അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ മുത്തൂർ ഗ്രാമപഞ്ചായത്തിലെ കേരകർഷകർക്കൊപ്പം.
കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി അരസമ്പാളയത്തുള്ള അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ പത്താംനമ്പർ മുത്തൂർ ഗ്രാമപഞ്ചായത്തിൽ കേരകർഷകർക്കായി കീട- രോഗ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കോളജ് ഡീൻ ഡോ. സുധീഷ് മണലിലിന്റെ മാർഗനിർദേശത്തിൽ ഐശ്വര്യ, അർപിത, എ. ഹൃദയ, ശിവഗണേഷ്, ശിവാനി, നന്ദന, അനഘ, ബി. അനൂജ, എസ്. അനൂജ, അശ്വിൻ, ദേവാനന്ദ്, പി.യു. ഹൃദയ എന്നിവരാണ് ബോധവത്കരണം നടത്തിയത്.
തെങ്ങുകൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങളെയും രോഗങ്ങളെയും അവയുടെ ഫലപ്രദമായ നിയന്ത്രണ മാർഗങ്ങളെയുംകുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പ്രധാന കീടങ്ങളുടെ ലക്ഷണങ്ങൾ, തിരിച്ചറിയൽ രീതികൾ, നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ചും ബാധിക്കുന്ന സാധാരണ രോഗങ്ങളെക്കുറിച്ചും വിദ്യാർഥികൾ വിശദീകരിച്ചു.
Tags : Amrita Agricultural College students Nattuvishesham DistrictNews