ജിഎസ്ടിയും ഇന്ധനവിലയും
Friday, September 17, 2021 12:17 AM IST
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെ സംബന്ധിച്ച് ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ, കേരള ഹൈക്കോടതി ജിഎസ്ടി കൗണ്‍സിലിനോട് ഇക്കാര്യത്തില്‍ ആലോചിച്ച് ഉചിതമായ ശിപാര്‍ശകള്‍ നല്കാന് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും ഇന്നു കൂടാനിരിക്കുന്ന യോഗത്തില്‍ ഈ വിഷയത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ല.
കേരള സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് ഇന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു. ഈ മാസവും 6000 കോടി കടമെടുത്തെന്നും അതു മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ് മുടക്കിയതെന്നും, ഇതെല്ലാവരും അറിയട്ടെ എന്നും രൂക്ഷമായ ഭാഷയില്‍ വെളിപ്പെടുത്തിക്കൊണ്ട് ആഞ്ഞടിച്ചു.
കേന്ദ്ര സര്‍ക്കാർ ഒരു ലിറ്റര്‍ ഡീസലിന് 18 രൂപ റോഡ് വികസന സെസും 4 രൂപ കാര്‍ഷിക മേഖലയില്‍ പശ്ചാത്തല സൗകര്യമൊരുക്കുന്നതിനുള്ള സെസും ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ തയാറാകുമെന്ന് കരുതാന്‍ കഴിയില്ല. ഇന്ധന ചെലവ് ലാഭിക്കാന്‍ മികച്ച റോഡ് ആവശ്യവുമാണ് താനും.
കാലക്രമേണ ചരക്കുസേവന നികുതി (ജിഎസ്ടി) പരിധിയില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തുന്നത് അനിവാര്യമായിത്തീരും. അനാവശ്യ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും ചെലവുചുരുക്കുകയും ചെയ്യുന്ന ഉദാത്ത മാതൃക പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും കാണിച്ചു തരുന്നു.
ഒന്നാമതായി ബിസിനസ് നടത്തുക എന്നത് സര്‍ക്കാരിന്റെ പണി അല്ല എന്ന കേന്ദ്ര നിലപാട് കേരള സര്‍ക്കാരും അംഗീകരിക്കേണ്ടി വരും.
സര്‍ക്കാര്‍ നികുതി കുറച്ചിട്ട് പെട്രോള്‍ വില കുറയും എന്ന് സ്വപ്നം കാണാന്‍ മലയാളിക്ക് അവകാശമില്ല.
പെട്രോള്‍ വില നിര്‍ണയാധികാരം കോര്പറേറ്റുകമ്പനികളെ ഏല്പിക്കുന്നതില് നിലവിളിച്ചിരുന്നവര് ഇതുകൂടി മനസിലാക്കുക. ബഹുരാഷ്ട്ര കോര്‍പറേറ്റ് കമ്പനികള്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ഈടാക്കിയിരുന്നതിന്റെ പകുതി വിലയ്ക്കാണ് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ ഇപ്പോള്‍ തരുന്നത് എന്നത് മാത്രമാണ് ഈ മേഖലയിലെ ഏക ആശ്വാസം. കഴിഞ്ഞ പതിറ്റാണ്ടില്‍ 140 ഡോളര്‍ വിലയുണ്ടായിരുന്ന ക്രൂഡ് ഓയിലിന് ഇപ്പോള്‍ ന്യായമായും 210 ഡോളര്‍ വിലയിട്ടാലും ആര്‍ക്ക് കുറ്റം പറയാന്‍ പറ്റും? അതേ സമയം ബഹുരാഷ്ട്ര ‘കുത്തക’ കോര്‍പറേറ്റ് കമ്പനികള്‍ തങ്ങളുടെ ‘വില നിര്‍ണയാധികാരം’ ഉപയോഗിച്ച് അതിന്റെ മുന്നിലൊന്ന് വിലയായ 70 ഡോളര്‍ മാത്രമാണ് ഈടാക്കുന്നത്.
ടെലികോം, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ ഭരിക്കുന്ന മേഖലകളിലെല്ലാം ഇതാണ് സ്ഥിതി..!
കോര്‍പറേറ്റ് വത്കരണം അതിന്റെ ഉച്ഛസ്ഥായിൽ ഇന്ത്യയില്‍ തുടങ്ങിയിരിക്കുന്നു..!
കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് മൈന്‍ഡ് സെറ്റ് ഉപേക്ഷിക്കാന്‍ തയാറുള്ള ആര്‍ക്കും ഓഹരി നിക്ഷേപകര്‍ എന്ന നിലയിലും വിദ്യാഭ്യാസവും പരിശീലനവും സിദ്ധിച്ച് പ്രഫഷണലുകള്‍ എന്ന നിലയിലും ഈ വളര്‍ച്ചയില്‍ അണിചേരാം.
ജയിംസ് മാത്യു, പൂവത്തുങ്കല്‍,പ്ലാശനാല്‍