തീർഥാടകരുടെ ബസ് നദിയിലേക്കു പതിച്ച് മൂന്നു മരണം; ഏഴു പേരെ കാണാതായി
Friday, June 27, 2025 2:43 AM IST
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അളകനന്ദ നദിയിലേക്കു പതിച്ച് മൂന്നു പേർ മരിച്ചു.
ഏഴു പേരെ കാണാതായി. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള ബദരീനാഥ് യാത്രികരാണ് അപകടത്തിൽപ്പെട്ടത്. എട്ടു പേർക്കു പരിക്കേറ്റു.
ഘോൽതിർ ഗ്രാമത്തിൽ ബദരീനാഥ് ദേശീയപാതയിൽ ഇന്നലെ രാവിലെ 7.03നായിരുന്നു അപകടം. കടുത്ത ഒഴുക്ക് രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടന്നത്. ഡ്രൈവർ ഉൾപ്പെടെ 20 പേരായിരുന്നു ബസിലുണ്ടായിരുന്നത്.
എതിർദിശയിൽവന്ന ട്രക്ക് ഇടിച്ചതോടെ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് ബസിന്റെ ഡ്രൈവർ പറഞ്ഞു.