കണ്ണൂർ മാർക്കറ്റ് റോഡിലെ കാംബസാർപള്ളിക്ക് സമീപത്തെ എമിറേറ്റ്സ് ചോക്കലേറ്റ്സ് ആൻഡ് ഡ്രൈ ഫ്രൂട്സ് സ്ഥാപനത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ഫയർ
കണ്ണൂർ: നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കണ്ണൂർ മാർക്കറ്റ് റോഡ് കാംബസാർ പള്ളിക്ക് സമീപത്തെ എമിറേറ്റ്സ് ചോക്കലേറ്റ്സ് ആൻഡ് ഡ്രൈ ഫ്രൂട്സ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണം. പുലർച്ചെ 12.45 ഓടെ സ്ഥാപനത്തിന്റെ ഒന്നാം നിലയിൽ പുക ഉയരുന്നത് കണ്ട് വഴിയാത്രക്കാരാണ് ഫയർ സർവീസിൽ വിവരം അറിയിച്ചത്. കണ്ണൂരിൽനിന്ന് മൂന്നു ഫയർ യൂണിറ്റുകൾ എത്തിയാണ് രണ്ടു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.
കൂത്തുപറമ്പ് സ്വദേശി വി.സി. അഹമ്മദിന്റെ ചോക്കലേറ്റ് കടയുടെ ഒന്നാം നിലയിൽ ചോക്കലേറ്റ് സൂക്ഷിക്കുന്ന മുറിയിലാണ് തീ പടർന്നത്. മേൽക്കൂരയും മുൻവശത്തെ ഗ്ലാസും എസിപി ഷീറ്റും വയറിംഗും കത്തിനശിച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.തീപിടിത്തമുണ്ടായ സ്ഥാപനത്തിന്റെ തൊട്ടടുത്ത താജ് അറബ് സൂക്കിലേക്കും തീപടർന്നെങ്കിലും പെട്ടെന്ന് അണയ്ക്കാനായതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.
വ്യാപാര സ്ഥാപനങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന മാർക്കറ്റ് റോഡിൽ അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ജില്ലാ ഫയർ ഓഫിസർ ബി. രാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം. സൂരജ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുരേഷ്, ഷിജു, ഷമിത്ത്, അർജുൻ , ശിൽപ , അനുജിത്ത്, നിമേഷ് ,ജ്യോതിഷ് കൃഷ്ണൻ ഹോംഗാർഡുമാരായ നിഖിൽ, സജിത തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Tags :