മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനാകില്ല: ഉദ്ധവ് താക്കറെ
Friday, June 27, 2025 2:43 AM IST
മുംബൈ: ഭാഷയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും മുൻ മുഖ്യമന്ത്രികൂടിയായ ഉദ്ധവ് പറഞ്ഞു.
മറാഠി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള കുട്ടികൾക്ക് ഹിന്ദി പഠനം നിർബന്ധമാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഹിന്ദി ഭാഷയ്ക്ക് ആരും എതിരല്ല, എന്നാൽ അതു നിർബന്ധപൂർവം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് തടയേണ്ടത്.
ഹിന്ദി ഭാഷ നിർബന്ധമല്ലെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. 2019-2022 കാലഘട്ടത്തിൽ ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ സ്കൂളുകളിലും മറാഠി നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു’- ഉദ്ധവ് പറഞ്ഞു.