കമ്യൂണിസം മുതലാളിത്തത്തിനെതിരായിരുന്നു; പക്ഷേ, അന്നുമിന്നുമുള്ള ഒരൊറ്റ കമ്യൂണിസ്റ്റ് രാജ്യത്തും പ്രയോഗത്തിൽ വന്നപ്പോൾ അതു തൊഴിലാളികൾക്ക് അനുകൂലമായില്ല. പുതിയതും കൂടുതൽ ക്രൗര്യമുള്ളതുമായ സ്റ്റേറ്റ് എന്ന മറ്റൊരു മുതലാളിയായി കമ്യൂണിസ്റ്റ് സർക്കാർ രൂപാന്തരപ്പെട്ടു. അധ്വാനത്തിന്റെ മിച്ചമൂല്യം പുതിയ മുതലാളിയായ കമ്യൂണിസ്റ്റ് സർക്കാർ ഏറ്റെടുത്തു. അതിനെ എതിർക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ മതരാജ്യങ്ങളിലെ രണ്ടാം തരം പൗരന്മാരെപ്പോലെ നേരിട്ടു.
ഇന്ന് മേയ്ദിനം. തൊഴിലാളികൾ തങ്ങളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന മുതലാളിമാർക്കെതിരേ സമരം ചെയത്, അവകാശങ്ങൾ പരിമിതമായെങ്കിലും നേടിയെടുത്ത ദിനം. ചരിത്രത്തിൽ ഒരിക്കലും അവസാനിക്കാത്തൊരു പോരാട്ടമാണ് തൊഴിലാളികളുടേതെന്ന് സമകാലിക യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾക്കപ്പുറം തൊഴിലില്ലായ്മ അതിന്റെ പാരമ്യതയിലെത്തിയൊരു കാലത്താണ് ഈ മേയ്ദിനം അഥവാ തൊഴിലാളിദിനം കടന്നുവരുന്നത്. അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ 1886 മേയ് ഒന്നിനു തൊഴിലാളികൾ നടത്തിയ പണിമുടക്കിന്റെ ഓർമയ്ക്കായാണ് മേയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്.
ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രെയ്ഡ് ആന്‍ഡ് ലേബർ യൂണിയനുകളുടെ പണിമുടക്കാഹ്വാനം. 1889ൽ പാരീസിൽ ചേർന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോൺഗ്രസാണ് ആദ്യമായി തൊഴിലാളിദിനം ആചരിച്ചതെന്നു കാണുന്നു.
1904ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മേയ് ഒന്ന് തൊഴിലാളിദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1890 മുതൽ മേയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു വരുന്നു.
ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ 1923ൽ മദ്രാസിലെ (ചെന്നൈ) മറീന ബീച്ചിൽ മേയ്ദിനം ആഘോഷിച്ചതോടെയാണ് ഇന്ത്യയിൽ തൊഴിലാളിദിനത്തിനു തുടക്കമിട്ടത്. കേരളത്തിൽ 1936ൽ തൃശൂരിലായിരുന്നു ആദ്യ മേയ്ദിനാചരണം. ‘ലേബേഴ്സ് ബ്രദര്‍ഹുഡ്’ എന്ന തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിൽ കെ.കെ. വാര്യര്‍, എം.എ. കാക്കു, കെ.പി. പോള്‍, കടവില്‍ വറീത്, കൊമ്പൻ പോള്‍, ഒ.കെ. ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് മേയ്ദിന റാലി സംഘടിപ്പിച്ചത്.
മനുഷ്യൻ സഹജീവികളോടു നടത്തിയ അനീതിയുടെ തുടർച്ചയായിരുന്നു തൊഴിൽ ചൂഷണം. അവരുടെ പേരുകൾ മുതലാളിയെന്നും തൊഴിലാളിയെന്നുമായിരുന്നു. മുതലാളികൾ വ്യക്തിയും സ്ഥാപനവും ചിലപ്പോൾ സർക്കാരുകളുമായി മാറി. തൊഴിലാളികളെക്കുറിച്ചു ചിന്തിക്കുന്പോൾ കമ്യൂണിസത്തെക്കുറിച്ചു പറയാതെ വയ്യ.
