കാസര്‍ഗോഡ്: ചന്ദ്രഗിരി ഇക്കോടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബേഡഡുക്ക ഒളിയത്തടുക്കയിലെ പൊലിയംതുരുത്ത് ഇക്കോടൂറിസം വില്ലേജ് നാളെ രാവിലെ ഒമ്പതിനു സഹകരണമന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷതവഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍മാരായ എന്‍.എ. നെല്ലിക്കുന്ന്, എം. രാജഗോപാലന്‍ എന്നിവര്‍ സംബന്ധിക്കും.
ചന്ദ്രഗിരിപുഴയോരത്ത് ആറേക്കര്‍ സ്വകാര്യഭൂമി 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്താണ് ടൂറിസം വില്ലേജ് രൂപപ്പെടുത്തിയിരിക്കുന്നത്. കോട്ടേജുകള്‍, ഗസ്റ്റ് ഹൗസ്, ആംഫി തിയേറ്റര്‍, കണ്വന്ഷന് സെന്റര്‍, റസ്റ്റോറന്റ്, കളിസ്ഥലങ്ങള്‍, വിശ്രമയിടങ്ങള്‍, റിവര്‍ വ്യൂ, പക്ഷിനിരീക്ഷണകേന്ദ്രങ്ങള് എന്നിവ ഒരുക്കിയിട്ടുണ്ട്.
ഡോര്‍മെട്രി, സ്വിമ്മിംഗ് പൂള്, വാച്ച് ടവര്‍ എന്നിവയും ഉടന്‍ യാഥാര്‍ഥ്യമാക്കും. 13 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയെന്നും പരമാവധി എട്ടു കോടി രൂപ കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതായും സൊസൈറ്റി പ്രസിഡന്റ് സിജി മാത്യു പറഞ്ഞു. ഇതുവരെയുള്ള നിര്‍മാണത്തിന് 5,18,36,921 രൂപ ചെലവായി. ഓഹരിയിലൂടെയും സ്ഥിരനിക്ഷേപത്തിലൂടെയുമാണ് ഈ തുക കണ്ടെത്തിയത്.
460 അംഗങ്ങളും 3,74,36,000 രൂപയുടെ ഷെയറും 1,72,11,196 രൂപയുടെ സ്ഥിരനിക്ഷേപവും സംഘത്തിനുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ടൂറിസം വില്ലേജില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ ഇതുവരെ സന്ദര്‍ശിച്ചു. 127 പരിപാടികള്‍ക്ക് വേദിയായി. 32 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
പത്രസമ്മേളനത്തില്‍ ബി.കെ. നാരായണന്, വി. ഭവാനി, ബി. വിജയന്, കെ. അശോകന്, ജയചന്ദ്രന് വയലാംകുഴി, ജി.കെ. നികേഷ് കുമാര്‍ എന്നിവരും സംബന്ധിച്ചു.