ഇടിമിന്നലേറ്റ് കൂട്ടത്തോടെ നശിച്ച കണ്ണമ്പ്ര വാരുക്കുന്ന് പ്രതീഷിന്റെ വീട്ടുവളപ്പിലെ കവുങ്ങുകളും തെങ്ങും.
വടക്കഞ്ചേരി: ഇടിമിന്നലിൽ വീട്ടുവളപ്പിലെ കവുങ്ങുകൾ കൂട്ടത്തോടെ നശിച്ചതിന്റെ ആഘാതത്തിലും സങ്കടത്തിലുമാണ് കർഷകനായ കണ്ണമ്പ്ര വാരുക്കുന്ന് പൊരുവായ് വീട്ടിൽ പ്രതീഷും കുടുംബവും.
രണ്ടാഴ്ച മുമ്പുണ്ടായ ഇടിമിന്നലിലാണ് അടയ്ക്കാകുലകൾ നിറഞ്ഞുനിന്നിരുന്ന 28 കവുങ്ങുകൾ കൂട്ടത്തോടെ നശിച്ചത്. മിന്നലേറ്റതിന്റെ ശക്തിയിൽ കവുങ്ങുകളെല്ലാം കരിവാളിച്ച നിലയിലായി. ചില കവുങ്ങുകൾ പൊട്ടിപ്പിളർന്നു. ഇതിനിടയിലെ വാഴകൾ പിണ്ടി ഉൾപ്പെടെ കത്തുന്ന കാഴ്ചകളിപ്പോഴും മനസിൽ ഭീതി യുയർത്തുകയാണെന്ന് പ്രതീഷ് പറഞ്ഞു. രണ്ട് തെങ്ങുകളും നശിച്ചിട്ടുണ്ട്.
മിന്നലിൽ സമീപത്തെ വലിയ കൊന്നമരവും വേപ്പുമരവും പിളർന്നു. രണ്ടും ഇപ്പോൾ ഉണങ്ങി. കിണറിലേക്കുള്ള മോട്ടോർ വയറുകളും കത്തിക്കരിഞ്ഞിരുന്നു. പത്തടി മാത്രം ദൂരമുള്ള വീടിനുള്ളിലേക്ക് മിന്നൽ ഏൽക്കാഞ്ഞത് വലിയ ഭാഗ്യമായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. വൈകീട്ട് ഏഴുമണിയോടെ ചെറിയ മഴക്കൊപ്പമുണ്ടായ മിന്നലിലാണ് പേടിപ്പെടുത്തുന്ന സംഭവമുണ്ടായത്. ചുറ്റും വലിയ മരങ്ങളുള്ള പ്രദേശമാണിത്. അയൽവാസിയായ പ്രജിത്തിന്റെ വീട്ടിലെ ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രിക് സാധനങ്ങളും നശിച്ചിരുന്നു.
കൃഷിഭവനിൽനിന്ന് അസിസ്റ്റന്റ് കൃഷി ഓഫീസർ വിവേകിന്റെ നേതൃത്വത്തിൽ കൃഷിയിടത്തിൽ പരിശോധന നടത്തി. കായ്ഫലങ്ങൾ നിറഞ്ഞു തുടങ്ങിയ കവുങ്ങുകളാണ് നഷ്ടമായത്. പ്രകൃതിദുരന്തമെന്ന നിലയിൽ മതിയായ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നാണ് പ്രതീഷും കുടുംബവും ആവശ്യപ്പെടുന്നത്.
Tags : Pratheesh and his family Nattuvishesham DistrictNews