അടികപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്ക് ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന് തുടക്കമായി. വെള്ളിയാഴ്ച്ച കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലാണ് പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്.
തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി.യാണ് ഈ ചിത്രം നിർമിക്കുന്നത്. ലളിതമായ ചടങ്ങിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ സ്വിച്ചോൺ കർമം നിർവഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ പി. ജയചന്ദ്രൻ, എസ്.ബി. മധു എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. വാഴൂർ സോമൻ എംഎൽഎ, പി.ജയചന്ദ്രൻ, എസ്.ബി. മധു, എ.ജെ. വർഗീസ്, പ്രേംകുമാർ, സൂരജ് എസ്. ആനന്ദ്, സൂര്യ, മുഹമ്മദ് സനൂപ്എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
എഞ്ചിനിയറിംഗ് കോളജിന്റെ പശ്ചാത്തലത്തിലൂടെ ഫുൾഫൺ, ത്രില്ലർ മൂവിയൊരുക്കുക യാണ് വർഗീസ്. ക്യാമ്പസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികൾ. അവരുടെ ഈ സഞ്ചാരത്തിനിടയിലാണ് ക്യാംമ്പസിന് പുറത്തുവച്ച് ഒരു പ്രശ്നത്തെ ഇവർക്ക് നേരിടേണ്ടിവരുന്നത്.
ഈ പ്രതിസന്ധി ചിത്രത്തിനു പുതിയ വഴിഞ്ഞിരിവ് സമ്മാനിക്കുന്നു. ഈ സംഭവം കുട്ടികളുടെ ജീവിതത്തെ ഏറെ സംഘർഷഭരിതമാക്കുകയാണ്.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാർ, മഞ്ജു പിള്ള, തമിഴ്നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. വിനീത് മോഹൻ, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിൻസ്, എലിസബത്ത് വിജയകൃഷ്ണൻ, എ.ബി. എന്നിവരാണിവർ.
സംവിധായകൻ എ.ജെ. വർഗീസിന്റേതാണു തിരക്കഥ. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കു ശേഷം മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ടിറ്റോ.പി. തങ്കച്ചന്റേതാണ് ഗാനങ്ങൾ.
ഛായാഗ്രഹണം - സൂരജ് എസ്. ആനന്ദ്. എഡിറ്റിംഗ് - ലിജോ പോൾ. കലാസംവിധാനം - ശ്യാം കാർത്തികേയൻ. മേക്കപ്പ് - അമൽ കുമാർ കെ.സി. കോസ്റ്റ്യും - ഡിസൈൻ. സൂര്യാ സി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷഹദ് സി. പ്രൊഡക്ഷൻ - മാനേജേഴ്സ് -എൽദോ ജോൺ, ഫഹദ് കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നെജീർ നസീം, പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് സനൂപ്.
പീരുമേട്, കുട്ടിക്കാനം, വാഗമൺ, കുമളി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ. മുഹമ്മദ് റിഷാജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.