സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ഗോഡ്സെ സംഘമൊഴിച്ച് ഈ രാജ്യത്തെ സകല മനുഷ്യരെയും സമരത്തിനിറക്കിയ മഹാത്മാവിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. ചോരയൊലിക്കുന്ന ചരിത്രമാണത്.
ഐൻസ്റ്റൈൻ ഗാന്ധിജിയെക്കുറിച്ചു പറഞ്ഞത് അറംപറ്റിയിരിക്കുന്നു. “രക്തവും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നെന്നു പറഞ്ഞാൽ വരുംതലമുറ വിശ്വസിച്ചേക്കില്ല” എന്നായിരുന്നു 1939ലെ ആ വാക്കുകൾ.
അതേ, ഗാന്ധി സിനിമ പുറത്തിറങ്ങുന്നതിനു പതിറ്റാണ്ടുകൾക്കു മുന്പേ ലോകാരാധ്യനായിരുന്നു മഹാത്മാഗാന്ധിയെന്ന് നമ്മുടെ പ്രധാനമന്ത്രിക്കു വിശ്വസിക്കാനാകുന്നില്ല. കഷ്ടം! ഗാന്ധിജിയുടെ നാട്ടുകാരനാണ്!
ലോകമാകെ സഞ്ചരിച്ചശേഷമുള്ള തന്റെ അനുഭവം എന്ന ആമുഖത്തോടെയാണ് എബിപി ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ പരാമർശം നടത്തിയത്.
രാജ്യം തല കുനിച്ച ആ വാക്കുകൾ ഇങ്ങനെ: “ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമ 1982ൽ പുറത്തിറങ്ങുന്നതുവരെ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞിരുന്നില്ല. 75 വർഷത്തിനിടെ ഗാന്ധിയെക്കുറിച്ചു ലോകത്തെ മുഴുവൻ അറിയിക്കേണ്ട ചുമതല രാജ്യത്തിനുണ്ടായിരുന്നില്ലേ? എന്നോടു ക്ഷമിക്കൂ... നമ്മളതു ചെയ്തില്ല. മാർട്ടിൻ ലൂതർ കിംഗിനെയും നെൽസൺ മണ്ടേലയെയും പോലുള്ള നേതാക്കളെ ലോകത്തിനു നന്നായി അറിയാം.
എന്നാൽ, ഗാന്ധിജിയെക്കുറിച്ച് ലോകം അറിയാതെ പോയി”- ഇതാണ് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് രാഷ്ട്രപിതാവിനെക്കുറിച്ചുള്ള അറിവ്. അപ്പോൾ സ്വാഭാവികമായ മറ്റൊരു ചോദ്യമുണ്ട്; ഗാന്ധി സിനിമയ്ക്കുമുന്പ് ഗാന്ധിജിയെ അറിയാത്തവർക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അറിവ് എന്തായിരിക്കും?
മോദി പറഞ്ഞ മാർട്ടിൻ ലൂതർ കിംഗും നെൽസൺ മണ്ഡേലയുമൊക്കെ ‘ഗാന്ധി’ സിനിമ ഇറങ്ങുന്നതിനു മുന്പേ ഗാന്ധിജിയുടെ ആരാധകരായിരുന്നു. അവരുടെ വാക്കുകൾ ലോകത്തെ ഇന്നും പ്രചോദിപ്പിക്കുകയും ഹിംസയുടെയും ഫാസിസത്തിന്റെയും വക്താക്കളെ അലോസരപ്പെടുത്തുകയും ചെയ്യുകയാണ്.
ക്രോസർ തിയോളജിക്കൽ സെമിനാരിയിൽ പഠിക്കുന്പോഴാണ് മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ ഗാന്ധിയൻ ആദർശങ്ങളെ അടുത്തറിയുന്നത്. പിന്നീട് 1950ൽ ഹാവാഡ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായിരുന്ന മോർഡെക്കായി ജോൺസൺ, ആയിടയ്ക്കു താൻ നടത്തിയ ഇന്ത്യാ സന്ദർശനത്തെയും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തെയുംക്കുറിച്ചു പറഞ്ഞത് മാർട്ടിൻ ലൂതർ കേട്ടു. തുടർന്നു, കിംഗ് പറഞ്ഞത്, “ക്രിസ്തു നമുക്ക് വഴി കാണിച്ചുതന്നു, അതു പ്രാവർത്തികമാണെന്ന് ഇന്ത്യയിൽ ഗാന്ധി തെളിയിച്ചു” എന്നാണ്.
