വഴിയരികിൽ തള്ളുന്ന മാലിന്യം കടിച്ചുവലിക്കുന്ന തെരുവുനായ്ക്കൾ.
കൈപ്പറമ്പ്: കൈപ്പറമ്പ് -തലക്കോട്ടുകര റോഡിൽ രണ്ടാം വാർഡ് പരിധിയിലെ റോഡരികിലുള്ള പൊന്തക്കാടുകളിൽ മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമാകുന്നു. ഭക്ഷണാവശിഷ്ടങ്ങൾ, ഇറച്ചി മാലിന്യങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവയാണ് ദിവസേന ഇവിടെ തള്ളുന്നത്.
മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കൾ ഇവ റോഡിലേക്ക് വലിച്ചിഴച്ച് ചിതറിക്കുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ദുർഗന്ധത്തിന് പുറമെ തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണിയും പ്രദേശത്ത് രൂക്ഷമാണ്. ഈ പ്രശ്നത്തിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും എത്രയും വേഗം ശാശ്വത പരിഹാരമുണ്ടാകണമെന്നും, രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : Waste and stray dogs along the roadside NattuVishesham DistrictNews