കണ്ടെയ്നര്‍ റോഡിലെ അപകടസ്ഥലത്ത് എഡിജിപി പി. വിജയന് പരിശോധനയ്ക്കെത്തിയപ്പോള്‍.
കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പൊലിസിന് വീഴ്ച സംഭവിച്ചെന്ന ആരോപണം ശക്തമായിരിക്കെ, സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ കൊച്ചിയിലെത്തിയ എഡിജിപി പി. വിജയനു മുന്നില്‍ നീതിനിഷേധം വിവരിച്ച് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ (55) കുടുംബം.
പൊട്ടിക്കരഞ്ഞാണ് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തിയും മറ്റുള്ളവരും പൊലിസ് വീഴ്ചകള്‍ എഡിജിപിക്ക് മുന്നില്‍ വിവരിച്ചതും നീതി ആവശ്യപ്പെട്ടതും. ജയബാലകൃഷ്ണന്റെ മരണാന്തര ചടങ്ങുകള്‍ക്കിടെയാണ് എഡിജിപി കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് വിവരം സര്‍ക്കാര്‍ തലത്തില്‍ അറിയിച്ചതിന് പിന്നാലെ കേസ് നടപടികളില്‍ വീഴ്ച വരുത്തിയ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
പതിനേഴുകാരന്റെ പിതാവിനെ സസ്പെന്‍ഡ് ചെയ്യണം, പ്രതിയുടെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കുടുംബം എഡിജിപിയെ അറിയിച്ചു.
പഴുതടച്ചുള്ള അന്വേഷണവും തുടര്‍നടപടികളും ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയാണ് എഡിജിപി ഇവിടെനിന്ന് മടങ്ങിയത്.
Tags :