കൊച്ചി വിമാനത്താവളത്തിലെത്തിയ ഇഗ്നാത്തിയോസ് മാർ അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയെ യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവയുടെ നേതൃത്വ
പുത്തൻകുരിശ്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് മാർ ആപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിലെത്തി. യാക്കോബായ സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നതിനാണ് ബാവ എത്തിയത്.
പാത്രിയർക്കീസ് ബാവയോടൊപ്പം മെത്രാപ്പോലീത്തമാരായ തെയോഫിലോസ് ജോർജ് സ്ലീബാ, നിക്കോദിമോസ് ദാവൂദ് ഷറഫ് തീമോത്തിയോസ് മൂസാ, അന്ത്രയോസ് ബാഹി, അന്തിമോസ് യാക്കോബ്, ജോർജ് കുറിയ, മൗറിസ് അമീഷ്, നിക്കോളാസ് മട്ട, ഫീലക്സിനോസ് മത്യാസ് നയിസ്, സേവേറിയോസ് റോജർ അക്രാസ്, യൂഹാനോൻ സുഹയിൽ, യൂസ്തിനോസ് സഫർ യെസാഹി അഹ്കറീൻ, ജോസഫ് ബാലി എന്നിവരും എത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും ചേർന്ന് ബാവയെയും സംഘത്തെയും സ്വീകരിച്ചു.
മന്ത്രി അനൂപ് ജേക്കബ്, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, ഷിബു തെക്കുംപുറം, മനോജ് മുത്തേടൻ തുടങ്ങിയവരും സഭാഭാരവാഹികളും സഭാ വർക്കിംഗ് കമ്മിറ്റി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സ്വീകരണത്തിനെത്തി.
സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് അത്തനാസിയോസ് കത്തീഡ്രലിൽ പാത്രിയർക്കീസ് ബാവ ധൂപ പ്രാർഥന നടത്തി.
ഇന്നു പ്രാരംഭ ശുശ്രൂഷ
ഇന്നു വൈകീട്ട് 5.30ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്താനാ സിയോസ് കത്തീഡ്രലിൽ സന്ധ്യാപ്രാർഥന നടക്കും. പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവ സഹകാർമികനാകും. തുടർന്ന് വിശുദ്ധ മൂറോൻ കൂദാശയുടെ പ്രാരംഭ ശുശ്രൂഷ ആരംഭിക്കും.
നാളെ രാവിലെ 7.45ന് പാത്രിയർക്കീസ് ബാവയും ശ്രേഷ്ഠ കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും പ്രദക്ഷിണമായി പാത്രിയർക്കാ സെന്ററിൽനിന്ന് വിശുദ്ധ മദ്ബഹായിലേക്ക് പ്രവേശിക്കും. എട്ടിന് വിശുദ്ധ മൂറോൻ കൂദാശ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന.
ഉച്ചകഴിഞ്ഞ് രണ്ടിനു ശ്രേഷ്ഠ കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ കൂടുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും വിവിധ സഭാ മേലധ്യക്ഷന്മാരും ജനപ്രിതിനിധികളും മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
14ന് രാവിലെ 10ന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചാത്തുരുത്തിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസിന്റെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഓർമയാചരണം ഉദ്ഘാടനം പാത്രിയർക്കീസ് ബാവ നിർവഹിക്കും. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അന്നേദിവസം തുടക്കം കുറിക്കും.
11ന് പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ എപ്പിസ്കോപ്പൽ സുന്നഹദോസും തുടർന്ന് സഭാ വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി യോഗങ്ങളും ചേരും.
കേരള സർക്കാരിന്റെ അതിഥിയായി എത്തിയ പാത്രിയർക്കീസ് ബാവ 16ന് ബെയ്റൂട്ടിലേക്ക് തിരിക്കും.
Tags : Holy Myron Tomorrow Nattuvishesham DistrictNews