കുടിയേറ്റക്കാരുടെ“ഓപ്പറേഷൻ മലങ്കൾട്ട്”
Monday, May 19, 2025 12:00 AM IST
കുടിയേറ്റ കർഷകവിരുദ്ധതയെയും വന്യജീവി ആക്രമണങ്ങളെയും ഇനിമേൽ ഒറ്റപ്പെട്ട സംഭവമായിട്ടല്ല കാണേണ്ടത്, ഒരു കുടിയേറ്റകർഷകവിരുദ്ധ മനോഭാവത്തിന്റെ ഭാഗമായിട്ടാണ്. വിനോയ് തോമസിന്റെ ‘മലങ്കൾട്ട്’ പ്രയോഗം കുടിയേറ്റ ചരിത്രത്തിലെ തിരിഞ്ഞുനിൽപ്പാണ്.
“മലങ്കൾട്ടിന് എന്താണ് കുഴപ്പം?” എന്ന തലക്കെട്ടിൽ എഴുത്തുകാരൻ വിനോയ് തോമസ് ഫേസ്ബുക്കിൽ കുറിച്ചത്, കേരളത്തിൽ അങ്ങേയറ്റം നിന്ദിക്കപ്പെട്ട കുടിയേറ്റ കർഷകരിലെ രണ്ടാം തലമുറയുടെ പൊട്ടിത്തെറിക്കലാണ്. പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ കുടിയേറ്റകർഷക സ്വത്വം പാർശ്വവത്കരണത്തിന്റെയും നിന്ദയുടെയും ഉപകരണമാകുന്നതാണ് പശ്ചാത്തലമെങ്കിലും കുടിയേറ്റക്കാരോടുള്ള രണ്ടാംതരം പൗരത്വ മനോഭാവമാണ് പ്രമേയം.
നവകേരള രാഷ്ട്രീയമെങ്കിലും അതിൽനിന്നു മുക്തമായിരുന്നെങ്കിൽ, വന്യജീവി ആക്രമണമൊക്കെ പണ്ടേ പരിഹരിക്കപ്പെടുമായിരുന്നു. കുടിയേറ്റ കർഷകരുടെ ജീവിതത്തിനും മരണത്തിനും കാട്ടുമൃഗങ്ങളുടെ അവകാശങ്ങൾ പോലുമില്ലാത്ത ദുഷിച്ച ഭരണക്രമവും നിയമസംഹിതകളും തിരുത്തപ്പെടുമായിരുന്നു. വനംവകുപ്പിനെ നിയന്ത്രിക്കുമായിരുന്നു.
കുടിയേറ്റക്കാരോടുള്ള സാംസ്കാരിക പ്രമാണിമാരുടെ മനോഭാവത്തെക്കുറിച്ചാണ് വിനോയ് എഴുതിയത്. “കാട് കൈയേറിയവർ, വേട്ടയാടി മൃഗങ്ങളെ കൊല്ലുന്നവർ, ആദിവാസി സമൂഹങ്ങളെ നശിപ്പിച്ചവർ, കപ്പയും റബറും നാടിനുവേണ്ട മറ്റ് ഉത്പന്നങ്ങളും കൃഷിചെയ്യുക എന്ന കൊടുംപാതകം നടത്തുന്നവർ, ബുദ്ധിജീവി വേഷംകെട്ടലുകളോട് വലിയ ബഹുമാനമില്ലാത്തവർ, കാല്പനികമായ രാഷ്ട്രീയ തത്വശാസ്ത്രങ്ങളിൽ കാര്യമായ വിശ്വാസമില്ലാത്തവർ, പൈങ്കിളിക്കാർ, പരിസ്ഥിതിവിരുദ്ധർ, സർവോപരി കോൺഗ്രസുകാർ... അച്ചന്മാർ, കന്യാസ്ത്രീകൾ, പള്ളി ജീവനക്കാർ, കശാപ്പുകാർ, കർഷകർ, വാറ്റു കുടിക്കുന്നവർ, അശ്ലീലം പറയുന്നവർ, പള്ളിയിൽ പോകുന്നവർ, അധ്വാനിക്കുന്നവർ എന്നിങ്ങനെ ഒട്ടുമേ സാഹിത്യപൊലിമയില്ലാത്ത കഥാപാത്രങ്ങളായി ജീവിക്കുന്ന ഈ സമൂഹം കേരളീയജീവിതത്തിന്റെയോ മലയാളസാഹിത്യത്തിന്റെയോ ഭാഗമാണെന്ന് ഇവിടുത്തെ സാംസ്കാരികപ്രമാണിമാർ ആരുംതന്നെ ഇതുവരെ അംഗീകരിച്ചിട്ടില്ല.” വിനോയ് പറഞ്ഞ ഈ മനോഭാവം സാംസ്കാരിക തലത്തിനപ്പുറം രാഷ്ട്രീയത്തെയും ഭരണത്തെയും ബാധിച്ചിട്ടുണ്ടെന്നുകൂടി പറയട്ടെ.
