കരുനാഗപ്പള്ളി : വി.എസ് .അച്യുതാനന്ദന് അന്ത്യോപചാരമർപ്പിക്കുവാൻ ആയിരങ്ങളാണ് കരുനാഗപ്പള്ളിയിൽ തടിച്ചുകൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് കരുനാഗപ്പള്ളിയിൽ എത്തിച്ചേരുമെന്ന് നേരത്തെ നിശ്ചയി്ചിരുന്ന വി.എസിന്റെഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തിയത് രാവിലെ ആറിന്.
കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഒരു രാത്രി മുഴുവൻ ഉറക്കം ഒഴിച്ച് നൂറുകണക്കിന് പ്രവർത്തകർ വി .എസിന്റെ വരവും കാത്ത് ഇരുന്നു.സ്കൂളങ്കണത്തിൽ തയാറാക്കിയ വലിയ സ്ക്രീനിൽ വിഎസിന്റെ വിലാപയാത്ര ഓരോ പോയിന്റ് കടക്കുമ്പോഴും അവർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു കണ്ണിമ ചിമ്മാതെ ഒരു രാത്രി മുഴുവൻ ഉറക്കം ഒഴിച്ചിരുന്ന പ്രവർത്തകർക്ക് മുന്നിലേക്ക് രാവിലെ വി.എസിന്റെ വിലാപയാത്ര എത്തിയപ്പോൾ നഗരത്തിനു ഉൾക്കൊള്ളാൻ കഴിയാത്തത്ര ജനക്കൂട്ടം ആയിരുന്നു ടൗണിൽ തടിച്ചുകൂടിയത്.
പോലീസും, റെഡ് വാളണ്ടിയേഴ്സും പ്രവർത്തകരും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹവും വഹിച്ചു കൊണ്ടുവന്ന വാഹനം കടത്തിവിട്ടത്.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ബോയിസ് ഹൈസ്കൂളിന് മുന്നിൽ പ്രത്യേകം തയാറാക്കിയ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടന്നു. നിരവധി സംഘടനകളും വ്യക്തികളും മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. നേതാക്കളായ ടി. മനോഹരൻ, പി. ബി. സത്യദേവൻ, പി. ആർ. വസന്തൻ, സൂസൻ കോടി, തുടങ്ങിയവർ നേതൃത്വം നൽകി.
ചവറ: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് .അച്യുതാനന്ദന് കരിമണ്ണിന്റെ നാടായ ചവറയിലും വിട പറയൽ നൽകി. ഏറെ വൈകിയാണ് ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഇന്നലെ പുലർച്ചെ അഞ്ചോടെ ചവറയിൽ എത്തിയത്. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രായഭേദമന്യേ നൂറുകണക്കിനാളുകൾ വി എസിനെ അവസാനമായി ഒരു നോക്കു കാണുവാൻ എത്തിയിരുന്നു.
രാത്രി മുതൽ എത്തിയ ജനക്കൂട്ടം മഴയെത്തും ഏറെ സഹിച്ചു നിന്നാണ് തങ്ങളുടെ പ്രിയ സഖാവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുമുള്ള നിരവധി പേരും ചവറയിൽ എത്തിയിരുന്നു. ചവറയിൽ നിന്നും ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഒരു മണിക്കൂറോളം കഴിഞ്ഞാണ് കരുനാഗപ്പള്ളിയിൽ എത്തിച്ചേർന്നത്.വിഎസിന്റെ സ്മരണയിൽ നാനാ തുറകളിൽ പെട്ടവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ചവറ ബസ്റ്റാൻഡ് കേന്ദ്രീകരിച്ചായിരുന്നു വിഎസിന് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നത്. നീണ്ടകര മുതൽ കന്നേറ്റി പാലം വരെയും ഇരുവശങ്ങളിലായി മുഷ്ടികൾ ചുരുട്ടി ജനഹൃദയങ്ങൾ വിഎസിന് അഭിവാദ്യം അർപ്പിക്കുന്നുണ്ടായിരുന്നു. ചവറ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിപാടികളിൽ വി.എസ് .പങ്കെടുത്തിട്ടുണ്ട്.
കൂടുതലും സാംസ്കാരിക സംഘടനകളുടെ പരിപാടികളിലായിരുന്നു പങ്കെടുത്തിട്ടുള്ളത് .പുലർച്ചെ ഉണ്ടായിരുന്ന മഴയെ അവഗണിച്ചാണ് തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണുവാനും അന്ത്യോപചാരമർപ്പിക്കുവാനും ജനങ്ങൾ എത്തിയത്.
കൊല്ലം : മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെനിര്യാണത്തില് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ കൊല്ലം ജില്ലാ കമ്മിറ്റി അനുശോചന രേഖപ്പെടുത്തി. സംസ്ഥാന ട്രഷററുംജില്ലാ പ്രസിഡന്റുമായ നിജാംബഷി, സംസ്ഥാന സെക്രട്ടറിമാരായ റ്റി.കെ.മൂസ, ജില്ലാ ജനറല്‍ സെക്രട്ടറികൂടിയായ ആസ്റ്റിന്ബെന്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.സിദിഖ് മണ്ണാന്റയ്യം,
സംസ്ഥാന ജില്ലാ ഭാരവാഹികളായ എസ്.ഷംസുദ്ദീന്, റൂഷ പി. കുമാര്‍, എം.പി. ഫൗസിയാബീഗം, ജി.ബാബുക്കുട്ടന്‍പിളള,ഡോ.എസ്.ശശികുമാര്‍, എച്ച്.സലിം, നുജൂം കിച്ചന് ഗാലക്സി, ചക്കാലയില്‍ നാസർ , ആര്.ആര്.പിളള, ജില്ലാ നിര്‍വാഹകസമിതി അംഗങ്ങളായ സജികുമാര്‍, ഷാജി ഇക്രു, അനില്‍വാഴപ്പള്ളി, നിഹാര്‍വേലിയില്‍, അശോകന് അമ്മവീട്, അജയകുമാരന്‍പിളള, സുഭാഷ് പാറയ്ക്കല്‍, സുധീര്‍ കാട്ടില്‍തറയില്‍, ഷെറഫുന്, ഗിരിജ, ബിനി അനില്‍, എന്നിവര്‍ അനുശോചിച്ചു.