സുവിശേഷ നയത്തിന്റെ ലെയോണിയന് തുടർച്ച
Tuesday, May 20, 2025 12:00 AM IST
ലോകത്തിനു വിശ്വസിക്കാം, സമാധാനത്തിന്റെ പാതയൊരുക്കുന്നതിനുള്ള കരാർ ഫ്രാൻസിസിൽനിന്ന് ലെയോ ഏറ്റെടുത്തിരിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയിൽനിന്നു ലെയോ മാർപാപ്പയിലേക്കുള്ള ദൂരം അളക്കാനുള്ള ലോകത്തിന്റെ കൗതുകം അവസാനിച്ചു. “യുദ്ധം വേണ്ട. ഇതു സ്നേഹത്തിന്റെ സമയമാണ്. പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്കു സൃഷ്ടിക്കാം. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതും ദരിദ്രരെ അരികുവത്കരിക്കുന്നതും അവസാനിപ്പിക്കണം.
കുടിയേറ്റക്കാരുടെ അന്തസ് മാനിക്കണം...” ഫ്രാൻസിസ് മാർപാപ്പ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും തുല്യതയുടെയും പാഠങ്ങൾ ലെയോ പതിനാലാമൻ മാർപാപ്പ ആവർത്തിച്ചിരിക്കുന്നു. ഒരു മാർപാപ്പയിൽനിന്നു മറ്റൊരാളിലേക്കുള്ള ദൂരമല്ല, ക്രിസ്തുവുമായുള്ള അടുപ്പവും സുവിശേഷത്തിന്റെ മാറ്റൊലിയാകാനും സഭയെ നയിക്കാനുള്ള നിയോഗവുമാണ് സഭാ തലവന്റെ വാക്കുകളിൽ തെളിഞ്ഞത്.
267-ാമത് മാർപാപ്പയായി ചുമതലയേറ്റശേഷം വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ ഏഴിടത്ത് ഐക്യത്തെക്കുറിച്ചും നാലിടത്ത് സൗഹാർദത്തെക്കുറിച്ചും ലെയോ മാർപാപ്പ പറഞ്ഞു; സ്നേഹത്തെക്കുറിച്ച് അതിലേറെ തവണയും. മാറുന്നതു നയമല്ല, തുടർച്ചക്കാരന്റെ പേരു മാത്രം.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിനു മധ്യത്തിൽ പ്രത്യേകം തയാറാക്കിയ ബലിവേദിയിലെ തിരുക്കർമങ്ങൾക്കു മധ്യേയാണ് ലെയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റത്. വിവിധ രാഷ്ട്രത്തലവന്മാരും സഭാ പിതാക്കന്മാരും ലോകമെങ്ങുംനിന്നുള്ള സന്യസ്തരും വിശ്വാസികളും യാത്രികരുമുൾപ്പെടെ പതിനായിരങ്ങൾ സാക്ഷികളായി.
സ്നേഹം, സമാധാനം, സത്യം, നീതി തുടങ്ങിയ ദൗത്യങ്ങൾക്കുവേണ്ടിയുള്ള സഭയുടെ പ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു മാർപാപ്പയുടെ സന്ദേശം. കുടിയേറ്റത്തിന്റെയും നിർമിതബുദ്ധിയുടെയും വെല്ലുവിളികളുടെ കാലത്ത്, ആഗോള സംഭാഷണത്തിനും നയതന്ത്രത്തിനും മനുഷ്യാന്തസിനോടുള്ള ബഹുമാനത്തിനുമുള്ള ആഹ്വാനമായി അതു മാറി.
അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പ ആരുടെയും വിധേയനല്ലെന്ന സൂചനകൾ കുടിയേറ്റത്തെക്കുറിച്ചുള്ള വാക്കുകളിൽ പ്രകടം. കുടിയേറ്റക്കാരുടെ അന്തസ് മാനിക്കപ്പെടണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞത്, യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നിർബന്ധിച്ച് നാടുകടത്തുന്ന സാഹചര്യത്തിലായിരുന്നുവെന്നത് ശ്രദ്ധേയമായി.
മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവരോട് സഹാനുഭൂതിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള ആഹ്വാനം, ഷിക്കാഗോയിൽ ജനിച്ചുവളർന്ന കുടിയേറ്റ പാരന്പര്യമുള്ള മാർപാപ്പ സ്വന്തം അനുഭവ പശ്ചാത്തലത്തിലാണ് നടത്തിയത്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതും ദരിദ്രരെ അരികുവത്കരിക്കുന്നതും അവസാനിപ്പിക്കണമെന്ന വാക്കുകളിലും വ്യക്തമായ നിലപാട് പ്രകടമായി.
അതു പറയുന്പോൾ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറിയ അമേരിക്കയുടെ പ്രതിനിധിയായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അവിടെ ഉണ്ടായിരുന്നു. സന്ദേശം ഇങ്ങനെ തുടർന്നു: “എന്റേതായ ഒരു യോഗ്യതയുമില്ലാതെയാണു ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഭീതിയും വിറയലും മാറാതെ, ഒരു സഹോദരനെന്ന നിലയിലാണു ഞാൻ നിങ്ങളുടെ അടുക്കലേക്കു വരുന്നത്.
ദൈവസ്നേഹത്തിന്റെ പാതയിൽ നിങ്ങളോടൊപ്പം നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, നമ്മളെല്ലാവരും ഒരു കുടുംബത്തിൽ ഒന്നായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഇതു സ്നേഹത്തിന്റെ സമയമാണ്. സ്നേഹത്തിന്റെ പാലങ്ങള് തീര്ത്ത് പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കാം. യുദ്ധം മൂലം കഷ്ടപ്പെടുന്നവർക്കായി പ്രാർഥിക്കാം. സംഘർഷങ്ങൾ ഒഴിവാക്കി സഹജീവികളെ മനസിലാക്കി ജീവിക്കാം.
ദരിദ്രരെ അരികുവത്കരിക്കരുത്. ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നായിരിക്കണം. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. സ്വയം പിൻവാങ്ങാത്ത, ഐക്യമുള്ള, മിഷനറി സ്വഭാവമുള്ള ഒരു സഭയാണു വേണ്ടത്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടു പോകണം. ഐക്യമുള്ള സഭയാണ് എന്റെ ആദ്യത്തെ ആഗ്രഹം.”
സംഘർഷങ്ങളുടെ കാലമാണെന്നും പരിഹാരശ്രമങ്ങളൊന്നും എളുപ്പമല്ലെന്നുമുള്ള ബോധ്യം മാർപാപ്പയ്ക്കുണ്ട്. ഏതാനും ദിവസങ്ങൾക്കു മുന്പ് പോൾ ആറാമൻ ഹാളിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞത്, കഠിനമായ വെല്ലുവിളികളുടെ കാലത്താണ് നാം ജീവിക്കുന്നതെങ്കിലും അവയിൽനിന്നുള്ള ഒളിച്ചോട്ടം നമുക്ക് അസാധ്യമാണെന്നാണ്.
നമ്മൾ നന്നായി ജീവിച്ചാൽ നമ്മുടെ കാലഘട്ടവും നല്ലതായിരിക്കുമെന്നും നാം ജീവിക്കുന്ന കാലഘട്ടം നമ്മൾതന്നെയാണെന്നും വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളെ ഉദ്ധരിച്ച് അദ്ദേഹം ഓർമിപ്പിച്ചു. മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകളിൽ ഏറ്റവും ശ്രദ്ധേയമായത്, നമുക്ക് ആദ്യം വാക്കുകളെ നിരായുധീകരിക്കാം, അപ്പോൾ ലോകംതന്നെ നിരായുധമാകും എന്നതാണ്.
ഒരു പക്ഷേ, സമാധാനത്തിനുള്ള തന്റെ ആഹ്വാനം പ്രാവർത്തികമാക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ലോകത്തിനു നൽകിയ ഗൃഹപാഠമായി അതിനെ കാണാം. വാക്കുകളിൽനിന്നു പ്രവൃത്തികളിലേക്കും അവിടെനിന്നു വിശ്വസാഹോദര്യത്തിലേക്കും വഴിതെളിച്ചേക്കാവുന്ന വ്യക്തിപരമായ നിരായുധീകരണം. ലോകത്തിന് വിശ്വസിക്കാം, സമാധാനത്തിന്റെ പാതയൊരുക്കുന്നതിനുള്ള കരാർ ഫ്രാൻസിസിൽനിന്ന് ലെയോ ഏറ്റെടുത്തിരിക്കുന്നു.