ബിന്ദുവിനെ സർക്കാരും അപമാനിക്കരുത്
Wednesday, May 21, 2025 12:00 AM IST
പോലീസ് സ്റ്റേഷനിൽനിന്നിറങ്ങിയ നിരപരാധിയായ ബിന്ദു ഇപ്പോൾ സർക്കാരിന്റെ മുറ്റത്തു നിൽപ്പുണ്ട്. വെള്ളം കൊടുക്കാതെയും അസഭ്യം പറഞ്ഞും വിവസ്ത്രയാക്കിയും അവിടെയും നിർത്തരുത്.
നെടുമങ്ങാട്ട് ബിന്ദു എന്ന സ്ത്രീക്കെതിരേ നടന്ന പോലീസ് അതിക്രമങ്ങളും അവരുടെ നിരപരാധിത്വവും രാഷ്ട്രീയ-സർക്കാർ മെല്ലപ്പോക്കുമൊക്കെ സത്യമാണെങ്കിൽ, "നവകേരളം' തല താഴ്ത്തണം. മോഷണവസ്തു പരാതിക്കാരിയുടെ വീട്ടിൽനിന്നുതന്നെ കണ്ടെടുത്തു. പക്ഷേ, പോലീസുകാരുടെ ക്രൂരവിനോദങ്ങൾക്കിരയായ ദളിത് യുവതി അപമാനകരമായ ഒരു എഫ്ഐആറും ചുമന്നുകൊണ്ട് നിൽക്കുകയാണ്.
പരന്പരാഗത പ്രഹസന നടപടിയായ സസ്പെൻഷൻ ഒരു പോലീസുകാരനു കൊടുത്തതൊഴിച്ചാൽ, ഇരയ്ക്കു നീതി കിട്ടിയിട്ടില്ല; നഷ്ടപരിഹാരവും. പാർട്ടിക്കാർക്കു മുന്നിൽ മുട്ടിടിക്കുകയും പാവങ്ങളെ മുട്ടിലിഴയ്ക്കുകയും ചെയ്യുന്ന പോലീസ് സംവിധാനം ലോകത്തൊരിടത്തും സ്വയംഭൂവല്ല, ദുഷിച്ച രാഷ്ട്രീയത്തിന്റെയും അധികാരത്തിനുമേൽ അതു നേടിയ മേൽക്കൈയുടെയും ജാരസന്തതിയാണ്. പോലീസിലെ കുറ്റവാളികളെയല്ല, അവരുടെ ഇരകളെയാണ് സംരക്ഷിക്കേണ്ടത്.
കഴിഞ്ഞ 23നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പോലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്കു നിന്ന, ഓമന ഡാനിയേല്‍ എന്ന സ്ത്രീയുടെ വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാതായിരുന്നു. അവരുടെ പരാതിയിൽ ബിന്ദുവിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പോലീസ് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിയത്. ആ രാത്രിയുൾപ്പെടെ 20 മണിക്കൂർ അവർ അപമാനത്തിനിരയായി. മാലയെടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും പോലീസ് കേൾക്കാൻ തയാറായില്ല. ബിന്ദുവിനെ വിവസ്ത്രയാക്കി പരിശോധിച്ചു. വെള്ളം ചോദിച്ചപ്പോള്‍ ടോയ്ലറ്റില്നിന്നു കുടിക്കാന്‍ പോലീസുകാര്‍ പറഞ്ഞു.
വരുന്നവർക്കും പോകുന്നവർക്കും കാണാവുന്ന രീതിയിൽ കടലാസിട്ടു നിലത്തിരുത്തി. കസ്റ്റഡിയിലെടുത്ത കാര്യം വീട്ടുകാരെ അറിയിക്കാൻ സമ്മതിച്ചില്ല. പരിഭ്രാന്തരായ വീട്ടുകാരുടെ ഫോൺവിളി എടുക്കാൻപോലും സമ്മതിച്ചില്ല. മാല കൊടുത്തില്ലെങ്കില്‍ ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെയും കേസില്‍ കുടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തിയെന്നാണ് ബിന്ദു പറഞ്ഞത്. ഏറ്റവും വലിയ ക്രൂരതയാണ് പിന്നീടു നടന്നത്. മാല കിട്ടിയെന്ന് പരാതിക്കാർ അറിയിച്ചതിനുശേഷവും മക്കളെയോര്‍ത്ത് തത്കാലം വെറുതെ വിടുന്നെന്നും ഇനി ഈ ഭാഗത്ത് കാണരുതെന്നും താക്കീത് ചെയ്തിട്ടാണ് പോലീസ് തന്നെ മോചിപ്പിച്ചതെന്നും ബിന്ദു പറഞ്ഞു. പക്ഷേ, അങ്ങനെയങ്ങ് പോകാൻ സൗകര്യമില്ലെന്നു ബിന്ദു തീരുമാനിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
പക്ഷേ, കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പോലീസിനെതിരേ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയില്‍നിന്ന് തൃപ്തികരമായ പ്രതികരണം ഉണ്ടായില്ലെന്നു ബിന്ദു പറഞ്ഞു. നിരപരാധിയെന്നറിഞ്ഞിട്ടും എഫ്ഐആര്‍ റദ്ദാക്കാത്ത പോലീസിനെതിരേ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മീഷനും ബിന്ദു പരാതി നല്കി. പോലീസിനെതിരേയുള്ള നടപടി സസ്പെൻഷനിൽ ഒതുക്കാനാണ് ആദ്യം ശ്രമിച്ചത്. തന്റെ നിറമാണോ പ്രശ്നമെന്നുവരെ ആ ദളിത് യുവതിക്കു ചോദിക്കേണ്ടിവന്നു. കേരള പോലീസ് അന്തസുറ്റ സേനയാണെന്നും ചില പോലീസുകാരുടെ ഇത്തരം പെരുമാറ്റം സേനയ്ക്കാകെ അപമാനമുണ്ടാക്കുന്നതാണെന്നുമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ പറഞ്ഞത്.
