കണ്ണൂർ ജില്ലയുടെ ജലവിതരണ സംവിധാനം അവലോകനം ചെയ്യുന്ന യോഗത്തിൽ ജലവിഭവമന്ത്രി മോന്‍സ് ജോസഫ് സംസാരിക്കുന്നു.
കണ്ണൂർ: എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലവിഭവമന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥപ്രതിനിധികളുമായി കണ്ണൂർ ജില്ലയുടെ ജലവിതരണ സംവിധാനം അവലോകനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജലവിഭവ വകുപ്പില്‍ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ സംവിധാനങ്ങള്‍ പുനഃക്രമീകരിക്കും. എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ടുളള സമ്പൂര്‍ണ ജലനയമാണ് ലക്ഷ്യം. സംസ്ഥാന തലത്തിലുള്ള വാട്ടര്‍ കോൺക്ലേവ് ഇതിന്റെ ഭാഗമായി നടത്തും-മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഒട്ടേറെ പദ്ധതികള്‍ ജലവിഭവ വകുപ്പിന് കീഴില്‍ പുരോഗമിക്കുകയാണ്. പ്രാദേശികമായി ഏറ്റവും ആവശ്യമുള്ളതിനെ മുന്‍ഗണന നല്കി പരിഗണിക്കണം. ഇവയെല്ലാം കാലതാമസമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സബ് ഡിവിഷന് ആവശ്യമുള്ള സ്ഥലങ്ങളില്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജലവിഭവ വകുപ്പ് ജനസേവന വകുപ്പായി മാറണം. അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. ഇത് മുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ചെറുതല്ല. ഈ സാഹചര്യങ്ങളിലാണ് ഉപയോക്താക്കള്‍ ജല അഥോറിറ്റിയിലേക്ക് വിളിക്കുന്നത്. ഈ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണം. ഒരു തരത്തിലുള്ള അഴിമതിയും വകുപ്പില്‍ വച്ചുപൊറുപ്പിക്കില്ല.
സത്പേരുള്ള വകുപ്പായി ജലവിഭവ വകുപ്പിനെ മാറ്റണം അദ്ദേഹം കൂട്ടിച്ചേർത്തു. ജല അഥോറിറ്റി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പഴശി ഇറിഗേഷന്‍, ഭൂഗര്‍ഭ ജലവിഭവകുപ്പ്, ഹ്രൈഡ്രോളജി വിഭാഗം, ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം തലത്തില്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി പദ്ധതികളുടെ പുനരവലോകന യോഗംചേരുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
Tags : New Water Policy to be Formulated in the State NattuVishesham DistrictNews