നൊബേൽ പുരസ്കാരം: ചില ഓർമപ്പെടുത്തലുകൾ
Wednesday, October 13, 2021 1:26 AM IST
വസ്തുനിഷ്ഠവും സ്വതന്ത്രവും സാമൂഹികപ്രതിബദ്ധതയുമുള്ള ഭയരഹിത മാധ്യമപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഇത്തവണത്തെ നൊബേൽ സമാധാന പുരസ്കാരം. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അക്ഷീണപരിശ്രമത്തിന് ഫിലിപ്പീൻസിൽ നിന്നു ള്ള മരിയ റെസയും റഷ്യക്കാരനായ ദിമിത്രി മുറടോവും പുരസ്കാരം പങ്കിടുന്പോൾ ലോകത്തെന്പാടും സത്യസന്ധമായ മാധ്യമപ്രവർത്തനത്തിന് ജീവിതാർപ്പണം ചെയ്തിരിക്കുന്ന സകല മാധ്യമപ്രവർത്തകർക്കുമുള്ള ആദരംകൂടിയാണത്.
മാധ്യമപ്രവർത്തനം പൊതുക്ഷേമം മുൻനിർത്തിയുള്ള സേവനമാണ്. കൃത്യതയോടെയും വസ്തുനിഷ്ഠമായും വിവരങ്ങളും വാർത്തകളും പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് അതിന്റെ ധർമം.
ഇന്ന്, സെൻസേഷണലിസത്തിന്റെയും കിടമത്സരങ്ങളുടെയും പിടിയിലമർന്നിരിക്കുകയാണ് മാധ്യമങ്ങൾ. മനുഷ്യജീവിതവും മാനവികതയും എന്നതിലുപരി ലാഭവും നേട്ടവും എന്ന കന്പോളത്തിനും കച്ചവടതാത്പര്യ ങ്ങൾക്കും അതു വഴിമാറി. മനുഷ്യജീവിതത്തിന്റെ പൊള്ളുന്ന നേരിനേക്കാൾ വിനോദപരിപാടികളും അതിന്റെ റേറ്റിംഗും വിസിബിലിറ്റിയും സ്ഥാനം പിടിച്ചിരിക്കുന്നു.
"ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഒരു തകർന്ന കഥയിലെ മനുഷ്യമുഖം പകർത്തുന്നതിലായിരുന്നു.’ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ അവാർഡ് ജേതാവ് ഡാനിഷ് സിദ്ദിഖിയുടെ ഈ വാക്കുകൾ ശ്രദ്ധേയമാണ്. ഉയർന്ന ചിന്തയും ഉത്കൃഷ്ടമായ നീതിബോധവും രാഷ്ട്രീയ സാമൂഹിക പ്രതിബദ്ധതയും മാധ്യമപ്രവർത്തകരിൽ രൂപപ്പെടേണ്ടിയിരിക്കുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ ഭരണകൂടത്തിനും ചില ഉത്തരവാദിത്വങ്ങളുണ്ട്. വിമർശിക്കുന്നവരെയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയും ഇല്ലാതാക്കുന്ന ഭരണകൂട നിലപാട് ജനാധിപത്യവിരുദ്ധമാണ്. പ്രതിപക്ഷത്താകുന്പോൾ ഭരണപക്ഷത്തെ എതിർക്കാൻ മാധ്യമങ്ങളെ കൂട്ടുപിടിക്കുകയും ഭരണത്തിലേറുന്പോൾ മാധ്യമങ്ങളോട് അസഹിഷ്ണുത പുലർത്തുകയും ചെയ്യുന്ന പതിവുശൈലി തിരുത്തപ്പെടേണ്ടതാണ്.
ജനദ്രോഹപരമായ സമീപനങ്ങളും അനുചിതമായ അവതരണരീതികളും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ചോദ്യം ചെയ്യപ്പെടണ്ടവതന്നെ. "തങ്ങളുടെ കൈവശമുള്ള ഉപകരണത്തിന്റെ ദൂരവ്യാപക ഫലങ്ങൾ തിരിച്ചറിഞ്ഞ്, സത്യമെന്നു ബോധ്യപ്പെടാത്ത ഒരു വാർത്ത എളുപ്പത്തിൽ പ്രസിദ്ധീകരിക്കാനുള്ള വ്യഗ്രത അടക്കാനും സമയമെടുത്ത് മനസിലാക്കാനും പരിശ്രമിക്കുന്നവരുമായിരിക്കണം മാധ്യമപ്രവർത്തകർ’ (ഫ്രാൻസിസ് മാർപാപ്പ). സത്യസന്ധവും നീതിയുക്തവുമായ മാധ്യമപ്രവർത്തനത്തിനു സംരക്ഷണം നൽകാൻ ഭരണകൂടവും സ്വാഗതം ചെയ്യാൻ സമൂഹവും തയാറാകുന്പോൾ, ജനാധിപത്യത്തിന് തീർച്ചയായും സുസ്ഥിരത കൈവരും.
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്