കൊല്ലം: പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. കനത്ത മഴയിലും എല്ലായിടത്തും കർക്കടക വാവുബലി അർപ്പിക്കാൻ അഭൂതപൂർവമായ തിരക്കായിരുന്നു.
കൊല്ലം നഗരത്തിൽ മുണ്ടയ്ക്കൽ പാപനാശനം കടപ്പുറം, തിരുമുല്ലവാരം ക്ഷേത്രം, അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും ബലികർമങ്ങൾ നടന്നത്. ഇന്നലെ പുലർച്ചെ മുതലാണ് ബലിതർപ്പണം നിശ്ചയിച്ചിരുന്നതെങ്കിലും മിക്കയിടത്തും 23ന് രാത്രി മുതൽ തന്നെ ആൾക്കാർ എത്തി.
പലരും രാത്രി തന്നെ വാവുബലി അർപ്പിച്ച് മടങ്ങുകയും ചെയ്തു.മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് തഠത്തിൽ മഠം ടി.കെ. ചന്ദ്രശേഖര ശാസ്ത്രിയുടെ നേതൃത്വത്തിൽ 15-ൽപ്പരം തന്ത്രിമാരാണ് ബലിതർപ്പണത്തിന് കാർമികത്വം വഹിച്ചത്. ഇവിടെ തിലഹവനം നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ബലിയിടാൻ എത്തിയവർക്ക് തുമ്പറ മഹാദേവീ ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചുക്കുകാപ്പി വിതരണം നടത്തി.
തിരുമുല്ലവാരം ക്ഷേത്രത്തിന് സമീപത്തെ കടപ്പുറത്ത് ഒരേ സമയം 3000 പേരാണ് ബലിയർപ്പിച്ചത്. ഇവിടെ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. 70-ൽ അധികം കാർമികരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. സ്ത്രീകൾക്ക് ബലിതർപ്പണം നടത്താൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര പരിസരത്തെ ത്രിവേണി സംഗമത്തിലും പുലർച്ചെ നാലുമുതൽ നൂറുകണക്കിന് ആൾക്കാർ ബലിതർപ്പണം നടത്തി. ഇവിടത്തെ വാവുബലി ചടങ്ങുകൾ വൈകുന്നേരം അഞ്ചിന് സമാപിച്ചു.
എല്ലാ ബലിതർപ്പണ കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തി. ലൈഫ് ഗാർഡുകളുടെ സേവനവും ഏർപ്പാടാക്കിയിരുന്നു.പോലീസ്, ഫയർ ഫോഴ്സ്, മെഡിക്കൽ ടീം, എൻസിസി സ്കൗട്ട് വോളണ്ടിയർമാർ എന്നിവരുടെ സേവനവും ഉണ്ടായിരുന്നു.
ചവറ : പിതൃമോക്ഷം തേടി നിരവധി പേർ വിവിധ ഇടങ്ങളിൽ ഒരുക്കിയ തർപ്പണ കേന്ദ്രങ്ങളിൽ ബലിയർപ്പിച്ചു. സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികളും പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി ബലിയർപ്പിക്കാൻ എത്തി . ചവറയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ എല്ലാം തന്നെ പുലർച്ചേ മുതൽ ബലിതർപ്പണം തുടങ്ങിയിരുന്നു.
നീണ്ടകര പുത്തൻതുറ ആൽത്തറമൂട് മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ കടൽ തീരത്ത് ഒരേസമയം മുന്നുറിലധികം പേരാണ് ബലിതർപ്പണം നടത്തിയത്. ഇവിടെ ആയിരങ്ങൾ ബലിതർപ്പണത്തിൽ പങ്കെടുത്തു.പന്മന അഞ്ചു മനയ്ക്കൽ ക്ഷേത്ര സമീപത്തും ബലിതർപ്പണത്തിന് നിരവധിപേർ എത്തി. കർക്കടകവാവുബലി തർപ്പണത്തിൽ പന്മന ആശ്രമത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദയുടെ കാർമികത്വത്തിൽ ബലിതർപ്പണവും ക്ഷേത്രം മേൽശാന്തി വിഷ്ണുവിന്റെ കാർമികത്വത്തിൽ തിലഹവനവും നടന്നു. പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർഥപാദർ ചടങ്ങിന് നേതൃത്വം നൽകി.
പിതൃക്കളെ ധ്യാനിച്ച് ബലി തര്‍പ്പണം നടത്താനായി പുലര്‍ച്ചേ മുതല്‍ ബലിതർപ്പണ കേന്ദ്രങ്ങളിൽ വന്‍ തിരക്കനുഭവപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് ആള്‍ക്കാരണ് പല സ്ഥലങ്ങളിലും ബലി അര്‍പ്പിക്കാനായി എത്തിയത്.പോലീസ്, ഫയർഫോഴ്സ് , മറ്റ് സന്നദ്ധ പ്രവര്‍ത്തകരും പലയിടങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നു.ചിലയിടങ്ങളില്‍ ബലി അര്‍പ്പിച്ച ശേഷം പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ, കടമാൻ കോഡ്, ആര്യങ്കാവ്, തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷേത്രക്കടവുകളിൽ ശക്തമായ മഴയെ അവഗണിച്ചു ആയിരങ്ങൾ ബലിതർപ്പണ ചടങ്ങിൽ പങ്കെടുത്തു.
