ഓട്ടോറിക്ഷകളിൽ സുരക്ഷിത യാത്രയുടെ സന്ദേശമുയർത്തുന്ന 'സേഫ് ഓട്ടോ' സ്റ്റിക്കറുകൾ പതിപ്പിക്കുന്നു.
കണ്ണൂർ: കേരള പൊലിസ് വകുപ്പ് നടപ്പിലാക്കി വരുന്ന സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി പൊതുജന സഹകരണത്തോടെ സമൂഹത്തിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട പൊലിസ് സേവനം ലഭ്യമാക്കുന്നതിനുമായി സംഘടിപ്പിച്ച കണ്ണൂർ സിറ്റി ജില്ലാതല കൺവർജൻസ് സ്റ്റേക്ക് ഹോൾഡേഴ്സ് മീറ്റിംഗ് പൂർത്തിയായി.
കണ്ണൂർ സിറ്റി പൊലിസ് ആസ്ഥാനത്തെ പോലീസ് സഭാ ഹാളിൽ നടന്ന യോഗം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ എസിപി എം.പി. ആസാദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ ഓഫ് പൊലിസ് എൻ.പി. രാഘവൻ വിഷയാവതരണം നടത്തി.
യോഗത്തിൽ ജനമൈത്രി, ഡിജിറ്റൽ ഡിഅഡിക്ഷൻസ് സെന്റർ, ചിരി, സ്റ്റുഡൻസ് പൊലിസ് കേഡറ്റ്, സ്റ്റുഡൻസ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, സഖി തുടങ്ങിയ പൊലിസിന്റെ വിവിധങ്ങളായ സേവനങ്ങളെ പറ്റി വിശദീകരിച്ചു.
ലഹരിക്കെതിരേ നടത്തുന്ന ഓപ്പറേഷൻ തൂഫാനെക്കുറിച്ചും, കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികൾ, പാരന്റിംഗുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഉള്ള മൊബൈൽ അഡിക്ഷൻ, നിരന്തരമായി ക്ലാസ് കട്ട് ചെയ്യുന്ന കുട്ടികൾ വരുത്തുന്ന പ്രതിസന്ധികളെ പറ്റിയും കൂടാതെ വിവിധങ്ങളായ സാമൂഹിക പ്രശ്നങ്ങളെ പറ്റിയും യോഗത്തിൽ ചർച്ച നടന്നു.
‘സേഫ് ഓട്ടോ' പദ്ധതി കണ്ണൂരിൽ തുടങ്ങി
കണ്ണൂർ: സോഷ്യൽ പൊലിസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രിപൊലിസിന്റെ ആഭിമുഖ്യത്തിൽ 'സേഫ് ഓട്ടോ' പദ്ധതിക്ക് തുടക്കമായി. പൊലിസ് സഭാ ഹാളിൽ നടന്ന ചടങ്ങിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി പ്രത്യേക ബോധവത്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷ ഉറപ്പാക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, നിയമപരമായ ബാധ്യതകളെക്കുറിച്ച് അവബോധം നൽകുക, അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ പ്രതികരണം നൽകാൻ ഡ്രൈവർമാരെ സജ്ജരാക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
കണ്ണൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ടൗൺ എസ്എച്ചഒ മഹേഷ് കണ്ടബേത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് ഓട്ടോറിക്ഷകളിൽ സുരക്ഷിത യാത്രയുടെ സന്ദേശമുയർത്തുന്ന 'സേഫ് ഓട്ടോ' സ്റ്റിക്കറുകൾ പതിപ്പിച്ചു.
Tags :