പ്രതീകാത്മക ചിത്രം
ചാലക്കുടി: റിവർ ഡൈവേർഷൻ സ്കീമിന് സ്വന്തമായി സ്റ്റോറേജ് ഡാം നിർമിക്കണമെന്ന ആവശ്യം ഉയരുന്നു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന റിവർ ഡൈവെർഷൻസ് കം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ ഉന്നതവിദ്യഭ്യാസ മന്ത്രി റോജി എം. ജോൺ, യുവജനക്ഷേമ കായിക മന്ത്രി ഒ.ജെ. ജനീഷ്, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ സനീഷ്കുമാർ ജോസഫ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിന്റെ കൺവീനറായ ഐഐപി ഡിവിഷൻ നം.2, ചാലക്കുടി എക്സിക്യൂട്ടീവ് എൻജിനീയർ എ. ജിഷ, ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിന് സ്വന്തമായി ഒരു സ്റ്റോറേജ് സംവിധാനം ഇല്ലാത്തതുകൊണ്ട് പൊരിങ്ങൽകുത്തിലെ കെഎസ്ഇബി പവർ ഹൗസിൽ നിന്നും വൈദ്യുതോത്പാദനം കഴിഞ്ഞശേഷം ലഭിക്കുന്ന വെള്ളത്തിനെ മാത്രം ആശ്രയിച്ചാണ് കനാലിൽക്കൂടി ജലവിതരണം നടത്തുന്നതെന്നും ഈ വെള്ളത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കനാലുകളുടെ കേടുപാടുകളും ജലവിതരണത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പല ടേണുകളിലും വാലറ്റം വരെ വെള്ളം എത്തിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നുണ്ടെന്നും പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മഴ കുറവായതിനാൽ 2026-27 വർഷത്തെ ജലവിതരണത്തിൽ വെള്ളത്തിന്റെ കാര്യമായ കുറവ് നേരിടാനാണു സാധ്യത. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പ്രാദേശികമായിട്ട് ഒരു കമ്മിറ്റി രൂപീകരിച്ച് വെള്ളം കാര്യക്ഷമമായി എത്തിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന്. ഉന്നത വിദ്യഭ്യാസമന്ത്രി റോജി എം. ജോൺ അഭിപ്രായപ്പെട്ടു. കനാലിൽ നിന്നും നീക്കം ചെയ്ത് കനാൽ ബണ്ടിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നീക്കം ചെയ്യുന്നതിനുള്ള അധികാരം ഗവൺമെന്റിൽ നിന്നും ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ചർച്ചചെയ്തു തീരുമാനിക്കാമെന്ന് യുവജനക്ഷേമ കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
തമിഴ്നാട്ടിൽനിന്നും പറമ്പിക്കുളം ആളിയാർ വഴിയുള്ള വെള്ളത്തിന്റെ ലഭ്യതയും കനാലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കേണ്ടതിന്റെ ആവശ്യക തയും ഫണ്ടിന്റെ അപര്യാപ്തതയും തുമ്പൂർമുഴിക്ക് മുകളിലായി ഒരു സ്റ്റോറേജ് സംവിധാനം വേണ്ടതിനെക്കുറിച്ചും സനീഷ്കുമാർ ജോസഫ് എംഎൽഎ ചൂണ്ടി ക്കാട്ടി.
പൊരിങ്ങൽ കുത്തിൽനിന്നും പിഎപി എഗ്രിമെന്റ് പ്രകാരം തമിഴ്നാട് ഷോളയാർ നിന്ന് കേരള ഷോളയാറിൽ സെപ്റ്റംബർ ഒന്നിനു നടത്തേണ്ട ഫില്ലിംഗ് പൂർണമല്ലായിരുന്നെന്നും ഫെബ്രുരി ഒന്നിനു നടത്തേണ്ട ഫില്ലിംഗ് ഉറപ്പാക്കിയില്ലെങ്കിൽ ആവശ്യത്തിന് ജലലഭ്യത ഉണ്ടാവില്ലെന്നും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ഗിരിജ അറിയിച്ചു. വലതുകര, ഇടതുകര കനാലുകളിൽ കൂടിയുള്ള ജലവിതരണം 15 ന് ആരംഭിക്കാൻ തീരുമാനിച്ചു.
Tags : river diversion nattuvishesham district news deepika news