മാലാഖമാരെ പുഴയിലെറിയരുത്
Friday, May 23, 2025 12:00 AM IST
നമ്മളിതു പറയുന്പോഴും എത്രയോ കുഞ്ഞുങ്ങൾ പീഡനങ്ങളുടെ പുഴയോരങ്ങളിൽ ഒന്നു കരയാൻപോലുമാകാതെ ഭയന്നുവിറച്ചു നിൽക്കുകയാവാം. അവരെ ഓടിച്ചെന്നെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലൊതുങ്ങുന്നില്ല.
കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ച ദിവസമാണ് എറണാകുളം മൂഴിക്കുളത്ത് ഒരമ്മ സ്വന്തം പെൺകുഞ്ഞിനെ ചാലക്കുടിപ്പുഴയിലേക്കു വലിച്ചെറിഞ്ഞത്. നീണ്ടകാലത്തെ പീഡനങ്ങൾക്കൊടുവിൽ പുഴയിലേക്കെറിയപ്പെടുന്പോൾ അവൾക്കു വയസ് മൂന്നര. അപ്പോൾ ലോകത്ത് ആയിരക്കണക്കിനാളുകൾ ബാനു മുഷ്താഖിന്റെ ‘ദൈവമേ, ഒരിക്കലെങ്കിലും നീയൊരു സ്ത്രീയാകൂ’ എന്ന കഥ വായിക്കുകയായിരുന്നു.
അതിന്റെ അവസാനം ഇങ്ങനെ: “ദൈവമേ, വീണ്ടും പ്രപഞ്ചം സൃഷ്ടിക്കണമെങ്കിൽ, പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കണമെങ്കിൽ... അനുഭവജ്ഞാനമില്ലാത്ത ഒരു കുശവനെപ്പോലെയാകരുത്; ഒരു സ്ത്രീയായി ഭൂമിയിലേക്കു വരൂ..! പ്രഭോ, ഒരിക്കലെങ്കിലും നീയൊരു സ്ത്രീയാകൂ..!” എറണാകുളത്തേത് അപൂർവ സംഭവമായിരിക്കാം; പക്ഷേ, അത്യപൂർവമല്ല.
പെറ്റമ്മയുൾപ്പെടെ സംരക്ഷിക്കേണ്ടവരാൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന പെൺകുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇത്തവണ അതേറ്റുവാങ്ങിയത് മൂന്നര വയസുള്ള ഒരു കുഞ്ഞാണ്.
ബാനുവിന്റെ വാക്കുകൾ കടമെടുത്താൽ: “ചുവന്ന മഷി നിറഞ്ഞ എന്റെ ഹൃദയത്തിന്റെ മുന ഒടിഞ്ഞിരിക്കുന്നു. ഇനിയെന്റെ അധരങ്ങൾക്ക് സംസാരിക്കാനാവില്ല. എഴുതാനൊരു വാക്കുമില്ല.”തിങ്കളാഴ്ചയായിരുന്നു അതിദാരുണമായ സംഭവം. അങ്കണവാടിയിൽനിന്നു കൂട്ടിക്കൊണ്ടു വരുന്നതിനിടെ കുട്ടിയെ കാണാതെപോയെന്നാണ് അമ്മ പറഞ്ഞത്.
പക്ഷേ, വൈകാതെ അറിഞ്ഞു; അമ്മ അവളെ ചാലക്കുടിപ്പുഴയിലേക്ക് എറിയുകയായിരുന്നെന്ന്. അമ്മ മനോരോഗിയായിരിക്കാമെന്ന് പലരും ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും പുഴയിൽനിന്നെടുത്ത മൃതദേഹത്തിലെ അസാധാരണമായ മുറിവുകൾ ലൈംഗികപീഡനത്തിന്റെ സൂചനകളായി. തലേ രാത്രിയിലും ആ കുഞ്ഞ്... ഒടുവിൽ അറസ്റ്റിലായത് പിതാവിന്റെ അടുത്ത ബന്ധു.
ഒന്നര വർഷത്തോളം സഹിച്ച പീഡനത്തിനൊടുവിൽ ആ പെൺകുഞ്ഞ് പുഴയുടെ ആഴങ്ങളിൽ ശ്വാസത്തിനു പിടയുന്പോൾ അമ്മ ദീർഘനിശ്വാസമെടുത്ത് വീട്ടിലേക്കു നടന്നു. ഇതൊക്കെ എങ്ങനെയാണു സാധിക്കുന്നത്? കുട്ടികൾ വീടുകൾക്കുള്ളിൽ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണെങ്കിലും അതു കേരളത്തിന്റെ പരിച്ഛേദമല്ല.
