തൊടുപുഴ: ബാങ്കിന്റെ പേരില്‍ വാട്സാപ്പില്‍ വ്യാജ സന്ദേശങ്ങളയച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പൊലിസ് അറിയിച്ചു. കെവൈസി അപ്ഡേറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു.
അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനായി ഈ എപികെ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക എന്ന രീതിയിലുള്ള സന്ദേശങ്ങളാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിക്കുന്നത്. ബാങ്കിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നത്.
സന്ദേശത്തോടൊപ്പം ലഭിക്കുന്ന എപികെ ഫയല്‍ ഒരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലിസ് പറയുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ മൊബൈല്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിംഗ് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനും അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കെവൈസി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. സംശയമുള്ള സാഹചര്യത്തില്‍ സന്ദേശത്തിലെ ലിങ്കിലൂടെയോ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറിലൂടെയോ ബന്ധപ്പെടാതെ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്നിവ വഴി മാത്രം വിവരങ്ങള്‍ പരിശോധിക്കുക. ഒടിപി, എടിഎം പിന്, സിവിവി, യുപിഐ പിന് തുടങ്ങിയ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്.
ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം ഈ വിവരം സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 ലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കണം.