പാലാ: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകുമ്പോള്‍ പാലാ മേഖലയില്‍ പാലാ-രാമപുരം-കൂത്താട്ടുകുളം-പിറവം-എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്കു നേട്ടം. എറണാകുളം, പിറവം, കൂത്താട്ടുകുളം, പാലാ ഡിപ്പോകളുടെയും മറ്റു ഡിപ്പോകളുടെയും നിരവധി ഓര്‍ഡിനറി ബസുകളാണ് ഇതുവഴി തുടര്‍ച്ചയായി സര്‍വീസ് നടത്തുന്നത്.
ചക്കാമ്പുഴ-രാമപുരം-കൂത്താട്ടുകുളം-പിറവം വഴി രാവിലെ 6.20 മുതല്‍ വൈകുന്നേരം 6.10 വരെ 21 ട്രിപ്പുകളാണ് നടത്തുന്നത്. ഏഴാച്ചേരി, അന്ത്യാളം വഴി രാവിലെയും വൈകുന്നേരവും ഓരോ സര്‍വീസാണുള്ളത്.
പാലാ ഡിപ്പോയിൽ സൗജന്യ യാത്ര 13 ബസുകളില്‍
പാലാ: പാലാ ഡിപ്പോയില്‍നിന്നു വൈക്കം റൂട്ടില്‍ അഞ്ച്, മുണ്ടക്കയം റൂട്ടില്‍ രണ്ട്, രാമപുരത്തേക്ക് രണ്ട്, ചൂണ്ടച്ചേരി, കാഞ്ഞിരമറ്റം, കയ്യൂര്‍ ഒന്നു വീതം എന്നിങ്ങനെയാണ് സര്‍വീസുള്ളത്. വൈക്കം, പൊന്‍കുന്നം റൂട്ടുകളില്‍ അതതു ഡിപ്പോകളുടെ സര്‍വീസുകളും നിലവിലുണ്ട്. തൊടുപുഴയ്ക്കും കോട്ടയം ഭാഗത്തേയ്ക്കും ഓര്‍ഡിനറി ട്രിപ്പുകള്‍ കുറവാണ്.
കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട ഡിപ്പോകളില്‍നിന്ന് കോട്ടയം ഭാഗത്തേക്ക് ഏതാനും ഓര്‍ഡിനറി സര്‍വീസുകളുണ്ട്. പാലാ-വലവൂര്‍ - ഉഴവൂര്‍ റൂട്ടിലും ഓര്‍ഡിനറി സര്‍വീസുകൾ കുറവാണ്. എറണാകുളം ഡിപ്പോയുടെ ഏതാനും കട്ടപ്പന, കുമളി, എരുമേലി ദ്വീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് ഇതുവഴിയുള്ളത്.
സൗജന്യയാത്ര ഉദ്ഘാടനം
പാലാ: ഡിപ്പോയിലെ സൗജന്യയാത്രയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.45ന് നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം നിര്‍വഹിക്കും.
ദുരുപയോഗം ചെയ്യരുത്: പാസഞ്ചേഴ്സ് അസോസിയേഷന്
പാലാ: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ലഭ്യമാകുന്ന സൗജന്യ സ്ത്രീ യാത്രാ സൗകര്യം അനാവശ്യ യാത്രയ്ക്കായി ഉപയോഗിക്കരുതെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. നിലവില്‍ ചില റൂട്ടുകളില്‍ മാത്രമാണ് ഓര്‍ഡിനറി സര്‍വീസുള്ളത്. പണം കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ യാത്രാസൗകര്യങ്ങളും ഉറപ്പാക്കപ്പെടണം.
പാലാ മേഖലയില്‍നിന്ന് എറണാകുളം ഉള്‍പ്പെടെയുള്ള ദ്വീര്‍ഘദൂര യാത്രാബസുകള്‍ സൗജന്യക്കാര്‍ കൈയടക്കിയാല്‍ പകരം സംവിധാനം ഇല്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് വലിയ യാത്രാ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ലിംഗവിവേചനം പരിഷ്കൃത സമൂഹത്തിന് ചേര്ന്നതല്ലാത്തതിനാല് ഓര്‍ഡിനറി ബസുകളില്‍ പുരുഷന്മാര്ക്കും സൗജന്യ യാത്ര എന്നത് ന്യായമായ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കും സൗജന്യ യാത്ര അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് ജയ്സണ്‍ മാന്തോട്ടം അധ്യക്ഷത വഹിച്ചു. സണ്ണി കിഴക്കേടം പ്രമേയം അവതരിപ്പിച്ചു.
Tags : nattu vishesham Free travel