മാള: പത്തുകോടിയിലേറെ രൂപയുടെ തട്ടിപ്പുനടന്നെന്ന കണ്ടെത്തലിൽ മാള സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡിലെ 20 മെമ്പർമാരും ഉൾപ്പെടെ 21 പേർക്കെതിരേ പോലീസ് കേസെടുത്തു.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ (ജനറൽ) പരാതിയിലാണ് മാള പോലീസ് സ്റ്റേഷനിൽ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്.
2006 ഒക്ടോബർ ഏഴുമുതൽ 2024 ജനുവരി 21 വരെയുള്ള സമയത്താണ് തട്ടിപ്പുനടന്നത്. പല ദിവസങ്ങളിലായി ഭരണസമിതി അംഗങ്ങൾ എന്ന നിലയിൽ അധികാരദുർവിനിയോഗം നടത്തി വഴിയില്ലാത്തതും നിലമടക്കം വിലയില്ലാത്തതുമായ ഭൂമികൾ ബാങ്കിൽ പണയപ്പെടുത്തി 10,07,69,991 രൂപ വായ്പയായി വാങ്ങി നാളിതുവരെ തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
മാള സർവീസ് കോഓപ്പറേറ്റീവ് ബാങ്കിലെ മുൻ പ്രസിഡന്റ് വലിയപറമ്പ് അതിയാരത്ത് എ.ആർ. രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡിലെ മെമ്പർമാരായിരുന്ന അബ്ദുള്ളക്കുട്ടി, ബിന്ദു പ്രദീപ്, ജയ്സൺ വർഗീസ്, ജിമ്മി ജോയ്, ജോഷി പെരേപ്പാടൻ, ടി.പി. കൃഷ്ണൻകുട്ടി, നിയാസ്, പി.സി. ഗോപി, പി.കെ. ഗോപി, പോൾസൺ ഓളാട്ടുപുറം, പ്രീജ ഉണ്ണികൃഷ്ണൻ, ഷിന്റോ എടാട്ടുകാരൻ, സിന്ധു അശോകൻ, തോമസ് പഞ്ഞിക്കാരൻ, വിജയ കുറുപ്പ്, വിത്സൻ കാഞ്ഞൂത്തറ, ബൈജു വാണിയംപള്ളി, പി.ഐ. ജോർജ്, എം.ജെ. ജോയ്, സെൻസൻ എന്നീ 21 പേരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, മാള ഇൻസ്പെക്ടർ വി. സജിൻ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.