ബിജെപി നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് പൊലിസ് ബാരിക്കേഡു വച്ചു തടഞ്ഞപ്പോൾ.
നെടുമങ്ങാട്: ബിജെപി നേതാവ് യുവരാജ് ഗോകുലിനെതിരെ ജാമ്യമില്ല വകുപ്പു ചുമത്തി കേസെടുത്ത പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. കുളവിക്കോണത്തുനിന്ന് ആരംഭിച്ച മാർച്ച് ഡിവൈഎസ്പി ഓഫിസിനു മുന്നിൽ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതു നേരിയ സംഘർഷത്തിൽ കലാശിച്ചു.
നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. പോത്തൻകോട് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ. റെജികുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖല സഹപ്രഭാരി എ.ജി. ശ്രീകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഇലകമൺ സതീഷ്, ജില്ലാ സെക്രട്ടറിമാരായ സജു മുദാക്കൽ, സന്തോഷ് മടവൂർ, ജില്ലാ വൈസ് പ്രസിഡന്റ് മുരളി കൃഷ്ണൻ, ജില്ലാ സെക്രട്ടറി അനുരാജ്, മേഖലാ വൈസ് പ്രസിഡന്റ് പൂവത്തൂർ ജയൻ, പാലോട് മണ്ഡലം പ്രസിഡന്റ് മുകേഷ്, ജനറൽ സെക്രട്ടറിമാരായ വട്ടപ്പാറ ഷിജു, ദിനേശ് പോത്തൻകോട്, ബി.എസ്. പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് മുരളീധരൻ നായർ സ്വാഗതവും നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ നന്ദിയും പറഞ്ഞു.