നിഷ
വെള്ളറട: സ്വര്‍ണപ്പണയ ബാങ്ക് വായ്പാ ടേക്ക് ഓവർ ചെയ്യാനെന്ന വ്യാജേന തട്ടിപ്പു നടത്തിയ യുവതി പിടിയിൽ. ആര്യങ്കോട് ചെമ്പൂര് ഒട്ടശേഖരമംഗലം സ്വദേശിനിയായ നിഷ (37) ആണ് സ്വര്‍ണപ്പണയം മാറ്റിവെക്കാനെന്ന വ്യാജേന 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആര്യങ്കോട് പൊലിസിന്റെ പിടിയിലായത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ഓഫീസില്‍ കാര്യങ്ങള്‍ ചെയ്തുവന്നിരുന്ന നിഷ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്തെന്ന് പൊലിസ് പറഞ്ഞു. ആര്‍ക്കും സംശയംവരാത്ത തരത്തിലാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബര്‍ 14ന് ചെമ്പൂര് കവലയ്ക്കുസമീപം പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണവായ്പ ടേക്ക് ഓവര്‍ ചെയ്യണം എന്ന ആവശ്യവുമായി നിഷ ബാങ്ക് മാനേജരെ സമീപിച്ചു. തുടര്‍ന്ന് 50 ലക്ഷം രൂപ വായ്പ പാസാക്കി യുവതിയുടെ ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് അയപ്പിച്ചു.
വായ്പയായെത്തുന്ന പണം മറ്റു ബാങ്കുകളിലേക്ക് മാറ്റുന്നതിനായി ചെക്ക് ഒപ്പിട്ടുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലെത്തി. പിന്നീട് വായ്പ നല്കിയ ബാങ്ക് മാനേജരും നിഷയും ബാങ്കിലെത്തി സ്വര്‍ണം എടുക്കാന്‍ ചെന്നപ്പോഴാണ് അവിടെ പണയ ഉരുപ്പടിയില്ലെന്നുള്ള യാഥാര്‍ഥ്യം തിരിച്ചറിയുന്നത്. ഇതിനിടയില്‍ യുവതി അതിവിദഗ്ധമായി മുങ്ങി.
തുടര്‍ന്ന് ബാങ്ക് മാനേജരുടെ പരാതിയില്‍ ആര്യങ്കോട് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി. യുവതി തുക മാറ്റിയ ബാങ്ക് അക്കൗണ്ടുകള്‍ പിന്തുടര്ന്ന് പാലക്കാട്, മലപ്പുറം ജില്ലകളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി കരിങ്കല്ലത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് പണമിടപാട് സ്ഥാപനത്തെയും ഇത്തരത്തില്‍ പറ്റിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു.
കൂടുതല്‍ ചോദ്യംചെയ്തതില്‍ കേരളത്തിലെ വിവിധ പ്രമുഖ പണമിടപാട് സ്ഥാപനങ്ങളിലും ഈ യുവതി ഇത്തരത്തില്‍ സമീപിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിപ്പിന് യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ആര്യന്‍കോട് എസ്എച്ച്ഒ. സാബുവിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ഐ.മാരായ പ്രവീണ്‍ കുമാര്‍, ഷീബ, സിപിഒമാരായ ജയപ്രകാശ്, അക്ഷയ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികടിയത്.
Tags : Gold-Pledge Bank Loan fraudcase NattuVishesham DistrictNews