18 മണിക്കൂർ വരെ ജോലി ചെയ്തിരുന്ന മനുഷ്യരുടെ കാലത്ത് വിപ്ലവാത്മകമായ ചിന്തയും പ്രസ്ഥാനവും അനിവാര്യമായിരുന്നു. കമ്യൂണിസം മുതലാളിത്തത്തിനെതിരായിരുന്നു; പക്ഷേ, അന്നുമിന്നുമുള്ള ഒരൊറ്റ കമ്യൂണിസ്റ്റ് രാജ്യത്തും പ്രയോഗത്തിൽ വന്നപ്പോൾ അതു തൊഴിലാളികൾക്ക് അനുകൂലമായില്ല. പുതിയതും കൂടുതൽ ക്രൗര്യമുള്ളതുമായ സ്റ്റേറ്റ് എന്ന മറ്റൊരു മുതലാളിയായി കമ്യൂണിസ്റ്റ് സർക്കാർ രൂപാന്തരപ്പെട്ടു.
അധ്വാനത്തിന്റെ മിച്ചമൂല്യം പുതിയ മുതലാളിയായ കമ്യൂണിസ്റ്റ് സർക്കാർ ഏറ്റെടുത്തു. അതിനെ എതിർക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ മതരാജ്യങ്ങളിലെ രണ്ടാം തരം പൗരന്മാരെപ്പോലെ നേരിട്ടു.
മുതലാളിത്തത്തിലെ അനീതികൾ ചോദ്യം ചെയ്യാൻ പേരിനെങ്കിലും സർക്കാരുണ്ട്. കമ്യൂണിസത്തിലെ മുതലാളിയായ സർക്കാരിനെ ചോദ്യം ചെയ്യാൻ ഒരു നിവൃത്തിയുമില്ല. ചുരുക്കത്തിൽ, തൊഴിലാളിയുടെ അവകാശപോരാട്ടങ്ങൾ മനുഷ്യകുലത്തിന് ഇപ്പോഴും കൊണ്ടുനടക്കേണ്ട സ്ഥിതിയാണ്. തൊഴിലാളികളിൽ സംഘടിതരും അസംഘടിതരുമുണ്ട്. ഒരു പക്ഷേ, പരസ്പരം യാതൊരു ബന്ധവുമില്ലാത്തവിധം വിദൂര ധ്രുവങ്ങളിലായിട്ടുള്ളവർ.
ശന്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും കാര്യത്തിൽ തൊഴിലാളികളെ സുരക്ഷിതരാക്കാൻ സംഘടിത പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും നോക്കുകൂലി, ഗുണ്ടായിസം അനാവശ്യസമരങ്ങൾ, ഉള്ളതെല്ലാം വിറ്റു തുടങ്ങുന്ന സംരംഭങ്ങളെ വരട്ടു വാദങ്ങൾകൊണ്ടും നേതാക്കളുടെ ധാർഷ്ട്യംകൊണ്ടും നശിപ്പിക്കൽ തുടങ്ങി പലതിലൂടെയും സമൂഹത്തിൽ തൊഴിലാളിയുടെ ഇമേജ് സാമൂഹികവിരുദ്ധരുടേതാക്കാനും ഈ പ്രസ്ഥാനങ്ങൾ വഴിതെളിച്ചു. അതേസമയം, അസംഘടിതമേഖലയിൽ പലയിടത്തും ചൂഷണം അഭംഗുരം തുടരുന്നുമുണ്ട്.
ഇരുന്നു ജോലി ചെയ്യാൻ അനുവാദമില്ലാത്തവർ, ടോയ്ലെറ്റ് സൗകര്യമില്ലാത്ത തൊഴിലിടങ്ങൾ, എട്ടു മണിക്കൂർ ജോലിസമയം കഴിഞ്ഞും പ്രത്യേക പ്രതിഫലമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നവർ തുടങ്ങി നിരവധി മനുഷ്യർക്ക് ഈ മേയ്ദിനവും സാധാരണപോലെയങ്ങു കടന്നുപോകും. എങ്കിലും അതേക്കുറിച്ചൊക്കെ ഓർമിക്കാനും ഓർമിപ്പിക്കാനുമായി മേയ്ദിനം വീണ്ടുമെത്തിയിരിക്കുന്നു.