പാക്കിസ്ഥാൻ രാജ്യമല്ല, ആശയമാണ്
Saturday, May 10, 2025 12:00 AM IST
ക്രൂരമായ ഒരു കൂട്ടക്കുരുതിയിലൂടെ പാക്കിസ്ഥാൻ തുടങ്ങിയ ഹിംസ യുദ്ധസമാനമായിരിക്കുകയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നറിയാവുന്നവർക്കും തീവ്രവാദത്തിന്റെ പാക്കിസ്ഥാൻ പതിപ്പിനെ എങ്ങനെ ചെറുക്കുമെന്നറിയില്ല.
പാക്കിസ്ഥാൻ ഭീകരർ കാഷ്മീരിൽ നടത്തിയ കൂട്ടക്കുരുതിയോടെ തുടങ്ങിയ സംഘർഷം യുദ്ധസമാനമായ സ്ഫോടനാത്മകതയിൽ എത്തിയിരിക്കുന്നു. ആഗ്രഹിക്കാത്ത ഒരു തിരിച്ചടിക്കാണ് ഇന്ത്യ നിർബന്ധിതമായത്.
യുദ്ധത്തെ വെറുക്കുന്ന നല്ല മനുഷ്യർ മാത്രമല്ല, അവസരവാദികളായ രാഷ്ട്രീയക്കാരും പാക്കിസ്ഥാനോട് ഉള്ളിൽ ഐക്യദാർഢ്യം സൂക്ഷിക്കുന്നവരുമൊക്കെ യുദ്ധം വേണ്ട, അതിർത്തിക്കപ്പുറത്തുള്ളവരും മനുഷ്യരാണ്, അവർക്കും വികാരങ്ങളുണ്ട്, വേദനയുണ്ട് എന്നൊക്കെ പറയുന്നുണ്ട്.
പക്ഷേ, അതു പാക്കിസ്ഥാനല്ലേ തോന്നേണ്ടത്? പഹൽഗാമിൽ കൊല്ലപ്പെട്ട സ്വന്തം പൗരന്മാരെ കണ്ടില്ലെന്നു നടിച്ച് പാക്കിസ്ഥാൻ പൗരന്മാരുടെ സുരക്ഷയാണോ ഇന്ത്യ നോക്കേണ്ടത്്? മറക്കരുത്, പഹൽഗാമിൽ തീവ്രവാദികൾ അഡ്വാൻസ് തന്നു ബുക്ക് ചെയ്ത നാശമാണ് ഇന്ത്യ ഇസ്ലാമബാദിലേക്കും ലാഹോറിലേക്കും കറാച്ചിയിലേക്കും കൃത്യമായി അയച്ചുകൊടുക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നു പറയുന്നവർ പരിഹാരമെന്തെന്നു പറയുന്നില്ല.
വിഭജനത്തിനുശേഷം 78 വർഷം പിന്നിട്ടിട്ടും ആർക്കും പരിഹാരം കാണാൻ കഴിഞ്ഞിട്ടുമില്ല. കാരണം, അതിന്റെ വേരുകൾ കിടക്കുന്നത് അതിർത്തിയിലല്ല, മതതീവ്രവാദത്തിലാണ്; കാഷ്മീരിലല്ല, തീവ്രവാദ മനസുകളിലാണ്. ഉള്ളതു പറഞ്ഞാൽ ഇസ്ലാമിക തീവ്രവാദത്തെ കൈകാര്യം ചെയ്യാൻ ലോകത്തിന് അറിയില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ഏപ്രിൽ 22ന് പഹൽഗാമിൽ 26 നിരപരാധികളെ പാക്കിസ്ഥാൻ തീവ്രവാദികൾ കൊന്നതിന്റെ തിരിച്ചടിയായി "ഓപ്പറേഷൻ സിന്ദൂറി'ലൂടെ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ മേയ് ആറിന് ഇന്ത്യ തകർത്തിരുന്നു. പക്ഷേ, തീവ്രവാദികളെ തൊട്ടത് അവർക്കു സഹിച്ചില്ല. വ്യാഴാഴ്ച രാത്രിയിൽ പാക്കിസ്ഥാൻ ഇന്ത്യക്കു നേരേ ആക്രമണം അഴിച്ചുവിട്ടു.
