കോട്ടയം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ബോര്‍ഡുകളിലൊന്നായ വൈദ്യുതി ബോര്‍ഡില്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബറായി നിയമിതനായ കോട്ടയം ജില്ലക്കാരനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ടോമി കല്ലാനി ഗസ്റ്റ് റൂമില്‍ സംസാരിച്ചപ്പോള്‍. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ സ്വതന്ത്ര അംഗമായിട്ടാണ് ടോമി കല്ലാനിയുടെ നിയമനം. ഐഎഎസുകാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ബോര്‍ഡിലെ ഏക സ്വതന്ത്ര അംഗമാണ്. കോട്ടയം ഡിസിസി മുന്‍പ്രസിഡന്റായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ ടോമി കല്ലാനി ചുമതലയേറ്റു.
പുതിയ നിയമനത്തെ എങ്ങനെ കാണുന്നു?
സംസ്ഥാന സര്‍ക്കാരിനോടും എന്നില്‍ വിശ്വാസമര്‍പ്പിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവസരം ഒരുക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. നിയമനത്തെ ഒരു പദവിയായിട്ടല്ല, മറിച്ച് ജനങ്ങളോടും സമൂഹത്തോടും വൈദ്യുതി മേഖലയോടും നിര്‍വഹിക്കേണ്ട വലിയൊരു ഉത്തരവാദിത്വമായിട്ടാണ് ഞാന്‍ കാണുന്നത്.
ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍?
ബോര്‍ഡിന്റെ പുരോഗതിക്കും ഉപയോക്താക്കളുടെ ക്ഷേമത്തിനും കേരളത്തിന്റെ സമഗ്ര വികസനത്തിനും കഴിയുന്നത്ര ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. ജനകീയവും ജനസൗഹൃദവുമായ വൈദ്യുതി സേവനവും ജീവനക്കാരുടെ ക്ഷേമവും കാര്യക്ഷമതയും ഉറപ്പു വരുത്തും.
മുന്‍ഗണന നല്കുന്ന കാര്യങ്ങള്‍?
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യുതി സേവനം ഉറപ്പാക്കും. പരാതികള്‍ കേള്‍ക്കുകയും പ്രായോഗിക പരിഹാരങ്ങള്‍ക്കായി ഇടപെടുകയും ചെയ്യും. ബോര്‍ഡിന്റെ സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടും. വരുമാനം വര്‍ധിപ്പിക്കാനും ചെലവുകള്‍ നിയന്ത്രിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും നിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യും..
വൈദ്യുതി പ്രതിസന്ധി?
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വൈദ്യുതി നയവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യും. വൈദ്യുതി ബോര്‍ഡിനെ ആധുനികവത്കരിക്കുന്നതിനൊപ്പം ഹരിത ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഭാവിയെ മുന്നില്‍ക്കണ്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കും.
കെഎസ്ഇബിയെ ജനോപകാരപ്രദമാക്കും
സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണം ബോര്‍ഡില്‍ ഉറപ്പു വരുത്തും. പൊതുസമ്പത്തിന്റെ ശരിയായ വിനിയോഗത്തിനും നല്ല ഭരണനിര്‍വഹണത്തിനും ശ്രമം നടത്തും. കെഎസ്ഇബി ഓഫീസുകളെ ജനോപകാരപ്രദമാക്കും. പൊതുജനങ്ങളുമായുള്ള ജീവനക്കാരുടെ സമ്പര്‍ക്കം സൗഹാര്‍ദപരവും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന രീതിയിലുമാക്കും. എല്ലാറ്റിനുമുപരിയായി സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങള്‍ക്കും ബോര്‍ഡിന്റെ പുരോഗതിക്കും പൊതുജനക്ഷേമത്തിനും ഇടയില്‍ ഫലപ്രദമായ ഏകോപനം സാധ്യമാക്കും.
Tags :