പുലർച്ചേ 3.30 മുതൽ കുളത്തൂപ്പുഴ ധർമശാസ്താ ക്ഷേത്ര ആറ്റിൻകടവുകളിൽ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി. അരി, പൂവ് ,ജലം, എള്ള് തുടങ്ങിയ പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച് ബലിദർപ്പണം നടത്തി .
കുളത്തൂപ്പുഴയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്, പഞ്ചായത്ത്, ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫയർഫോഴ്സിന്റെയും, ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രദേശത്തെ ഒരുക്കിയിട്ടുള്ളത്.
പരവൂർ : പൊഴിക്കര പനമൂട് മഹാദേവ ക്ഷേത്രത്തിൽ ആയിരങ്ങൾ പിതൃക്കൾക്ക് അശ്രുപൂജ അർപ്പിച്ചു മടങ്ങി.ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടത്തിയിരുന്നത് .പോലീസ് ഉദ്യോഗസ്ഥരുടെയും ഫയർ ഫോഴ്സിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇലക്ട്രിസിറ്റി,വാട്ടർ അഥോറിറ്റി, പരവൂർ നഗരസഭ ഉൾപ്പെടെ നിരവധി സന്നദ്ധ സംഘടനകളുടെയും സേവനം ഭക്തജനങ്ങൾക്ക് ബലി തർപ്പണത്തിന് ലഭിച്ചിരുന്നു.
പുലർച്ചേ മൂന്നിന് ആരംഭിച്ച പിതൃതർപ്പണ ചടങ്ങുകൾക്ക് ചേർത്തല ബിജുശാന്തി ,ധനേഷ് ശാന്തി തുടങ്ങിയവർ കാർമികത്വം വഹിച്ചു.ജാതി മത ഭേദമന്യേ സമസ്ത ജനവിഭാഗ ങ്ങളും ആരാധനാ നടത്തുന്ന തെക്കൻ കേരളത്തിലെ ഒരു പ്രധാന ശിവക്ഷേത്രമാണ് പരവൂർ പൊഴിക്കര പനമൂട് കുടുംബ മഹാദേവ ക്ഷേത്രം.ക്ഷേത്രത്തിനു സമീപമുള്ള വിശാലമായ കടപ്പുറം ബലിതർപ്പണ ചടങ്ങുകൾക്ക് ഭക്തർക്ക് പൂർണത നൽകുന്നു.
ക്ഷേത്ര മുറ്റത്തു തയാറാക്കിയവിശാലമായ പന്തലിൽ ഒരേ സമയം ആയിരത്തി ഇരുന്നൂറോളം പേർക്ക് തർപ്പണം ചെയ്യാൻ സൗകര്യ മുണ്ടായിരുന്നു. കടപ്പുറത്ത് എത്തി തർപ്പണ ചടങ്ങുപൂർത്തിയാക്കി വരുന്ന ഭക്തർക്ക് സൗജന്യ പ്രഭാത ഭക്ഷണവും ക്ഷേത്ര കമ്മിറ്റി ഒരുക്കിയിരുന്നു.
അഞ്ചല്‍ : കര്‍ക്കടകത്തിലെ വാവുദിനത്തില്‍ കിഴക്കന്‍ മേഖലയില്‍ പിതൃസ്മരണയില്‍ പ്രാര്‍ഥനയോടെ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. അഞ്ചല്‍ വടമണ്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കടയാറ്റ് കളരി ക്ഷേത്രം,കോട്ടുക്കല്‍ ക്ഷേത്രം, ഏരൂര്‍ തൃക്കോയിക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിനായി ബലിപ്പുരകള്‍ ഒരുക്കിയിരുന്നു. ആയിരങ്ങളാണ് കനത്ത മഴയിലും പുലര്‍ച്ചേ മുതല്‍ ബലിതര്‍പ്പണം നടത്താനായി എത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തന്നെ മിക്കയിടങ്ങളിലും വലിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
പോലീസ്, ഫയര്‍ ഫോഴ്സ് കൂടാതെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവയുടെ സൗകര്യവും ഒരുക്കിയിരുന്നു.
അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയി മഠം അമൃതപുരി ആശ്രമത്തിൽ കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണവും പൂജയും നടന്നു. സ്വാമി തുരീയാമൃതാനന്ദ പുരി ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. ആശ്രമത്തിൽ നടന്ന പൂജയിൽ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധിപേരാണ് പങ്കെടുത്തത്. 13 ഭാഷകളിലായി ഓൺലൈൻ വഴി സംഘടിപ്പിച്ച പൂജയിൽ പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
കുണ്ടറ : പെരുമ്പുഴ താഴംമുണ്ടപ്പള്ളിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണം ഇന്നലെ കായംകുളം സന്തോഷ് ജ്യോത്സ്യന്റെ മുഖ്യകാർമികത്വത്തിൽ പ്രസിഡന്റ് ആർ .സുഗതൻ സെക്രട്ടറി എസ്. പ്രസന്നൻ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ 4.30 ന് ആരംഭിച്ച കർമങ്ങൾ വൈകുന്നേരം നാലുവരെ തുടർന്നു.
