ഭരണഘടനയാണ് പരമോന്നതം: ചീഫ് ജസ്റ്റീസ്
Friday, June 27, 2025 2:43 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഭരണഘടനയാണ് പരമോന്നതമെന്നും ജനാധിപത്യത്തിന്റെ ബാക്കി മൂന്ന് ഘടകങ്ങൾ അതിന് കീഴിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്.
ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിന് അധികാരമുണ്ട്. എന്നാൽ അതിന്റെ അടിസ്ഥാന ഘടന മാറ്റാൻ കഴിയില്ലെന്നും സുപ്രീംകോടതിയുടെ മുൻകാല വിധികളെ ആസ്പദമാക്കി അദ്ദേഹം പറഞ്ഞു. തന്റെ ജന്മനാടായ മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമർശം.
രാഷ്ട്രപതിക്കും ഗവർണമാർക്കും ബില്ലുകളിൽ തീരുമാനം എടുക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് നിയമസംവിധാനത്തിനെതിരേ ഉപരാഷ്ട്രപതിയും ബിജെപി സർക്കാരിലെ ചില നേതാക്കളും രംഗത്തു വന്നിരുന്നു. എക്സിക്യൂട്ടീവിന്റെ ഭരണഘടനാ അധികാരത്തിൽ സുപ്രീംകോടതി കൈകടത്തുന്നു എന്ന ആരോപണമായിരുന്നു പല കോണുകളിൽനിന്ന് ഉന്നയിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് രാജ്യത്തെ അരാജകത്വത്തിലേക്കു നയിക്കുന്നുവെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്.
ജനാധ്യപത്യത്തിൽ പാർലമെന്റിനാണ് പരമാധികാരം എന്ന് പലരും വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് പരമാധികാരം വഹിക്കുന്നതെന്നാണ് ചീഫ് ജസ്റ്റീസ് ഈ ആരോപണങ്ങളെ എല്ലാം മുൻനിർത്തി നടത്തിയ പ്രസ്താവന.
പൗരന്മാരുടെ അവകാശങ്ങളുടെയും ഭരണഘടന മൂല്യങ്ങളുടെയും തത്വങ്ങളുടെയും സംരക്ഷകരാണ് ഒരു ജഡ്ജി എന്നത് എപ്പോഴും ഓർമിക്കണം. അധികാരം മാത്രമല്ല, മഹത്തായ ഒരു കടമ നമ്മുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്നു.
വിധിന്യായത്തെക്കുറിച്ച് ആളുകൾ എന്തു പറയും അല്ലെങ്കിൽ എന്തു വിചാരിക്കും എന്നതിനെ അടിസ്ഥാനമാക്കി ഒരു ജഡ്ജി മുന്നോട്ടുപോകരുതെന്നും എപ്പോഴും സ്വതന്ത്രമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.