മണ്ണാർക്കാട്ട് മദ്യവില്പനശാലയിൽ സംഘർഷം; യുവാവ് കുത്തേറ്റുമരിച്ചു
Thursday, May 15, 2025 1:09 AM IST
മണ്ണാർക്കാട്: ബിവറേജസ് കോർപറേഷന്റെ മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ മദ്യവില്പനശാലയിൽ സംഘർഷത്തെത്തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. കണ്ടമംഗലം അന്പാഴക്കോട് കിഴക്കേത്തലയ്ക്കൽ അബ്ദുറഹ്മാന്റെ മകൻ ഇർഷാദ്(38) ആണു മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ മറ്റൊരാളുമായി സംഘർഷമുണ്ടാക്കുന്നതുകണ്ട് ഇടപെട്ട ഇർഷാദിനെ ബീയർകുപ്പി കൊണ്ട് തലയ്ക്കടിക്കുകയും കുത്തുകയുമായിരുന്നുവെന്നാണു പോലീസിനു ലഭിച്ച വിവരം.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണംതുടങ്ങി. കൈതച്ചിറ സ്വദേശികളാണ് ആക്രമണത്തിനു പിന്നിലെന്നാണു പോലീസിനു ലഭിച്ച വിവരം. ഉമ്മുക്കുൽസുവാണ് മരിച്ച ഇർഷാദിന്റെ മാതാവ്. ഭാര്യ: ഖമറുന്നീസ. മക്കൾ: റിൻഷാദ്, റിൻഷ, ഫൗദുവ. ഇർഷാദും കുടുംബവും പള്ളിക്കുന്നിലാണു താമസം.