"ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന പരിഷ്കാരം തെരഞ്ഞെടുപ്പിനെ മാത്രമല്ല, തുടർന്നുള്ള അഞ്ചു വർഷത്തെ ജനാധിപത്യത്തെയും അന്തിമമായി ജനാധിപത്യ ഭാവിയെയും അട്ടിമറിക്കാനുള്ള സാധ്യതയെ ഉള്ളിൽ വഹിക്കുന്നുണ്ട്.
ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ നേരിയ സാധ്യതയെങ്കിലുമുണ്ടെങ്കിൽ, അതു തെരഞ്ഞെടുപ്പ് പരിഷ്കാരമാണെങ്കിൽ പോലും സംശയത്തോടെ വീക്ഷിക്കണം. ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ചു നടത്താന്‍ ലക്ഷ്യമിട്ടുള്ള "ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' ശിപാർശയ്ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
വിഷയം പഠിക്കാൻ രണ്ടാം എൻഡിഎ സർക്കാർ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
തെരഞ്ഞെടുപ്പുചെലവിന്റെ നിസാര സാന്പത്തികലാഭത്തെ ജനാധിപത്യത്തിന്റെ നിസാരമല്ലാത്ത നഷ്ടത്തിനുമേൽ പ്രതിഷ്ഠിക്കാനുള്ള ശ്രമമാകുമോ "ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്നാണ് ഇനി അറിയാനുള്ളത്. അതായത് ഈ ചർച്ച തെരഞ്ഞെടുപ്പിലേക്കു ചുരുങ്ങരുത്.
പ്രതിപക്ഷ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭ "ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ഏകീകൃത തെരഞ്ഞെടുപ്പ് ശിപാർശയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഇതനുസരിച്ച്, ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് ഉദ്ദേശിക്കുന്നത്.
2029ൽ നടത്താനിരിക്കുന്ന അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതു നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു കരുതുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം കാര്യക്ഷമമാക്കാനും സഹായിക്കുമെന്നാണ് ബിജെപിയുടെ പ്രധാന അവകാശവാദം.
അടിക്കടി തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യപുരോഗതിക്കു വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിനു ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. സർക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ഇതു നടപ്പിലാക്കാൻ ഏറെ പ്രതിസന്ധികളുണ്ടാകും എന്ന നിരീക്ഷണങ്ങളെ ബിജെപി തള്ളിക്കളയുകയാണ്.
കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞത്. ഇതിനാവശ്യമായ അംഗബലം ലോക്സഭയിലോ രാജ്യസഭയിലോ നരേന്ദ്ര മോദിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം കാര്യങ്ങളുമായി ഇറങ്ങുന്നതെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചത്.
സർക്കാരിന് അനുകൂലമായ സാഹചര്യമുണ്ടാകുന്പോൾ ദേശീയതലത്തിൽ സൃഷ്ടിക്കാനാകുന്ന തരംഗം സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരാനാണ് ഇത്തരത്തിൽ ഒരു സംവിധാനത്തിലേക്ക് രാജ്യം പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പുതിയ സംവിധാനത്തിന് ഗുണവും ദോഷവുമുണ്ടെങ്കിലും ജനാധിപത്യത്തിന്റെ കാതലായ തെരഞ്ഞെടുപ്പു പ്രക്രിയയിൽ സാന്പത്തികലാഭത്തിനാണോ സുസ്ഥിരമായ ജനാധിപത്യവ്യവസ്ഥയ്ക്കാണോ പ്രാധാന്യം കൊടുക്കേണ്ടതെന്ന ചോദ്യവുമുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കനുസരിച്ച്, രാജ്യത്ത് ആറ് ദേശീയ പാർട്ടികളും 57 സംസ്ഥാന പാർട്ടികളും 2,597 അംഗീകാരം ലഭിക്കാത്ത പാർട്ടികളുമുണ്ട്. ദേശീയ പാർട്ടികൾ ഒഴികെ ബാക്കിയെല്ലാം പ്രാദേശിക താത്പര്യങ്ങൾക്കും സംസ്കാരത്തിനുമനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. സംസ്ഥാനങ്ങളിലെ വിഷയങ്ങളിലൂന്നി തെരഞ്ഞെടുപ്പു നടക്കുന്പോൾ അതിൽ മാത്രം ശ്രദ്ധയൂന്നാനും ആവശ്യങ്ങൾ ചർച്ച ചെയ്യാനും സാധിക്കും.
