പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ശ്രീനാരായണപുരം: പുതിയ തലമുറനേരിടുന്ന വലിയ വിപത്തായ ലഹരിക്കെതിരേയുള്ള മറുപടി സ്പോർട്സ് ആണെന്ന് മന്ത്രി ഒ.ജെ. ജനീഷ് അഭിപ്രായപ്പെട്ടു.
1951ൽ പൂവത്തുംകടവിൽ ഭഗീരഥൻ മാനേജർ സ്ഥാപിച്ച ശ്രീനാരായണപുരം പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യംനൽകണം. കേരളത്തിന് മികച്ച വരുമാനം ഉണ്ടാക്കി കൊടുക്കുന്ന വകുപ്പ് കൂടിയാണ് കായികമെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. വത്സരാജ് എംഎൽഎ അധ്യക്ഷതവഹിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ഇ.കെ. ശ്രീജിത്ത് ആമുഖപ്രഭാഷണം നടത്തി. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു . ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിൽനിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര ശ്രദ്ധേയമായി. തുടർന്ന് സ്കൂൾ മാനേജർ പി. രാജ്മോഹൻ വിദ്യാലയാങ്കണത്തിൽ പതാക ഉയർത്തി. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് തുടക്കമായത്.