കൃഷിവകുപ്പു നൽകുന്ന പ്രോത്സാഹനത്തിന്റെയും സഹായങ്ങളുടെയും പേരിലല്ല കേരളത്തിൽ കർഷകർ ഇപ്പോഴും നെല്ലും പച്ചക്കറികളുമെല്ലാം ഉത്പാദിപ്പിക്കുന്നത്. കാർഷികസംസ്കാരം അവരുടെ ഡിഎൻഎയിൽ ഉള്ളതിനാലാണ്. അവരെ ചൂഷണം ചെയ്യുന്നവരെയും ചൂഷകർക്കു കുടപിടിക്കുന്നവരെയും സാമൂഹികവിരുദ്ധർ എന്നാണ് ചാപ്പകുത്തേണ്ടത്.
കോട്ടയം ജില്ലയിലടക്കം ഇക്കുറി ചൂട് ക്രമാതീതമായി വർധിച്ചെന്ന കണക്കുകൾ പുറത്തുവരുമ്പോഴാണ് ഈർപ്പം കൂടുന്നുവെന്ന മില്ലുകാരുടെ തിയറി. ഇതിന് ഒത്താശചെയ്യുന്ന കൃഷിവകുപ്പ് അധികൃതരുടെ നിലപാടാണ് ഏറ്റവും കർഷകവിരുദ്ധം.
ഇതെല്ലാം കാണുമ്പോൾ, സംസ്ഥാനത്ത് അവശേഷിക്കുന്ന നെൽകർഷകരെയും പാടത്തുനിന്നു കയറ്റിയിട്ടേ ‘കൃഷിവികസനം’ പൂർണമാക്കൂവെന്ന പിടിവാശിയിലാണോ കൃഷി ഉദ്യോഗസ്ഥർ എന്നു തോന്നിപ്പോകും. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ചൂഷണങ്ങളുടെയും ഗുരുതരമായ അവസ്ഥ അല്പമെങ്കിലും അറിയാൻ താത്പര്യം കാണിച്ചാൽ മനഃസാക്ഷിയുള്ള ആർക്കും ഇത്തരത്തിൽ പെരുമാറാനാകില്ല.
കൃഷിവകുപ്പു നൽകുന്ന പ്രോത്സാഹനത്തിന്റെയും സഹായങ്ങളുടെയും പേരിലല്ല കേരളത്തിൽ കർഷകർ ഇപ്പോഴും നെല്ലും പച്ചക്കറികളുമെല്ലാം ഉത്പാദിപ്പിക്കുന്നത്. കാർഷികസംസ്കാരം അവരുടെ ഡിഎൻഎയിൽ ഉള്ളതിനാലാണ്. അവരെ ചൂഷണം ചെയ്യുന്നവരെയും ചൂഷകർക്കു കുടപിടിക്കുന്നവരെയും സാമൂഹികവിരുദ്ധർ എന്നാണ് ചാപ്പകുത്തേണ്ടത്.
നെൽകർഷകർ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കിരാതമെന്നു വിശേഷിപ്പിക്കാവുന്ന ‘കിഴിവ്’ സമ്പ്രദായം. നെല്ലിന്റെ ഈർപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്വിന്റലിന് രണ്ടു മുതൽ 20 കിലോഗ്രാം വരെ കിഴിക്കുന്ന സാഹചര്യങ്ങളുണ്ട്. ഒരു ക്വിന്റൽ നെല്ല് നല്കിയാൽ കിഴിവ് കുറച്ചുള്ള തൂക്കത്തിനു മാത്രമേ കർഷകനു വില കിട്ടൂ.
കഴിഞ്ഞദിവസം കോട്ടയം കുറിച്ചിയിൽ കിഴിവിന്റെ പേരിൽ തർക്കമായതോടെ കൊയ്തിട്ട നെല്ല് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭരിക്കാത്ത അവസ്ഥയുണ്ടായി. മില്ലുകാര്‍ ക്വിന്റലിന് ആറുകിലോയാണ് ഇവിടെ കിഴിവ് ചോദിച്ചത്.
കുറിച്ചി കൃഷിഭവന്റെ കീഴിലുള്ള മുട്ടത്തുകടവ് കാരിക്കുഴി, കക്കുഴി, പാലച്ചാല്‍ പാടശേഖരങ്ങളിലാണ് കർഷകർ കൊടിയ ചൂഷണത്തിന് ഇരയാകുന്നത്. വേനല്‍മഴ പെയ്യാനുള്ള സാധ്യതയും കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് മില്ലുകാര്‍ കര്‍ഷകരെ സമ്മര്‍ദപ്പെടുത്തുകയാണ്. കൃഷി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത്.