അതു ശരിയല്ല. ഭരിക്കുന്ന പാർട്ടിയിൽ സ്വാധീനമുള്ള ആരെങ്കിലും കേസിൽപ്പെട്ടാൽ അവർക്കെതിരേ നിയമാനുസൃതമുള്ള നടപടിയെടുക്കാൻപോലും പേടിക്കുന്ന പോലീസ് അന്തസല്ല. അത്തരം ഉന്നതബന്ധങ്ങളില്ലാത്തവർക്കുമേൽ നിയമവിരുദ്ധത കാണിക്കുന്നതും അന്തസല്ല. പാർട്ടിയിൽ പിടിയുള്ള ആളായിരുന്നെങ്കിൽ ബിന്ദുവിനെ വിവസ്ത്രയാക്കുകയോ തെറി വിളിക്കുകയോ നിലത്തിരുത്തുകയോ ചെയ്യില്ല. എല്ലാ പോലീസുകാരും മോശക്കാരല്ല എന്നതല്ല, മോശക്കാരായ പോലീസുകാർക്ക് ഈ സംവിധാനത്തിൽ ഇരിപ്പിടമുണ്ട് എന്നതാണ് പ്രധാനം. ഏതു പാർട്ടി ഭരിച്ചാലും ഏതാണ്ട് ഇതൊക്കെയാണ് സ്ഥിതിയെങ്കിലും കഴിഞ്ഞ ഒന്‍പതു വർഷമായി ഈ ദുഷിച്ച സംവിധാനം കാത്തു പരിപാലിക്കുന്നത് ഇടതു സർക്കാരാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 828 പോലീസുകാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെന്നും എട്ടു പേരെ പിരിച്ചുവിട്ടെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് 2022 ഡിസംബറിലാണ്. പിന്നീട് കാര്യമായൊന്നും സംഭവിച്ചില്ല. പാർട്ടി ബന്ധമുള്ള പോലീസുകാർ കുറ്റവാളികളായാലും പിരിച്ചുവിടൽ എളുപ്പമല്ല. പോലീസിലെ ക്രിമിനലുകളെ പുറത്താക്കിയിരുന്നെങ്കിൽ, പേരൂർക്കട സംഭവം ഉണ്ടാകുമായിരുന്നില്ല. "ആത്മവീര്യം തകരും' എന്ന ന്യായം പറഞ്ഞ്, ക്രിമിനൽ പോലീസുകാരെ സംരക്ഷിക്കുന്നതിനെ 2024 മേയിൽ കേരള ഹൈക്കോടതി വിമർശിച്ചിരുന്നു.
അത്ര ദുര്‍ബലമാണ് ആ ആത്മവീര്യമെങ്കില്‍ അതങ്ങ് പോകട്ടെയെന്നാണ് കോടതി പറഞ്ഞത്. പേരൂർക്കട സംഭവത്തിൽ, ക്രിമിനൽ പോലീസുകാരുടെ ആത്മവീര്യം സംരക്ഷിക്കുന്ന സർക്കാർ, ജനങ്ങൾക്ക് ക്രമസമാധാനത്തിലും നിയമവാഴ്ചയിലുമുള്ള ആത്മവിശ്വാസം കെടുത്തുകയാണ്. പോലീസ് സ്റ്റേഷനിൽനിന്നിറങ്ങിയ നിരപരാധിയായ ബിന്ദു ഇപ്പോൾ സർക്കാരിന്റെ മുറ്റത്തു നിൽപ്പുണ്ട്. വെള്ളം കൊടുക്കാതെയും അസഭ്യം പറഞ്ഞും വിവസ്ത്രയാക്കിയും അവിടെയും നിർത്തരുത്. കുറ്റവാളികളെ കസേരയിൽ ഇരുത്തുകയുമരുത്.