തിരുവനന്തപുരം: കോവളത്തെ സ്പാ പീഡന കേസിൽ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ജിമിലനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പത്ത് പേരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, വയനാട്, തമിഴ്നാട്, ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പതിനാറുകാരിയെ എത്തിച്ച് പലർക്കും കാഴ്ചവച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോവളത്തെ സ്പാ നടത്തിപ്പുകാരായ സജിത്ത്, നിഷാന്ത് എന്നിവരുമായി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോവളത്തെ ഉൾപ്പെടെയുള്ള സ്പാകളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയെ വയനാട്ടിൽ ഉൾപ്പെടെ എത്തിച്ചത് കിരണ്‍ എന്ന് പേരുള്ള വിഴിഞ്ഞം സ്വദേശിയായ യുവാവായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇയാളെ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
കൂടുതൽ പേരെ തിരിച്ചറിഞ്ഞു വരികയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
Tags : One More Arrested Nattuvishesham Districtnews