ആധുനിക ലോകത്തിലെ ഏറ്റവും മഹാനായ ക്രിസ്ത്യാനിയായി താൻ ഗാന്ധിയെ കണക്കാക്കുന്നുവെന്ന് അദ്ദേഹം പിന്നീട് അഭിപ്രായപ്പെടുകയും ചെയ്തു. “അടിച്ചമർത്തുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തോട് വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യത്തിനൊപ്പം ഗാന്ധിജി നീതിബോധത്തെയും ധാർമികതയെയും സമന്വയിപ്പിച്ചു” എന്നാണ് നെൽസൺ മണ്ഡേല പറഞ്ഞത്. ഗാന്ധിജിയെ ‘വിശുദ്ധ യോദ്ധാവ്’ എന്നു വിശേഷിപ്പിച്ച നെൽസൺ മണ്ടേല പിന്നീട് ‘ആഫ്രിക്കയുടെ ഗാന്ധി’ എന്നാണ് അറിയപ്പെട്ടത്.
മോദിജീ, ഗാന്ധി സിനിമ ഇറങ്ങുന്നതിന് അര നൂറ്റാണ്ട് മുന്പാണ് ടൈം മാഗസിൻ അദ്ദേഹത്തെ ‘വിശുദ്ധ ഗാന്ധി’ എന്നു വിശേഷിപ്പിച്ചത്. ‘സെയിന്റ് ഗാന്ധി: മാൻ ഓഫ് ദ ഇയർ 1930’ എന്നായിരുന്നു ഗാന്ധിജിയുടെ കവർ ചിത്രത്തോടുകൂടിയ 1931 ജനുവരി അഞ്ചിലെ ടൈം മാഗസിന്റെ ഫീച്ചറിന്റെ തലക്കെട്ട്. നാഥുറാം ഗോഡ്സെ എന്ന ഹിന്ദു മതഭ്രാന്തൻ 1948 ജനുവരി 30ന് ഗാന്ധിജിയെ വെടിവച്ചു കൊന്നപ്പോൾ ലോകം അക്ഷരാർഥത്തിൽ വിറങ്ങലിച്ചുപോയി.
രാഷ്ട്രത്തെ അഭിസംബോധന ചെയ്യൂ എന്ന് മൗണ്ട് ബാറ്റൺ പറഞ്ഞപ്പോൾ, തനിക്കതിനു കഴിയില്ല എന്നാണ് നെഹ്റു തകർന്ന ഹൃദയത്തോടെ പറഞ്ഞത്. നിർബന്ധത്തിനു വഴങ്ങി പിന്നീട് അദ്ദേഹം പ്രസംഗിച്ചത്, “നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ടു പോയി” എന്നു പറഞ്ഞുകൊണ്ടാണ്. ലണ്ടൻ ടൈംസ് എഴുതി: “തലമുറകളായി ഇന്ത്യ സൃഷ്ടിച്ചതിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു മിസ്റ്റർ ഗാന്ധി.”
ആറ്റൻബറോ സിനിമ ഇറക്കിയത് ഗാന്ധിജിയെ ലോകത്തിനു പരിചയപ്പെടുത്താനല്ല. അങ്ങനെയാണെങ്കിൽ 2004ൽ പാഷൻ ഓഫ് ക്രൈസ്റ്റ് ഇറക്കിയത് ക്രിസ്തുവിനെ ലോകത്തിനു പരിചയപ്പെടുത്താനാണെന്നും, 2012ൽ ‘ലിങ്കൺ’ എന്ന സിനിമ ഇറക്കിയതോടെയാണ് ഏബ്രഹാം ലിങ്കണെ ലോകം അറിഞ്ഞതെന്നും പറയേണ്ടിവരും.
മാത്രമല്ല, 2023ൽ ‘ദി മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററി ഇറങ്ങുന്നതിനു മുന്പ് നരേന്ദ്ര മോദിയെ ലോകത്തിന് അറിയില്ലായിരുന്നു എന്നുകൂടി പറയേണ്ടിവരും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ഗോഡ്സെ സംഘമൊഴികെ ഈ രാജ്യത്തെ സകല മനുഷ്യരെയും സമരത്തിനിറക്കിയ മഹാത്മാവിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.
ഗാന്ധിജിയെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അറിയാൻ ലോകത്തിന് ഒരു സിനിമയും വേണ്ട. ഇന്ത്യയുടെ പ്രധാനമന്ത്രി അറിയണം; ഗാന്ധിജി നായകനാണ്; പക്ഷേ, സിനിമയിലല്ല.