മിക്കവാറും എല്ലാ വീടുകളിലും പെൺകുഞ്ഞുങ്ങൾ ഏറ്റവും സുരക്ഷിതമായി തന്നെയാണു ജീവിക്കുന്നത്. പക്ഷേ, ഈ പെൺകുഞ്ഞ് അനുഭവിച്ച പീഡനങ്ങളും അമ്മയുടെ കൈകൊണ്ടുള്ള മരണവും നമ്മുടെ കുട്ടികളിലുൾപ്പെടെ സൃഷ്ടിക്കുന്ന അരക്ഷിതബോധം നിസാരമല്ല.
കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ കേസുകൾ സാധാരണമല്ലെങ്കിലും വർധിക്കുകയാണ്. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം (നവംബർ വരെ) സംസ്ഥാനത്ത് 4,196 ലൈംഗികാതിക്രമ കേസുകളാണ് പോക്സോ പ്രകാരം റജിസ്റ്റർ ചെയ്തത്. ഡിസംബറിലെ കണക്ക് വേറെ. 2023ൽ 4,641 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
അതിക്രമങ്ങൾക്ക് ഇരയാകുന്നതിലേറെയും പെൺകുട്ടികളാണ്. വീടുകളിലും വിദ്യാലയങ്ങളിലും ബസിലും ട്രെയിനിലുംവരെ അവർ പീഡനങ്ങൾക്ക് ഇരയാകുന്നു. സ്വന്തം പിതാവും സഹോദരങ്ങളും മുതൽ അധ്യാപകർ വരെ കുട്ടികളെ ദുരുപയോഗിച്ച കേസുകളുണ്ട്. കഞ്ചാവും ലഹരിമരുന്നുകളും നൽകി കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന കേസുകളും വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ പോക്സോ കേസുകൾ നാലിരട്ടിയിലേറെയായി.
നമുക്ക് കണക്കുകളും സ്ത്രീസുരക്ഷയെന്ന അവകാശവാദങ്ങളും പ്രസംഗങ്ങളുമൊക്കെയുണ്ട്. പക്ഷേ, പ്രതിവിധിയില്ല. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിക്കുന്നതിനനുസരിച്ച് ലൈംഗികാതിക്രമങ്ങൾ വർധിക്കുകയാണെന്നു മറക്കരുത്.
ലൈംഗിക അരാജകത്വവും വൈകൃതങ്ങളും ലഹരിയും വിരൽത്തുന്പിൽ ലഭ്യമാകുന്ന അശ്ലീല വീഡിയോകളും സർക്കാരിന്റെയും പോലീസിന്റെയും കൃത്യവിലോപങ്ങളും താറുമാറായകുടുംബബന്ധങ്ങളും അധ്യാപകരുടെയും മാതാപിതാക്കളുടെയും അശ്രദ്ധയുമൊക്കെ കുട്ടികളുടെ പീഡനങ്ങളുടെ കാരണമാണ്.
സങ്കൽപ്പിക്കാനാകാത്തത്ര ക്രൂരതയാണ് കുഞ്ഞുങ്ങൾ സഹിക്കേണ്ടിവരുന്നത്. അതിൽ ഏറ്റവും വേദനാജനകം പ്രതിസ്ഥാനത്തെത്തുന്ന അമ്മമാരുടെ എണ്ണവും കൂടുന്നതാണ്. പല സംഭവങ്ങളും സൂചിപ്പിക്കുന്നത് ആദ്യം വീട്ടിലേക്കു പോകൂ എന്നാണ്.
കാരണം, ലൈംഗികപീഡനങ്ങൾ മാത്രമല്ല, സ്ത്രീകൾക്കെതിരേയുള്ള ക്രൂരതകളിലേറെയും നടക്കുന്നത് വീടുകളിലാണ്. അതിൽ ഏറ്റവും നിസഹായരാണ് കുട്ടികൾ. നമ്മളിതു പറയുന്പോഴും എത്രയോ കുഞ്ഞുങ്ങൾ പീഡനങ്ങളുടെ പുഴയോരങ്ങളിൽ ഒന്നു കരയാൻപോലുമാകാതെ ഭയന്നുവിറച്ചു നിൽക്കുകയാവാം. അവരെ ഓടിച്ചെന്നെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലൊതുങ്ങുന്നില്ല.
മതങ്ങളും സാമൂഹിക സംഘടനകളും ശിശുക്ഷേമ സമിതികളുമൊക്കെ കാലാനുസൃതമായി മാറണം. എല്ലാ അമ്മമാരുടെയും കൈകൾ ഗർഭപാത്രത്തോളം സുരക്ഷിതമാണെന്ന് നാം ഉറപ്പാക്കേണ്ടിയിരിക്കുന്നു; ലോകത്ത് ഏറ്റവും സുരക്ഷിതത്വമുള്ളത് വീട്ടിലാണെന്നും. മാലാഖമാരെ പുഴയിലെറിഞ്ഞ് ഏതു സ്വർഗത്തിലേക്കാണ് നാം നടക്കുന്നത്?