ആനപ്പന്തി -കഞ്ഞിപ്പാറ- അങ്ങാടിക്കടവ് റോഡിൽ കുണ്ടൂർ പുഴയ്ക്ക് കുറുകെ പാലം നിർമിക്കേണ്ട ഭാഗം.
ഇരിട്ടി: മലയോര മേഖലയിൽ ആനപ്പന്തിയെയെയും അങ്ങാടിക്കടവിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും പഴക്കം ചെന്ന റോഡുകളിൽ ഒന്നായ ആനപ്പന്തി -കഞ്ഞിപ്പാറ- അങ്ങാടിക്കടവ് റോഡിന്റെ ഭാഗമായ കുണ്ടൂർ പുഴയ്ക്ക് കുറുകെ പുതിയ പാലത്തിനുള്ള സാധ്യത തെളിയുന്നു. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് പുതിയ പാലത്തിനുള്ള സാധ്യതാ പഠനത്തിന് പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചു.
കുടിയേറ്റ കാലം മുതൽ അങ്ങാടിക്കടവിലേക്ക് എത്താനുള്ള പ്രധാന മാർഗമായിരുന്നു ആനപ്പന്തി -കഞ്ഞിപ്പാറ- അങ്ങാടിക്കടവ് റോഡ്. ആദ്യകാലത്ത് ബസ് സർവീസ് ഉൾപ്പെടെ നടത്തിയിരുന്നത് ഇതുവഴിയായിരുന്നു.
വള്ളിത്തോട്- കരിക്കോട്ടക്കരി റോഡിൽ ആനപ്പന്തിയിൽ പുതിയ പാലം വന്നതോടെ വള്ളിത്തോട് - അങ്ങാടിക്കടവ് റോഡിന് സാധ്യത വർധിക്കുകയും ഇവിടെ പുതിയ പാലമെന്ന ആവശ്യം മങ്ങുകയും ചെയ്തു. അങ്ങാടിക്കടവ് ടൗണിന് സമീപം പുതിയ പാലം കൂടിവന്നതോടെ കഞ്ഞിപ്പാറയിൽ കുണ്ടൂർ പുഴയ്ക്ക് കുറുകെയുള്ള പാലം അടഞ്ഞ അധ്യായമായി മാറുകയായിരുന്നു. എന്നാൽ ഈ പാലം യാഥാർഥ്യമായാൽ ആനപ്പന്തിയിൽ നിന്നും അങ്ങാടികടവിൽ എത്താൻ ദൂരം കേവലം ഒരു കിലോമീറ്ററായി ചുരുങ്ങും.
ഇപ്പോൾ ആനപ്പന്തിയിൽ നിന്നും അങ്ങാടിക്കടവിലേക്ക് രണ്ടര കിലോമീറ്റർ വളഞ്ഞു വേണം സഞ്ചരിക്കണം.പുതിയ പാലം യഥാർഥ്യമായാൽ കഞ്ഞിപ്പാറ, ആനപ്പന്തി മേഖലയിലുള്ള നൂറോളം കുടുംബങ്ങൾക്ക് വലിയ ആശ്വാസം ആകും. മഴക്കാലമായാൽ കുണ്ടൂർ പുഴയിൽ വെള്ളം നിറയുന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെ പ്രദേശവാസികളുടെ ദുരിതത്തിന് ആശ്വാസമാകും. ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പള്ളിയുൾപ്പെടെ പ്രദേശവാസികൾ ആശ്രയിക്കുന്ന അങ്ങാടിക്കടവ് ടൗണിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതാണ് പാലത്തിന്റെ പ്രാധാന്യം. നേരത്തെ നാട്ടുകാർ പലതവണ ഈ ആവശ്യം ഉന്നയിച്ചു നിവേദനം നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
സണ്ണി ജോസഫ് മന്ത്രി ആയതോടെ നാട്ടുകാർ വീണ്ടും നിവേദനവുമായി മന്ത്രിയെ സമീപിച്ചു. പാലത്തിന്റെ ആവശ്യകത ബോധ്യമായ മന്ത്രി നാട്ടുകാർക്ക് രണ്ടുവർഷത്തിനുള്ളിൽ ഇവിടെ പാലം യാഥാർഥ്യമാക്കുമെന്ന് ഉറപ്പു നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായി പാലം നിർമിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് 5.65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഉടൻതന്നെ പ്രവൃത്തി ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags :