സമഗ്ര വിദ്യാഭ്യാസം ഫാസ്റ്റ് ഫുഡ് അല്ല
Saturday, May 24, 2025 12:00 AM IST
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അഭിനന്ദനാർഹമാണെങ്കിലും വർഷം 10 മണിക്കൂർ ഉപദേശിച്ചാൽ അതു സാധ്യമാകുമോയെന്ന് ഉറപ്പില്ല.
നല്ല നാളേക്കുവേണ്ടി ചില കാര്യങ്ങൾ പരിശീലിച്ചിട്ടു മതി സ്കൂളിലെ മറ്റു പഠനമൊക്കെയെന്നു സർക്കാർ തീരുമാനിച്ചിരിക്കുന്നു. ജൂൺ രണ്ടിനു ക്ലാസുകൾ തുടങ്ങിയാലും ആദ്യ രണ്ടാഴ്ച ലഹരിവിരുദ്ധത മുതൽ റോഡ് നിയമങ്ങൾ വരെ പഠിപ്പിക്കും. രണ്ട് മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പൗരബോധത്തിന്റെ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നത്. ഇക്കൊല്ലം തുടങ്ങുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചാണു പറയുന്നത്.
കൈയടിക്കേണ്ട കാര്യമാണെങ്കിലും ഒരു മണിക്കൂർ മാത്രം ഓരോ വിഷയത്തെക്കുറിച്ചും പറഞ്ഞ് പരിഹരിക്കാവുന്നതാണോ കാര്യങ്ങളെന്നു കണ്ടറിയണം. എങ്കിലും നല്ലൊരു തുടക്കമാണിത്. പാളിച്ചകളുണ്ടെങ്കിൽ തിരുത്താമല്ലോ. എന്തായാലും, മാർക്ക് വാങ്ങാനും തൊഴിലന്വേഷിക്കാനും പണമുണ്ടാക്കാനുമുള്ള അഭ്യാസങ്ങൾക്കപ്പുറം ജീവിതത്തെ പരിഷ്കരിക്കാത്ത നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിൽ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
രണ്ടാഴ്ചത്തെ സ്കൂൾ ടൈം ടേബിളില് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ ഉള്പ്പെടുത്താന് തീരുമാനിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. നിയമബോധം, വ്യക്തിശുചിത്വം, പരിസരശുചിത്വം, പൊതുബോധം, ലഹരിക്കെതിരേയുള്ള അവബോധം, സൈബർ അവബോധം, പൊതുനിരത്തിലെ നിയമങ്ങൾ, ആരോഗ്യം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണം, റാഗിംഗ് വിരുദ്ധത തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. ജൂൺ മൂന്നു മുതൽ 13 വരെയാണ് ദിവസവും ഒരുമണിക്കൂർ ക്ലാസുകൾക്കുവേണ്ടി മാറ്റിവയ്ക്കേണ്ടത്. അവിടെയാണ് ഇതു വെറും പ്രഹസനമായി മാറുമോയെന്ന സംശയമുള്ളത്.
ഉദാഹരണത്തിന്, വർഷാദ്യം ഒരു മണിക്കൂർ എന്തെങ്കിലും പറഞ്ഞുകൊടുത്താൽ തീരുന്നതാണോ കേരളത്തെ അടിമുടി ഗ്രസിച്ച ലഹരി പ്രതിസന്ധി? അതുപോലെ, വ്യക്തി-പരിസര ശുചിത്വത്തെക്കുറിച്ച് ഒരു മണിക്കൂർ ഉപദേശമാണോ ദിവസവുമുള്ള പരിശീലനമാണോ വേണ്ടത്? ഇത്തരം ചോദ്യങ്ങൾ ബാക്കിയുണ്ട്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾ രൂക്ഷമായതോടെ പ്രതിരോധം സ്കൂളുകളിൽനിന്നു തുടങ്ങണമെന്നു പല കോണുകളിൽനിന്നും നിർദേശങ്ങളുണ്ടായി. സർക്കാർ അത് അംഗീകരിച്ചു. പക്ഷേ, ആവശ്യത്തിനു ഗൃഹപാഠം നടത്തിയതായി തോന്നുന്നില്ല. സമൂഹത്തിലെ സകല വിപത്തുകളെയും ചെറുക്കാൻ ഒരു അധ്യയനവർഷത്തിൽ 10 മണിക്കൂർ മതിയാകുമോ എന്നു സർക്കാർപോലും ആലോചിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
ജപ്പാനിലെ വിദ്യാഭ്യാസ സന്പ്രദായം കേരളം ഏറെ ചർച്ച ചെയ്തതാണ്. അവിടെ ക്ലാസുകളിൽ ശുചിത്വം അധ്യാപകന്റെ പ്രസംഗമല്ല. രാവിലെ സ്കൂളിലെത്തിയാൽ ഉപയോഗിക്കുന്ന ചെരിപ്പ് പുറത്ത് വിദ്യാർഥിയുടെ പേരെഴുതിയ ബോക്സിൽ വയ്ക്കണം. ക്ലാസിൽ വേറെ ചെരിപ്പാണ് ഉപയോഗിക്കുന്നത്. ആഴ്ചയിലൊരിക്കൽ ചെരിപ്പ് സൂക്ഷിക്കുന്ന പെട്ടി വീട്ടിൽ കൊണ്ടുപോയി ശുചിയാക്കണം. ഓരോ ദിവസവും ക്ലാസ് മുറി വൃത്തിയാക്കിയശേഷമാണ് ചെറിയ ക്ലാസിലെ കുട്ടികളും വീട്ടിലേക്കു പോകുന്നത്.
