിയിലില്ല. ആരെയാണ് ക്ഷണിക്കാനുള്ളത്? ആരുടെ പാദങ്ങളാണ് കഴുകാനുള്ളത്? ഏതൊരു ചുംബനമാണ് കടമായി കിടക്കുന്നത്?... ഇന്നാണ് പെസഹ. ഇനിയൊന്നിന് അവസരമുണ്ടോ ഇല്ലയോ എന്ന് അറിഞ്ഞുകൂടല്ലോ.