കെടുകാര്യസ്ഥതയുടെ മണ്ണിടിഞ്ഞ് ദേശീയപാത
Thursday, May 22, 2025 12:00 AM IST
ദേശീയപാത പരക്കെ തകരുകയാണ്. മലകളിൽ മണ്ണിടിയുന്നതു തടയാനാവില്ലെങ്കിലും കോടികൾ മുടക്കിയ റോഡുകളിൽ മണ്ണിടിയുന്നതും വിള്ളലുണ്ടാകുന്നതും തടയാനാകും.
കെടുകാര്യസ്ഥത ഇല്ലാതാക്കിയാൽ മതി.
ഒന്‍പതു മാസം മുന്‍പാണ് കർണാടകത്തിലെ ഷിരൂരിൽ ദേശീയപാതയിലേക്കു മണ്ണിടിഞ്ഞ് മലയാളിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ എട്ടുപേർ മരിച്ചത്. റോഡ് നിർമാണത്തിന്റെ അപാകതയായിരുന്നു കാരണങ്ങളിൽ മുഖ്യം. മൂന്നു മാസത്തോളം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് അന്നു നടത്തിയത്.
പക്ഷേ, ഒന്നും പഠിച്ചില്ല. ആ ദേശീയപാത 66ന്റെ ഭാഗമായ കേരളത്തിലെ റോഡുകളാണ് തുടർച്ചയായി ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. വാഹനങ്ങളും ആളുകളും ആപത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കുന്നിടിച്ചും ചതുപ്പുനിലങ്ങളിലൂടെയുമുള്ള റോഡിന്റെ സുരക്ഷയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും മുന്നറിയിപ്പു നൽകിയെങ്കിലും ഗൗനിച്ചില്ല.
ദേശീയപാത അഥോറിറ്റിയും എൻജിനിയർമാരുമൊക്കെ ഇത്രയേ ഉള്ളോ? എന്തിന്റെ സൂചനയാണിത്? വർഷത്തിൽ ആറു മാസമെങ്കിലും മഴ പെയ്യുന്ന കേരളത്തിൽ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പോ? കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാത 66ൽ പലയിടത്തും റോഡ് തകർന്നു. മലപ്പുറം ജില്ലയിലെ തലപ്പാറയിൽ ആറുവരി ദേശീയപാതയിൽ വിള്ളലുണ്ടായത് ചൊവ്വാഴ്ചയാണ്.
അതിനുമുന്‍പ് പാത തകർന്ന കൂരിയാടിന് ഏതാനും കിലോമീറ്റർ അകലെയാണിത്. മലപ്പുറം ജില്ലയിലെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും ഇന്നലെ വിള്ളൽ കണ്ടെത്തി. തൃശൂരിലെ ചാവക്കാടും ദേശീയപാത 66ൽ വിള്ളലുണ്ടായി. ഇതിനിടെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞ് വീടുകളിലേക്ക് എത്തുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
അവിടെ ഇന്നലെ വീണ്ടും മണ്ണിടിഞ്ഞു. കാഞ്ഞങ്ങാട് ചെങ്കള-നീലേശ്വരം റീച്ചിലെ കല്യാൺ റോഡിലും സർവീസ് റോഡ് ഇടിഞ്ഞുവീണു. കല്ലും മണ്ണും ടാറിംഗും ഒലിച്ചുപോയതോടെ മീറ്ററുകളോളം ആഴത്തില്‍ കുഴി രൂപപ്പെട്ടു. തകര്‍ന്ന ഭാഗത്തുകൂടി മഴവെള്ളം കുത്തിയൊഴുകുന്നതു ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരൻ മറ്റു വാഹനങ്ങൾ തടഞ്ഞുനിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി. എപ്പോഴും ഇതു സംഭവിക്കണമെന്നില്ല.
ഇതുകൂടാതെ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ കിഴക്കുഭാഗത്തായി വിള്ളല്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറം വേങ്ങര ദേശീയപാതയിൽ മണ്ണിടിഞ്ഞതു തിങ്കളാഴ്ചയാണ്. ഇതെന്തൊരു റോഡുപണിയാണ്! കാലവർഷം തുടങ്ങിയിട്ടുപോലുമില്ലെന്നോർക്കണം. ഏറെ കൊട്ടിഘോഷിച്ച ദേശീയപാതയിലെ തുടർച്ചയായ തകർച്ചയ്ക്ക് ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല.
കൂരിയാട്ടെ വയലിലൂടെ കടന്നുപോകുന്ന റോഡിന്റെ നിർമാണത്തെക്കുറിച്ചുള്ള ആശങ്ക നേരത്തേതന്നെ ദേശീയപാതാ അഥോറിറ്റിയെ അറിയിച്ചിരുന്നതാണെന്നും എന്നാൽ മുഖവിലയ്ക്കെടുത്തില്ലെന്നും ജനപ്രതിനിധികൾ പറഞ്ഞു. റോഡിന്റെ ഭാരമുണ്ടാക്കിയ സമ്മർദത്തിൽ വയലിലെ മണ്ണ് തെന്നിമാറിയതിനാലാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞിട്ടുണ്ട്.