ഇങ്ങനെ വിദ്യാഭ്യാസകാലത്ത് ശുചിത്വം പഠിച്ചിട്ടുള്ള മാതാപിതാക്കൾ വീട്ടിലും കുട്ടികളെ നിരീക്ഷിക്കും. ആരു കണ്ടാലും ഇല്ലെങ്കിലും പൊതുനിരത്തിലോ കളിസ്ഥലങ്ങളിലോ വീടുകളിലോ അവർ മാലിന്യം വലിച്ചെറിയില്ല. കേരളത്തിൽ വീടുകളിലെ മാലിന്യം പൊതിഞ്ഞുകെട്ടി ആളില്ലാസ്ഥലം നോക്കി നടക്കുന്നവർ ആയിരക്കണക്കിനാണ്. 12 വയസിൽ താഴെയുള്ള കുട്ടികൾക്കു സന്ധ്യ മയങ്ങിയാൽ ജപ്പാനിൽ തനിച്ച് പുറത്തിറങ്ങി നടക്കാനാവില്ലെന്നാണ് അറിയുന്നത്.
പൊതുനിരത്തിൽ കുട്ടികൾ വീട്ടിൽ പോകാനുള്ള അലാറം മുഴങ്ങും. ചീത്ത കൂട്ടുകെട്ടുകളും ലഹരിസാധ്യതകളുമൊക്കെ ഒഴിവാക്കാനും കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താനുമൊക്കെ അത് ഉപകരിക്കും. മിക്ക വിദേശ രാജ്യങ്ങളിലും സൈക്കിൾ പരിശീലനവും നീന്തൽ പരിശീലനവും സ്കൂളുകളിൽ നിർബന്ധമാണ്. കേരളത്തിൽ നീന്തലറിയാത്തതിനാൽ ജലാശയങ്ങളിൽ മുങ്ങിമരിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിലെ സ്കൂളുകളിൽ പരീക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ കുറച്ചു പേർക്കാണ് അതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത്. ലോകമെങ്ങും സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം എന്നത് ബാല്യത്തിലേ നൽകുന്ന പ്രായോഗിക ബോധമാണ്. ആ ബോധം നമുക്കുണ്ടായിരുന്നെങ്കിൽ ഇത്രയും സുപ്രധാനമായ ഒരു കാര്യം ഫാസ്റ്റ് ഫുഡ് കൊടുക്കുന്ന ലാഘവത്തോടെയുള്ള എളുപ്പക്രിയ ആകില്ലായിരുന്നു.
മറ്റൊന്ന്, ഇത്തരം കാര്യങ്ങളിൽ സ്വകാര്യ-എയ്ഡഡ് സ്കൂളുകളും ശ്രദ്ധേയമായ ഒരു മാതൃകയും കാണിച്ചിട്ടില്ല എന്നതാണ്. അതായത്, ഒന്നാം നന്പർ എന്ന പൊങ്ങച്ചപ്രസംഗം ഒഴിച്ചാൽ, വിദേശ മാതൃകകൾ കണ്ടു പഠിക്കേണ്ട സ്ഥിതിയിൽ കേരളത്തെ കെട്ടിയിടുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. ഏതായാലും നല്ല പരിഷ്കാരങ്ങളാണ് അടുത്ത അധ്യയനവർഷം തുടങ്ങാനിരിക്കുന്നത്. പക്ഷേ, ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നുമുണ്ട്. ശ്രമിച്ചുകൊണ്ടേയിരിക്കാം. വിക്തോർ യൂഗോ പറഞ്ഞതുപോലെ പോലെ “സ്കൂളിന്റെ വാതിൽ തുറക്കുന്നവർ ജയിലിന്റെ വാതിൽ അടയ്ക്കുകയാണ്.”