അല്ലെങ്കിൽ, ലോകം ആദരവോടെ കാണുന്ന കുടിയേറ്റ കർഷകർ കേരളത്തിൽ എങ്ങനെയാണ് അവഗണിക്കപ്പെടുന്നത്? എന്തടിസ്ഥാനത്തിലാണ് ആ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ചത്? അവരെ മലകളിലേക്കു കുടിയേറാനും സമതലവാസികൾക്കു തീറ്റയുണ്ടാക്കാനും പറഞ്ഞയച്ച സർക്കാരുകൾ എന്തുകൊണ്ടാണ് കുടിയേറ്റക്കാർ പ്രതിക്കൂട്ടിലായപ്പോഴൊക്കെ നിശബ്ദത പുലർത്തിയത്? എന്തുകൊണ്ടാണ് കുടിയേറ്റ കർഷകർ മുഖ്യ ഇരകളാകുന്ന വന്യജീവി ആക്രമണങ്ങളും കൊലപാതകങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നത്? മലയോരങ്ങൾക്കു പകരം വരേണ്യവാസ സമതലങ്ങളിലും നഗരങ്ങളിലുമാണ് വന്യജീവികൾ മനുഷ്യവേട്ടയ്ക്കിറങ്ങിയിരുന്നതെങ്കിൽ ഇതാകുമായിരുന്നോ സ്ഥിതി? മലങ്കൾട്ട് എന്ന വാക്ക് മലയോരകർഷക സംസ്കാരത്തെയോ അവർ ഭൂമിക്കു ചാർത്തിയ ഹരിതാവരണത്തെയോ സൂചിപ്പിക്കുന്നതല്ല; വെറും കളിയാക്കലാണ്. വിനോയ് അതിനെ ആക്ഷേപഹാസ്യത്തിന്റെ കൂരന്പാക്കിയെന്നേയുള്ളൂ.
കുടിയേറ്റ കർഷകരുടെ ഈ സ്വത്വ പ്രതിസന്ധിയെ 2014ൽ ദീപിക തുറന്നുകാണിക്കുകയും അവർക്കുമേൽ സ്ഥാപനവത്കരിക്കപ്പെട്ട സംസ്കാരിക-രാഷ്ട്രീയ അധിനിവേശത്തെ ചരിത്രവസ്തുതകൾ നിരത്തി ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റക്കാരെ പശ്ചിമഘട്ട സംരക്ഷകരും രാഷ്ട്രീയ പാർട്ടികളും സർക്കാരും കോടതിയുംപോലും കൈവിടുന്നുവെന്നു തോന്നിയ ഘട്ടത്തിലാണ് ദീപിക ‘കുടിയേറ്റമണ്ണിലെ ഹരിതയാഥാർഥ്യങ്ങൾ’ എന്ന ദീർഘമായ പരന്പര പ്രസിദ്ധീകരിച്ചത്.
അതിലൂടെ ആദ്യകാല കുടിയേറ്റ കർഷകർ, മരണം മഴപോലെ പെയ്തിരുന്ന കുടിയേറ്റകാലത്തെ അനുഭവങ്ങൾ പറഞ്ഞു. അവർ വൃക്ഷങ്ങൾ നശിപ്പിച്ചില്ല; തരിശായി ലഭിച്ച ഭൂമിയെ കാർഷികവിളകൾകൊണ്ട് ഹരിതാഭമാക്കുകയായിരുന്നു. കുടിയേറാൻ ഇടയാക്കിയ അന്നത്തെ സാഹചര്യവും കർഷകരെ അതിനു നിർബന്ധിച്ച സർക്കാർ നടപടിരേഖകളുമൊക്കെ പ്രസിദ്ധീകരിച്ചതോടെ നിരവധിയാളുകൾ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തി. പിന്നീട് അത്, “പുറപ്പാടിന്റെ 100 വർഷങ്ങൾ” എന്ന പേരിൽ വിപുലീകരിച്ചു പുസ്തകമാക്കിയതോടെ എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും ഗവേഷകവിദ്യാർഥികളുമൊക്കെ കുടിയേറ്റകാലത്തിന്റെ യുദ്ധസമാന യാഥാർഥ്യങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടമെങ്കിലും നടത്തി. പക്ഷേ, ആ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായില്ല. പ്രവൃത്തികൾ പഴയപടി തുടരുകയും ചെയ്തു.
സാംസ്കാരിക അധികാരികൾ തൊട്ടുകൂടായ്മ കൽപ്പിക്കുകയും ചരിത്രമെഴുത്തുകാർ തിരസ്കരിക്കുകയും അങ്ങനെ പുതുതലമുറ അജ്ഞതയാൽ അവഹേളിക്കുകയും ചെയ്ത നന്ദികേടിന്റെ ചരിത്രമാണ് കേരളത്തിലെ കുടിയേറ്റ കർഷകരുടേത്. വ്യാജപരിസ്ഥിതിക്കാരും പുത്തൻകുറ്റുകാരായ രാഷ്ട്രീയക്കാരും കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കി. മലകളിൽ മണ്ണിടിയുന്നിടത്തു മുതൽ ആഗോള താപനത്തിൽ വരെ അവരെ പ്രതികളാക്കി അരങ്ങേറിയ ചർച്ചകൾ കേരളത്തിന്റെ പൊതുബോധത്തെ വീണ്ടും വീണ്ടും കുടിയേറ്റ കർഷക വിരുദ്ധരാക്കി.