മഴയെത്തുടർന്ന് വയലിൽ വിള്ളലുണ്ടായി മണ്ണ് നീങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് ദേശീയപാതാ പ്രോജക്ട് ഡയറക്ടർ അൻഷുൽ ശർമയുടെ വിശദീകരണം. അദ്ദേഹംതന്നെ തുടർന്നു പറഞ്ഞതാണ് വിചിത്രം. വിദഗ്ധ പരിശോധന നടത്തിയിരുന്നെന്നും വയലിലെ അശാസ്ത്രീയ നിർമാണമാണ് തകർച്ചയ്ക്കു വഴിയൊരുക്കിയതെന്ന ആരോപണം ശരിയല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
വയലിൽ മണ്ണിട്ടുയർത്തിയും കുന്നുകൾ അശാസ്ത്രീയമായി ഇടിച്ചുനിരത്തിയുമാണ് നിർമാണമെന്നും കേരളത്തിൽ മഴ പെയ്യുമെന്നും ഓരോ പ്രദേശത്തെയും മണ്ണു പരിശോധിക്കണമെന്നും അറിയാത്ത അഥോറിറ്റിയുടേത് എന്തു വിദഗ്ധ പരിശോധനയാണ്? നാട്ടുകാർക്കു തോന്നിയ സുരക്ഷാ ആശങ്കപോലും ദേശീയപാതാ അഥോറിറ്റിക്കില്ലെങ്കിൽ അഴിച്ചുപണിയുണ്ടാകണം.
ഷിരൂരിൽ മണ്ണിടിഞ്ഞതും ദേശീയപാതാ അഥോറിറ്റിയുടെ അശാസ്ത്രീയ റോഡ് നിര്‍മാണം മൂലമാണെന്ന് ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ അന്നു റിപ്പോർട്ട് നൽകിയതാണ്. അതേ ദേശീയപാതയുടെ ഭാഗമായ കേരളത്തിലെ റീച്ചുകളിലാണ് ഇപ്പോൾ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. റോഡ് നിർമാണത്തിന്റെ ചുമതലയുള്ള മലപ്പുറം കോഹിനൂരിലെ നിർമാണ കമ്പനി കെഎൻആർസി ഓഫീസിലേക്ക് ഇന്നലെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.
മേഘ കൺസ്ട്രക്ഷൻ കന്പനിക്കെതിരേയും തുടക്കം മുതൽ ആരോപണങ്ങളുണ്ട്. 2022ൽ പെരിയയിൽ അടിപ്പാതയുടെ മുകൾഭാഗം പൂർണമായും തകർന്നെങ്കിലും ജീവഹാനി ഒഴിവായതു ഭാഗ്യത്തിനാണ്. ദേശീയപാതാ നവീകരണത്തിന്റെ മറവിൽ ചെറുവത്തൂർ വീരമലക്കുന്നിൽനിന്ന് മണ്ണിടിച്ചു കടത്തിയതിന് മേഘയ്ക്ക് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു.
കാസർഗോഡ് ചെറുവത്തൂർ മട്ടലായിയിൽ അശാസ്ത്രീയമായ മണ്ണെടുപ്പാണു നടത്തിയത്. അവിടെ പലതവണ മണ്ണിടിഞ്ഞു. നാട്ടുകാർ ഇടപെട്ടാണ് പലപ്പോഴും തൊഴിലാളികളെ രക്ഷിച്ചത്. കഴിഞ്ഞയാഴ്ച കോൽക്കത്ത സ്വദേശി മണ്ണിനടിയിൽപ്പെട്ടു മരിക്കുകയും ചെയ്തു. ബേവിഞ്ച, തെക്കിൽ, വീരമലക്കുന്ന്, മട്ടലായി എന്നീ കുന്നുകളിൽ മണ്ണെടുത്തത് അശാസ്ത്രീയമായാണെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിയോഗിച്ച ജിയോളജിസ്റ്റ് സംഘം കണ്ടെത്തിയിരുന്നു.
പരിഹാരപ്രവർത്തനങ്ങൾ അപ്രായോഗികമാണെന്നും അവർ വിലയിരുത്തി. ആരുമില്ല ചോദിക്കാൻ! ദേശീയപാതകളുടെ വികസനവും കൂടുതൽ റോഡുകളുമൊക്കെ സംസ്ഥാനത്തിന് ആവശ്യമാണ്. സംസ്ഥാന സർക്കാർ അതിനു പ്രാധാന്യം കൊടുക്കുന്നുമുണ്ട്. ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം ചെലവ് സംസ്ഥാനം ഏറ്റെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി അത് ഉയർത്തിക്കാട്ടുകയും ചെയ്തു.
അതിലൊരു കുഴപ്പവുമില്ല. പക്ഷേ, വികസനത്തിൽ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ നേട്ടം കോട്ടമാകാൻ അധികനേരം വേണ്ട. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദേശീയപാതാ അഥോറിറ്റിയും കരാറുകാരുമൊക്കെ ഉത്തരം പറയേണ്ട വിഷയമാണിത്. മണ്ണിടിഞ്ഞെന്നു കരുതി പാതകൾ ഉപേക്ഷിക്കാനാവില്ല. മലകളിൽ മണ്ണിടിയുന്നതു തടയാൻ പലപ്പോഴും കഴിയില്ലെങ്കിലും കോടികൾ മുടക്കി നിർമിക്കുന്ന റോഡുകളിൽ മണ്ണിടിയുന്നതും വിള്ളലുണ്ടാകുന്നതും തടയാനാകും. പൊതുമുതൽ മുടിപ്പിക്കുന്ന കെടുകാര്യസ്ഥത ഇല്ലാതാക്കിയാൽ മതി.