പിതൃക്കൾക്ക് ബലിയിട്ടും തിലഹോമം, പിതൃപൂജ, സായൂജ്യപൂജ, പാൽപ്പായസനേർച്ച എന്നിവ നടത്തി ഭക്തജനങ്ങൾ മടങ്ങി.
പുനലൂർ: അഷ്ടമംഗലം ശ്രീ മഹാവിഷ്ണു, ഭഗവതി ക്ഷേത്രത്തിലെ പൊരീയ്ക്കൽ കടവിൽ കർക്കടകവാവു ബലിതർപ്പണ ചടങ്ങുകൾ നടത്തി.സുരേഷ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
പുലർച്ചേ 4.30 മുതൽ 11.30 വരെ നടന്ന ബലിതർപ്പണത്തിന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ക്ഷേത്രത്തിൽ പിതൃപൂജയും തില ഹോമവും നടന്നു. കഞ്ഞിസദ്യയും നടത്തി. സബ് ഗ്രൂപ്പ് ഓഫീസർ ഡി. ഉണ്ണികൃഷ്ണൻ നമ്പ്യാതിരി ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി .ജ്യോതിനാഥ്, സെക്രട്ടറി എസ്. അരുൺകുമാർ, വൈസ് പ്രസിഡന്റ് എം .ആർ. വിനോദ്,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വിപിൻ വേണു,അനന്തകുമാർ, എം.ബിനു, കെ. പ്രഭ എന്നിവർ നേതൃത്വം നൽകി.
തിരുമുല്ലവാരത്ത് ഭക്തജനങ്ങളെ വടംകെട്ടി തടഞ്ഞു
കൊല്ലം: തിരുമുല്ലവാരത്ത് ബലിയര്‍പ്പിക്കാനെത്തിയ ഭക്തരെ വടം കെട്ടി തടഞ്ഞതായി പരാതി. നിരവധിപേര്‍ കണ്ണീരോടെയാണ് മടങ്ങിയത്. കൂപ്പണ്‍ വാങ്ങിയിട്ടും ബലിയര്‍പ്പിക്കാന്‍ സാമഗ്രികള്‍ നല്‍കിയില്ല. പുലര്ച്ചേയെത്തി മണിക്കൂറുകള്‍ കാത്തുനിന്നവര്‍ക്കാണ് ദുരനുഭവമുണ്ടായത്.
ദര്‍പ്പണം നടത്താനാകാതെ ജനങ്ങള്‍ ദേവസ്വം സ്റ്റാഫിനോട് പണം തിരികെ ചോദിച്ചു. കഴിഞ്ഞവര്‍ഷവും ഇതേ അനുഭവമാണ് ഉണ്ടായെതെന്നു ഭക്തര്‍ പ്രതികരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നാണ് ആക്ഷേപം. പിതൃതര്‍പ്പണത്തിനുള്ള കൂപ്പണിലും തിരുമറിയെന്ന് പരാതിയുണ്ട്.
75 രൂപയുടെ കൂപ്പണിനു നൂറു രൂപ വാങ്ങുന്നതായുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം മുതലാണ് തിരുമുല്ലവാരത്തെ ബലിദര്‍പ്പണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്.
തിരുമുല്ലവാരത്തുണ്ടായത് ദേവസ്വംബോർഡിന്റെ കെടുകാര്യസ്ഥത: ഡി.ഗീതാകൃഷ്ണൻ
കൊല്ലം: തിരുമുല്ലവാരത്തെ ബലിദർപ്പണ ചടങ്ങ് അട്ടിമറിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിച്ചതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ ആരോപിച്ചു. ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥത കൊണ്ട് ആയിരക്കണക്കിന് ആളുകൾ ബലി ഇടാതെ മടങ്ങി പോയി.
തികച്ചും മോശമായ പന്തലാണ് നിർമിച്ചത്. ഇത് നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് സംവിധാനവും ഇല്ലായിരുന്നു. ബാരിക്കേട് പൊളിച്ചതിന് ശേഷം വലിച്ചു കെട്ടിയത് സാരി പോലെയുള്ള തുണി. 500 പേർ ഒരേ സമയം ഇരുന്നു ബലി ഇടാവുന്ന പന്തലിൽ ഉണ്ടായിരുന്നത് 10 ഓളം ജീവനക്കാരും.
ആവശ്യമായ സന്നാഹങ്ങൾ ഒരുക്കാതെ ദേവസ്വം ബോർഡ് മനഃപൂർവം ചെയ്തത് ആണോ എന്നതിന് വിജിലൻസ് അന്വേഷണം വേണമെന്ന് ഗീതാകൃഷ്ണൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ദേവസ്വം ബോർഡിന് എതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് ഗീതാകൃഷ്ണൻ പറഞ്ഞു.