ഏകീകൃത തെരഞ്ഞെടുപ്പ് നിലവിൽ വന്നാൽ ദേശീയ വിഷയങ്ങളും സംസ്ഥാന വിഷയങ്ങളും പഞ്ചായത്തു തലത്തിലുള്ള വിഷയങ്ങളും ഒരേസമയം ചർച്ച ചെയ്യേണ്ടിവരുന്നത് വോട്ടർമാരെ ശ്വാസം മുട്ടിക്കുന്നതിനു തുല്യമാണ്. അന്തിമമായി നിലവിലെ ഫെഡറൽ സംവിധാനത്തെ അതു ദുർബലപ്പെടുത്തുകതന്നെ ചെയ്യും.
അതിലും വലിയ അപകടമുണ്ട്. ഒറ്റയടിക്കു തെരഞ്ഞെടുപ്പു നടത്തുന്നത് തെരഞ്ഞെടുപ്പിനെ മാത്രമല്ല, തുടർന്നുള്ള അഞ്ചു വർഷത്തെ ജനാധിപത്യ പ്രക്രിയയെയും ബാധിക്കുമെന്ന അത്യന്തം ആപത്കരമായ യാഥാർഥ്യവും തിരിച്ചറിയണം. സർക്കാരുകൾക്ക്, പ്രത്യേകിച്ചു കേന്ദ്രസർക്കാരിന്, ജനങ്ങളുടെ ഇടയ്ക്കിടെയുള്ള പ്രവർത്തന ഓഡിറ്റിംഗുകളെ അതിജീവിക്കാൻ സഹായിക്കുന്ന മാറ്റത്തിലേക്കാണ് മൂന്നാം എൻഡിഎ സർക്കാർ ചുവടുവയ്ക്കുന്നത്.
ഉദാഹരണത്തിന്, രാജ്യത്തെ പെട്രോൾ വിലയുടെ കാര്യം മാത്രമെടുത്താൽ മതി. അഞ്ചു വർഷത്തേക്ക് കേന്ദ്രഭരണം ഉറപ്പാക്കിയ ബിജെപിക്ക് സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ സമയത്ത് പെട്രോൾ വില കുറയ്ക്കില്ലെന്ന ധാർഷ്ട്യം തത്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കേണ്ടിവന്നു; കഴിഞ്ഞ 10 വർഷത്തിനിടെ പല തവണ. അതുപോലെ, ഏകീകൃത തെരഞ്ഞെടുപ്പു നടന്നാൽ തുടർന്നുള്ള അഞ്ചു വർഷത്തേക്ക് വിലക്കയറ്റം, അഴിമതി, വർഗീയത, ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങളിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെയോ ജനഹിതത്തെയോ മാനിക്കേണ്ടിവരില്ല. അതു വർധിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ശക്തിയല്ല, സർക്കാരിന്റെ ജനാധിപത്യവിരുദ്ധ ശക്തിയാണ്.
തെരഞ്ഞെടുപ്പു ചെലവുകൾ കുറയ്ക്കാമെന്ന സർക്കാരിന്റെ വാദം ചെറിയ ലാഭത്തെ സൂചിപ്പിക്കുന്നുണ്ടാകാം. പക്ഷേ, ജനങ്ങളുടെ നിരീക്ഷണവലയത്തിൽനിന്നു സർക്കാരിന് അഞ്ചു വർഷത്തേക്കു തുടർച്ചയായി ഒഴിവു കിട്ടുമെന്നത് ജനാധിപത്യത്തിന്റെ തിരുത്തൽശക്തിയെ ക്ഷയിപ്പിക്കുമെന്ന വലിയ നഷ്ടമാണ്.
അതായത്, ഏകീകൃത തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിനെ എന്നതിനേക്കാൾ തുടർന്നുള്ള അഞ്ചു വർഷത്തെ ജനാധിപത്യത്തെയും അന്തിമമായി ജനാധിപത്യ ഭാവിയെയും അട്ടിമറിക്കാനുള്ള സാധ്യതയെ ഉള്ളിൽ വഹിക്കുന്നുണ്ട്. അതിനെ നിശ്ചയമായും നിരീക്ഷണവിധേയമാക്കണം. കാരണം, ഏകീകൃത തെരഞ്ഞെടുപ്പല്ല, ജനാധിപത്യമാണു വലുത്.