മാനന്തവാടി: സൗഹൃദം നടിച്ച് 85കാരിയുടെ കമ്മൽ വലിച്ചുപറിച്ച് കവർന്നയാൾ പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ സനീഷ് തോമസാണ്(46) അറസ്റ്റിൽ.
അയൽവാസിയായ വയോധികയുടെ ഇടതുകാതിലെ അര പവൻ വരുന്ന കമ്മലാണ് പ്രതി കവർന്നത്. ടൗണിലെ ജ്വല്ലറിയിൽ വിറ്റ കമ്മൽ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ 17ന് വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം.
വീട്ടിലെത്തി കുശലാന്വേഷണം നടത്തുന്നതിനിടെ സനീഷ് വയോധികയെ കെട്ടിപ്പിടിക്കുകയും രണ്ടു ചെവിയിലും പിടിച്ചുവലിക്കുകയും ചെയ്തിരുന്നു. സനീഷ് പോയശേഷം ചെവിയിൽ വേദനയനുഭവപ്പെട്ടത് വയോധിക മരുമകളെ അറിയിച്ചു. അവർ പരിശോധിച്ചപ്പോഴാണ് ഇടതുകാതിലെ കമ്മൽ നഷ്ടമായെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്ഐ റെജി സ്കറിയയാണ് കേസ് അന്വേഷിച്ചത്.