ഉദാത്തമായ ഗുരുശിഷ്യബന്ധത്തിലൂടെ സംസ്കാരത്തിലേക്ക്
Wednesday, September 15, 2021 1:43 AM IST
ആർഷഭാരത സംസ്കാരം എന്നും ഗുരുവിന് സമുന്നതസ്ഥാനം നൽകി ആദരിച്ചുപോരുന്നു. കേവലം വിഷയാധിഷ്ഠിത അറിവ് മാത്രമല്ല, ആത്മജ്ഞാനവും അപരജ്ഞാനവും അനുഭവത്തിന്റെവെളിച്ചത്തിൽ അഭ്യസിപ്പിക്കു ന്നവനാണ് ഗുരു. അന്ധകാരം അകറ്റി, വെളിച്ചം പകർന്ന്, വഴിനടത്തുന്ന ഗുരുവിന് ജീവിതംകൊണ്ട് ദക്ഷിണ നല്കുന്നവനാണ് ശിഷ്യൻ.ഗുരുകുലവിദ്യാഭ്യാസത്തിൽനിന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിൽ എത്തിനിൽക്കുന്ന ഈ കാലത്തുപോലും ഗുരു ഗുരുതന്നെയാണ്; ശിഷ്യൻ ശിഷ്യനും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ എന്റെ അധ്യാപന ജീവിതത്തിൽ ആത്മാഭിമാനത്തോടെ അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യമാണിത്.
സമഗ്രവളർച്ച എന്ന ലക്ഷ്യസാധൂകരണത്തിനായി ബൗദ്ധിക മാനസിക സാംസ്കാരിക പാതകളിലൂടെ ഒരുവനെ നയിക്കലാണ് ഗുരുവിന്റെ കർത്തവ്യം. ഗുരു ഒരേസമയം, ശിഷ്യരെ ചേർത്തുപിടിക്കുന്ന ഒരമ്മയായി, സംരക്ഷണത്തിന്റെ തണൽ നൽകുന്ന അച്ഛനായി, സൗഖ്യത്തിൻെറ സ്പർശം നൽകുന്ന ഭിഷഗ്വരനായി , പുഞ്ചിരിക്കു പിന്നിലെ കണ്ണീർ കാണുന്ന മന:ശോധകനായി സ്വയം ചുമതലപ്പെടുത്തുകയാണ്. അതിനാൽ, അധ്യാപനം ജീവിതസമർപ്പണമാണ്.
"അകക്കണ്ണ് തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം!' ഈ ഉൾക്കാഴ്ചയുടെ ഉർവരതയിലാണ് ഒരു ശിഷ്യൻ അവന്റെഫലദായകത്വം കാലാകാലങ്ങളായി കണ്ടിരുന്നത്. ജീവിതത്തിന്റെ സമസ്തമേഖലകളിലും സർവോപരി സമൂഹത്തിലും പ്രതിഭയുടെ ഈ പ്രസാദമായിരുന്നു വെളിച്ചം പകർന്നിരുന്നത്.
എന്നാൽ, ഇന്ന് മൂല്യാധിഷ്ഠിതജീവിതത്തിന് മങ്ങലേൽക്കുകയും ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിൽ അയവ് വരികയും ചെയ്യുന്ന ഒരു കാലമാണ്. സാഹോദര്യവും സമഭാവനയും പരസ്പരാദരങ്ങളും പോയിമറയുന്ന വിധത്തിലുള്ള സംസാരഭാഷകളും സമീപനരീതികളും സർവസാധാരണമായിരിക്കുന്നു . ഒരു വ്യക്തിയുടെ ആന്തരികപ്രകാശം നഷ്ടമാകുമ്പോൾ അവനിലൂടെ കുടുംബവും, കുടുംബത്തിലൂടെ സമൂഹവും അതുവഴി രാഷ്ട്രവും തമസ്സിലാഴുന്നു. ഇവിടെയാണ് വർഗീയതയും വിഭാഗീയതയും സംഘർഷങ്ങളും കൊലപാതകങ്ങളും അതിക്രമങ്ങളും അരാജകത്വവും അരങ്ങു വാഴുന്നത്.
ഇങ്ങനെയുള്ളൊരു സ്ഥിതിയിലാണ് തലമുറകളെ രൂപപ്പെടുത്തുന്നതിനും നമ്മുടെ സംസ്കാരത്തിന്റെ ഊടുംപാവും നെയ്യുന്നതിനും അധ്യാപകസമൂഹം പ്രതിജ്ഞാബദ്ധരാകേണ്ടത്. ക്ലാസ്മുറികൾ ജീവിതം രൂപപ്പെടുത്തുന്ന പാഠശാലകളായി മാറേണ്ടിയിരിക്കുന്നു. കതിരും പതിരും തിരിച്ചറിയാനുള്ള പാകത നൽകി, നവമാധ്യമങ്ങളുടെ നൈമിഷികതയല്ല ജീവിതത്തിന്റെ ഇരുത്തമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു പരിശീലനം ഇവിടെനിന്ന് ലഭിക്കണം. വാക്കിലും നോക്കിലും പ്രവൃത്തിയിലും സംബോധനകളിലും സംവേദനങ്ങളിലും ആദരബഹുമാനാദികൾ കാത്തുസൂക്ഷിക്കുന്ന ഒരു തലമുറയാണ് ഇവിടെ രൂപപ്പെടേണ്ടത്.
"അക്ഷരപൂജ ഈശ്വരപൂജ തന്നെയാണ്.' ഈയൊരു തിരിച്ചറിവാണ് ആദ്യം നമുക്ക് ഉണ്ടാകേണ്ടത്. "വാക്കുകൾ കൂട്ടിച്ചൊല്ലാൻ അറിയാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യിക്കുന്ന വിജ്ഞർ' ആയി ഓരോ അധ്യാപകനും അധ്യാപികയും മാറട്ടെ! മൂല്യങ്ങൾ സ്വാംശീകരിച്ച്, തങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയോഗപ്പെടുത്തുന്ന മികവുറ്റ വ്യക്തിത്വങ്ങളായി ഓരോ വിദ്യാർത്ഥിയും രൂപപ്പെടട്ടെ. അതുവഴി സംസ്കാരസമ്പന്നമായ ഒരു സമൂഹം ഇവിടെ സംജാതമാട്ടെ.
ഡോ. ലിജിമോൾ പി. ജേക്കബ്
(പ്രിൻസിപ്പൽ, ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം. എം.ജി. യൂണിവേഴ്സിറ്റി.)