കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിക്കുന്നു.
കല്ലടിക്കോട്: ഒരു നാടിന് അറിവിന്റെ വെളിച്ചം പകർന്ന അമ്പതുവർഷങ്ങളുടെ സുദീർഘമായ യാത്രയിൽ കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ചരിത്രത്തിൽ കുറിച്ചത് കാരുണ്യത്തിന്റെ ഹൃദയസ്പർശിയായ ഒരധ്യായം.
അക്ഷരങ്ങളിലൂടെ തലമുറകൾക്ക് അറിവും തിരിച്ചറിവും പകർന്നുനൽകിയ വിദ്യാലയം സുവർണജൂബിലി ആഘോഷത്തിന്റെ സ്മരണയ്ക്കായി നിർധനരായ രണ്ട് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സ്നേഹഭവനങ്ങൾ നിർമിച്ചുനൽകി.
അമ്പതോളം വ്യത്യസ്ത പരിപാടികളുമായി സംഘടിപ്പിച്ച സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങും സ്നേഹഭവനങ്ങളുടെ താക്കോൽദാനം, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. ഭാസ്കരൻ മാസ്റ്റർക്കുള്ള ആദരം എന്നിവയുടെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എംപി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങളും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കിയ പരിപാടികളും സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ അവതരിപ്പിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീലാദേവി, ബീന ജോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ഖാദർ, ഷക്കീല, കെ.രാധ, വി.കെ. ഷൈജു, മുഹമ്മദ് നവാസ്, സി.എം. നൗഷാദ്, സി.പി. സജി, പി. ശിവദാസൻ, ജയപ്രകാശ്, യൂസഫ് പാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം. ജമീർ നന്ദിയും പറഞ്ഞു.
Tags :