ഇരിങ്ങാലക്കുട: ഈ കുഞ്ഞുമക്കളെയുംകൊണ്ട് ഞങ്ങളെവിടെ പോകാനാണ്..? ഇരിങ്ങാലക്കുടയില്‍ സ്വന്തമായി സ്ഥലമില്ലാത്ത അങ്കണവാടിയിലെ ജീവനക്കാര്‍ ചോദിക്കുന്നു. നഗരസഭയില്‍ 41 വാര്‍ഡുകളിലായി 60 അങ്കണവാടികളാണുള്ളത്. എന്നാല്‍, ഇതില്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 11 അങ്കണവാടികളാണ്. ഇവയില്‍ പലതും ഒറ്റമുറി കെട്ടിടത്തിലോ, തകരഷീറ്റിട്ട കെട്ടിടത്തിലോ ആണ്. ബൃന്ദ, വിജയ്, നൈവേദ്യ, കേരളപ്പിറവി സുവര്‍ണ ജൂബിലി, സ്നേഹതീരം, ചൈതന്യ, നവജ്യോതി, ഗുരു കുലം, കാരുകുളങ്ങര, ശാന്തിനഗര്‍, സിവില്‍ സ്റ്റേഷന് എന്നീ അങ്കണവാടികളാണു വാടകക്കെട്ടിടത്തില്‍ പ്രവത്തിക്കുന്നത്.
എപ്പോള്‍വേണമെങ്കിലും ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ആശങ്കയിലാണ് ഇവിടെ പഠനം. എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മിച്ചുനല്‍കുന്ന പദ്ധതിക്കു സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ടെങ്കിലും സ്ഥലം ലഭ്യമാക്കാന്‍ കഴിയാത്തതാണു തിരിച്ചടിയാകുന്നത്. വകുപ്പ് അനുവദിക്കുന്ന ചെറിയ തുകയ്ക്ക് സ്ഥലം കണ്ടെത്താന്‍ നഗരസഭയ്ക്ക് കഴിയുന്നില്ല. മൂന്നു സെന്റ് ലഭിച്ചാല്‍ മാത്രമേ അവശ്യസൗകര്യങ്ങളോടെ അങ്കണവാടിക്കെട്ടിടം പണിയാനാകൂ. ഐസിഡിഎസിന്റേയോ തദ്ദേശസ്ഥാപനത്തിന്റേയോ എംഎല്‍എയുടെയോ എംപിയുടെയോ വികസനപദ്ധതികളില്‍ നിന്നുള്ള തുക കെട്ടിടത്തിന്റെ നിര്‍മാണത്തിനു കണ്ടെത്താനാകും.
കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനം, പ്രതിരോധ കുത്തിവയ്പ്പുകള്‍, പോഷകാഹാരം ഉറപ്പാക്കല്‍, പ്രാഥമിക ബാലപാഠം, അമ്മമാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അങ്കണവാടികള്‍ നടത്തുന്നത്. ഇതിനാവശ്യമായ കെട്ടിടം, കളിസ്ഥലം, പ്രാഥമികസൗകര്യം, സുരക്ഷിതമായ ചുറ്റുപാട് എന്നിവ പല വാടക കെട്ടിടങ്ങളിലും ഉണ്ടാകാറില്ല. മഴ പെയ്യുന്ന സമയത്ത് കുട്ടികളെ പുറത്തിറക്കിക്കൊണ്ടുപോകുക വലിയ പ്രയാസമാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഇത്തരം അങ്കണവാടികളില്‍ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും കുറയുകയാണ്.
എട്ടാം വാര്‍ഡിലെ ലക്ഷ്മി, 34-ാം വാര്‍ഡിലെ ഇ.കെ. നായനാര്‍ സ്മാരകം എന്നീ അങ്കണവാടികളില്‍ ആണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നത്. 18 കുട്ടികള്‍ വീതമാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് കുട്ടികളുള്ളത് വാര്‍ഡിലെ സുവര്‍ണദീപം അങ്കണവാടിയിൽ - നാലുപേര്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 24 അങ്കണവാടികള്‍ നവീകരിച്ചു. എന്നാല്‍ നഗരസഭയില്‍ ഒരു അങ്കണവാടിപോലും സ്മാര്‍ട്ടല്ല.