തിരിച്ചടി ഒട്ടും വൈകിയില്ല. ഇന്നലെയും പാക്കിസ്ഥാൻ, മിസൈലുകളും തുർക്കി നിർമിത ഡ്രോണുകളും ഉപയോഗിക്കുകയും പതിന്മടങ്ങ് നഷ്ടം ഇന്ത്യയിൽനിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സൈനിക കേന്ദ്രങ്ങളും ജനവാസകേന്ദ്രങ്ങളും ആക്രമിച്ചു. 36 ഇടങ്ങളിൽ 300 മുതൽ 400 വരെ ഡ്രോണുകളുപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണശ്രമം നടത്തി. അതിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു. പൂഞ്ചിലെ സിക്ക്, ക്രൈസ്തവ ആരാധനാലയങ്ങൾ പാക്കിസ്ഥാൻ ആക്രമിച്ചു. തങ്ങളുടെ പ്രശ്നം മതഭ്രാന്താണെന്ന് പാക്കിസ്ഥാൻ ആവർത്തിച്ചു തെളിയിക്കുകയാണ്.
അതിർത്തിക്കടുത്തുള്ളവിമാനത്താവളങ്ങൾ ഇന്ത്യ അടച്ചു. അതേസമയം, കഴിഞ്ഞദിവസം വിമാനത്താവളങ്ങൾ അടയ്ക്കാതെയാണ് പാക്കിസ്ഥാൻ ഇന്ത്യയിലേക്കു മിസൈൽ അയച്ചത്. ഇന്ത്യയുടെ തിരിച്ചടിയിൽ ആ വിമാനങ്ങൾ തകരാൻ ഇടയുണ്ടെന്ന് അറിയാഞ്ഞിട്ടല്ല. യാത്രാവിമാനങ്ങളെ മനുഷ്യകവചങ്ങളാക്കുന്ന ക്രൂരതയാണത്. തീവ്രവാദ രാഷ്ട്രത്തിനു മാത്രമേ അതു സാധിക്കുകയുള്ളൂ.
ഇത്തരമൊരു രാജ്യത്തെയാണ് ഇന്ത്യ അയലത്തു സഹിച്ചുകൊണ്ടിരിക്കുന്നത്. കൃഷി, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനു പകരം എന്തിനാണ് ഇന്ത്യയിലേക്കു തീവ്രവാദികളെ അയച്ച് യുദ്ധത്തിനു വഴിതുറക്കുകയും ദുരന്തങ്ങൾ ചോദിച്ചുവാങ്ങുകയും ചെയ്യുന്നത് എന്ന് പാക്കിസ്ഥാനിലെ ജനങ്ങൾ ചിന്തിച്ചിരുന്നെങ്കിൽ അവർക്ക് ഇത്ര പരിതാപകരമായ ജീവിതാവസ്ഥ ഉണ്ടാകുമായിരുന്നില്ല.
ശല്യക്കാരായ അയൽക്കാരില്ലായിരുന്നെങ്കിൽ, പ്രതിരോധച്ചെലവ് കുറച്ച് ഇന്ത്യക്കും കൂടുതൽ തുക വികസനത്തിനു ചെലവഴിക്കാമായിരുന്നു. പക്ഷേ, അതു സാധിക്കില്ല. മതം തലയ്ക്കുപിടിച്ച രാജ്യമാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനെയും തുർക്കിയെയും ഇറാനെയും യെമനെയും നൈജീരിയയെയുമൊക്ക പോലെ അതിനും വൈവിധ്യങ്ങളെ അംഗീകരിക്കാനോ സഹിഷ്ണുത കാണിക്കാനോ സാധിക്കില്ല. വിഭജനത്തിലൂടെ പാക്കിസ്ഥാൻ വേർപെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നെന്നു ചിന്തിക്കാൻ ഇതുമൊരവസരമാണ്.
ഒരു നൂറ്റാണ്ടു കഴിഞ്ഞാലും പാക്കിസ്ഥാൻ പുരോഗതി പ്രാപിക്കില്ല. അതവർക്കു പ്രശ്നവുമല്ല. അനുഭവിക്കുന്ന ജീവിതമല്ല കിട്ടാനിരിക്കുന്ന മരണാനന്തര ജീവിതമാണ് പ്രധാനമെന്ന് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെപ്പോലും പഠിപ്പിക്കുന്ന മതാന്ധത അസൽ ഭ്രാന്താണെന്ന് അവർക്കു മനസിലാകില്ല. ഇന്ത്യക്കു യുദ്ധക്കൊതിയില്ല, പക്ഷേ, തീവ്രവാദികളുടെ ബലിവസ്തുക്കളാകാൻ സൗകര്യമില്ല. ലോകമറിയണം; പാക്കിസ്ഥാൻ ഒരു രാജ്യമല്ല, ഭയാനകമായ ഒരു ആശയത്തിന്റെ കൃഷിയിടമാണ്.