കുരങ്ങുകൾ നശിപ്പിക്കുന്ന കരിക്കുകളുമായി പനംകുറ്റിയിലെ ചെറുനിലം ജോൺ.
വടക്കഞ്ചേരി: മലയോരപാതയായ വാൽക്കുളമ്പ്- പനംകുറ്റി- പന്തലാംപാടം റോഡിൽ വൈകുന്നേരമായാൽ ആനക്കൂട്ടങ്ങളിറങ്ങും. പകൽസമയങ്ങളിൽ വിളകൾ നശിപ്പിക്കാൻ തോട്ടങ്ങളിൽ എത്തുന്നത് കുരങ്ങുകളുടെ പട.
മുകളിലൂടെ യാത്രചെയ്യുന്ന മലയണ്ണാനും വിളകൾ നശിപ്പിക്കാനുണ്ട്. താഴെയുളള വിളകൾ നശിപ്പിക്കാൻ പന്നി, മാൻ, മുള്ളൻപന്നി തുടങ്ങിയവയുടെ പട വേറെയാണ്.വാനരപ്പടയാണ് കർഷകരെ ഏറെ കരയിപ്പിക്കുന്നത്.
മുപ്പതും നാല്പതും എണ്ണംവരുന്ന വാനരക്കൂട്ടം എത്തിയാൽ പിന്നെ തെങ്ങിൽ കരിക്ക് പ്രായമാകുന്ന നാളികേരമൊന്നും ഉണ്ടാകില്ല. എല്ലാം കടിച്ച് ഓട്ടയാക്കി ഉള്ളിലെ കാമ്പ് തിന്ന് താഴേക്ക് വലിച്ചെറിയും.
ദിവസവും ഇരുപത്, മുപ്പത് എണ്ണം കരിക്ക് പരുവത്തിലുള്ള നാളികേരം താഴെയുണ്ടാകുമെന്ന് പനംകുറ്റിയിലെ കർഷകനായ ചെറുനിലം ജോൺ പറഞ്ഞു. മൂപ്പെത്തും മുമ്പേ കൊക്കോയുടെ സ്ഥിതിയും ഇതുതന്നെയാണ്.
പനംകുറ്റിക്കടുത്ത് താമരപ്പിള്ളി ഭാഗത്താണ് ആനക്കൂട്ടം ഇറങ്ങുന്നത്. വനാതിർത്തിയിലെയും സ്വകാര്യ തോട്ടങ്ങളിലെയും ഫെൻസിംഗുകൾ തകർത്താണ് ആനകൾ എത്തുക. ഇവിടുത്തെ കുന്നേൽ എസ്റ്റേറ്റ് ആനയുടെ ഇടത്താവളമായി മാറി. ഏതുസമയവും ആനയെക്കാണം.
Tags : elephants in the evenings, Nattuvishesham DistrictNews