മില്ലുകാരുടെ ഏജന്റുമാരും ചില പാടശേഖരസമിതി ഭാരവാഹികളും ഒത്തുകളിച്ചാണ് കിഴിവ് ചൂഷണം കൊഴുപ്പിക്കുന്നത് എന്നും ആരോപണമുണ്ട്. പാടശേഖരസമിതിയിലെ സാധാരണക്കാരായ കർഷകരുടെ നെല്ലിന് കൂടുതൽ കിഴിവ് ഏർപ്പെടുത്തുകയും ഭാരവാഹികളുടെ നെല്ലിന് കുറഞ്ഞ കിഴിവ് നിശ്ചയിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
കർഷകസേവനത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ചൂഷണങ്ങളും തടയേണ്ടതുണ്ട്. പാടശേഖരങ്ങളിൽത്തന്നെ നെല്ല് അനുവദനീയ ഈർപ്പാവസ്ഥയിൽ എത്തിക്കുന്നതിന് പോർട്ടബിൾ ഡ്രയർ വികസിപ്പിച്ചെടുത്താൽ കിഴിവ് എന്ന സമ്പ്രദായംതന്നെ ഇല്ലാതാക്കാൻ സാധിക്കുമെന്നു കണ്ടെത്തിയിട്ടുള്ളതാണ്.
കൊയ്ത്തുയന്ത്രങ്ങൾക്കൊപ്പം പോർട്ടബിൾ ഡ്രയർകൂടി ഉണ്ടെങ്കിൽ കർഷകർക്ക് അനാവശ്യമായി നഷ്ടമുണ്ടാകില്ല. എന്നാൽ, പോർട്ടബിൾ ഡ്രയറുകൾ നിർമിച്ച് കർഷകചൂഷണം തടയാൻ കൃഷിവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനിടെ, പതിരുകിഴിവ് രണ്ട്-മൂന്ന് കിലോഗ്രാമായി നിശ്ചയിച്ചിട്ടുമുണ്ട്. ഇതിന്റെ നഷ്ടവും കർഷകനുതന്നെ.
അനേകം പ്രതിസന്ധികളെ അതിജീവിച്ചാണ് കുട്ടനാട്ടിലടക്കം കർഷകർ നെല്ലു വിളയിക്കുന്നത്. കേരളത്തിൽ മറ്റു കൃഷികൾക്കു സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കർഷകർ നെൽകൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. 2022-23ൽ സംസ്ഥാനത്ത് 1.90 ലക്ഷം ഹെക്ടർ പാടത്താണ് നെൽകൃഷി നടന്നത് എന്നാണ് സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 1,541 ഹെക്ടർ കരകൃഷിയും നടന്നു.
2020-21ൽ 2.02 ഹെക്ടർ പാടത്ത് നെൽകൃഷിയുണ്ടായിരുന്നു. ഇവിടെ കൃഷിയില്ലെങ്കിലെന്താ, അരി അയൽസംസ്ഥാനങ്ങളിൽനിന്നു കിട്ടില്ലേ എന്നു ചോദിക്കുന്ന മന്ത്രിമാർ ഭരിക്കുന്ന നാട്ടിൽ എങ്ങനെ കൃഷി നിലനിൽക്കുമെന്നാണ് കരുതേണ്ടത്. കർഷകരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടാൻ സർക്കാർ അമാന്തിക്കരുത്.
തെരഞ്ഞെടുപ്പിന്റെ പേരിൽ കൃഷി ഉദ്യോഗസ്ഥർ കർഷകരെ ഉപേക്ഷിക്കരുത്. സമൂഹത്തിലെ ഏറ്റവും ദുർബലരാണ് കർഷകർ. അവരെ സംരക്ഷിക്കാൻ പൊതുസമൂഹത്തിന് വലിയ ബാധ്യതയുണ്ട്. നാട്ടുകാരെ അന്നമൂട്ടാൻ അരവയർ മുറുക്കി പാടത്തെ ചേറിലും വെയിലിലും ദുരിതമനുഭവിക്കുന്നവരോട് അല്പം സഹാനുഭൂതിയെങ്കിലും കാണിക്കാം.