ഒടുവിൽ, കാർബൺ ഫണ്ട് പ്രലോഭനങ്ങളും ചില സംഘടനകളുടെയും മാധ്യമങ്ങളുടെയും പരിസ്ഥിതി തീവ്രവാദവും സർക്കാരും വനംവകുപ്പും വന്യജീവികളുമൊക്കെ ചേർന്ന് ആ മനുഷ്യരോട് കുടിയിറങ്ങിക്കൊള്ളാൻ കണ്ണുരുട്ടി കാണിക്കുകയാണ്. ഇതാണ് ചരിത്രനിരാസത്തിൽ തുടങ്ങി മലങ്കൾട്ടിലെത്തിനിൽക്കുന്ന കുടിയേറ്റത്തിന്റെ വർത്തമാനം. ആദിവാസികളെയും ദളിതരെയും പിന്നാക്കക്കാരാക്കിയ വരേണ്യസംസ്കാരവും വരേണ്യ സർക്കാരുകളുമാണ് മലയോര കർഷകരായ കുടിയേറ്റക്കാരെയും കാട്ടുനീതിയുടെ മൃഗബലികൾക്ക് ഒരുക്കിനിർത്തിയിരിക്കുന്നത്.
“ഇത്രയും കാലം കുടിയേറ്റക്കാർ എന്ന പേരിൽ നിങ്ങൾ ഞങ്ങളോട് കാണിച്ച കരുതലിൽ പൊതിഞ്ഞ ആ അവഗണനയുണ്ടല്ലോ, അതിന്റെ കൊമ്പ് ചവിട്ടിയൊടിച്ചിട്ടാണ് ഞങ്ങളിൽ ചിലരൊക്കെ വന്ന് ഇവിടെയിങ്ങനെ നിൽക്കുന്നത്. ആ നിൽപ്പു കാണുമ്പോൾ തെറി വിളിക്കാൻ തോന്നുന്നവരോടും എനിക്ക് സ്നേഹം മാത്രം.” - വിനോയ് പറയുന്നു.
കുടിയേറ്റക്കാർക്കുള്ളിൽ തീക്ഷ്ണമായ അനുഭവങ്ങളുണ്ടായിരുന്നു. പക്ഷേ, പണിയായുധങ്ങൾ വിയർപ്പിലും ചോരയിലും മുക്കിയുള്ള എഴുത്ത് മണ്ണിലായിരുന്നു. പകലും രാത്രിയും പറന്പിൽ പണിതും മലന്പനിയും വന്യജീവികളും മത്സരിച്ചു കൊന്ന പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചും ഏകാന്തതയുടെ ഏറുമാടങ്ങളിൽ കണ്ണടയ്ക്കാതെ ഉറങ്ങിയും ജീവിതത്തെ ഒരു യുദ്ധമാക്കിയവരുടെ മക്കളാണ് നിവർന്നുനിൽക്കാൻ ത്രാണിയുണ്ടായപ്പോൾ എഴുതാനും വായിക്കാനും സമയം കണ്ടെത്തിയത്. അവർ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.
കുടിയേറ്റ കർഷകവിരുദ്ധതയെയും സാംസ്കാരിക അവഗണനയെയും വന്യജീവി ആക്രമണങ്ങളെയുമൊക്കെ ഇനിമേൽ ഒറ്റപ്പെട്ട സംഭവങ്ങളായിട്ടല്ല കാണേണ്ടത്, നൂറ്റാണ്ടു പിന്നിട്ട ഒരു കുടിയേറ്റകർഷകവിരുദ്ധ മനോഭാവത്തിന്റെ ഭാഗമായിട്ടാണ്. അപ്പോൾ മനസിലാകും, എന്തുകൊണ്ടാണ് കുടിയേറ്റ കർഷകരെയും ആദിവാസികളെയുമൊക്കെ വന്യമൃഗങ്ങൾ കൊന്നൊടുക്കുന്പോൾ നവകേരള നീറോമാർ വീണ മീട്ടിക്കൊണ്ടിരിക്കുന്നതെന്ന്.
വന്യജീവികളെ പഴി പറഞ്ഞിരിക്കാതെ അവയെ നരനായാട്ടിനിറക്കുന്ന സംസ്കാരത്തിനെതിരേയാണ് ഇനി ശബ്ദമുയരേണ്ടത്. അതു മറ്റൊരു കുടിയേറ്റമാണ്; സ്വന്തം സ്വത്വത്തിന്റെ കൊടിയേന്തിയുള്ള പർവതാരോഹണം.